വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലെന്ന് സാദിഖലി തങ്ങള്‍; 'മുഖ്യമന്ത്രി കൊണ്ടു നടക്കുന്നത് എന്തിനെന്ന് അറിയില്ല'; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്‍
വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലെന്ന് സാദിഖലി തങ്ങള്‍; 'മുഖ്യമന്ത്രി കൊണ്ടു നടക്കുന്നത് എന്തിനെന്ന് അറിയില്ല'
കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടെകൊണ്ടു നടക്കുന്നതിനോട് പ്രതികരിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍കയറ്റി നടക്കുന്നത് എന്തുകൊണ്ടാണ് തനിക്കറിയില്ലെന്നും താന്‍ ഏതായാലും അദ്ദേഹത്തെ കാറില്‍ കയറ്റില്ലെന്നും സാദിഖലി തങ്ങള്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തെ തള്ളിക്കളയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തയ്യാറാകാത്ത ഘട്ടത്തിലാണ് സാദിഖലിയുടെ പ്രതികരണം. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. വെള്ളാപ്പള്ളി മറുപടി അര്‍ഹിക്കുന്നില്ല എന്നത് ജനങ്ങള്‍ തെളിയിച്ചതാണ്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരുടെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി വിഷയത്തിലെ വി.ഡി. സതീശന്റെ ഇന്നലത്തെ പ്രതികരണം. ലീഗ് കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ എത്ര ഹീനമായ വര്‍ഗീയതയാണ് പറയുന്നതെന്നും സതീശന്‍ പറഞ്ഞു.
സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ പ്രചരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് എല്ലാ പറയുന്നത്. ഇതെല്ലാം പറഞ്ഞതിന്റെ പിറ്റേ ആഴ്ചയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ചത്. മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നവരാണ് വര്‍ഗീയ പ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും കേരളത്തില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ നാവായാണ് മറ്റു ചിലര്‍ ഇതൊക്കെ പറയുന്നത്. കേരളത്തില്‍ വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്താനാണ് ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒമ്പതു വര്‍ഷം കൊണ്ട് തങ്ങളുടെ മതത്തിനുണ്ടായ നഷ്ടം വെട്ടിപ്പിടിക്കാന്‍ അധികാരത്തിലേറിയേ തീരൂ എന്ന് ലീഗ് നേതാക്കള്‍ തന്നെ ആഹ്വാനം ചെയ്തിരിക്കുകയാണെന്നാണ് 'യോഗനാദം' മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളി പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ മുന്നില്‍ നിറുത്തി അധികാരമേറി ലീഗിന്റെ മതഭരണം നടപ്പാക്കാമെന്നാണ് അവര്‍ സ്വപ്നം കാണുന്നത്. ഇടതു സര്‍ക്കാര്‍ തന്നെ മൂന്നാമതും ഭരണമേറുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ലീഗിന്റേത് ദിവാസ്വപ്നമായി അവശേഷിക്കും. കേരളത്തിലെ ന്യൂനപക്ഷ പ്രീണനങ്ങളെ എസ്.എന്‍.ഡി.പി യോഗം എതിര്‍ത്തിട്ടുണ്ട്. നാളെയും എതിര്‍ക്കും.
ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളോ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളോ ആണ് മുഖ്യമന്ത്രിയുടെ വാഹനത്തില്‍ കയറിയതെങ്കില്‍ ഇങ്ങനെയൊരു ചര്‍ച്ചയോ ചാനല്‍ പരിഹാസങ്ങളോ ഉണ്ടാകുമായിരുന്നില്ല. ഒരു തലമുതിര്‍ന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറില്‍ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീര്‍ക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതും.
പിന്നാക്ക സമുദായത്തിന്റെ വളര്‍ച്ചയും അവര്‍ക്കു ലഭിക്കുന്ന അംഗീകാരവും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിന്റെ വേദനയായി മാത്രമേ ഈ വിദ്വേഷ പ്രചാരണത്തെ കാണാനാകൂ. സ്വന്തം മതത്തിനു വേണ്ടി മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മഹാന്മാരാണ് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത്. മലപ്പുറത്തെ പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള തന്റെ പ്രസംഗവും മുസ്‌ലിം ലീഗ് നേതാക്കളുടെ സ്വമത സ്നേഹത്തെക്കുറിച്ചുള്ള വിമര്‍ശനവും ഇതിനൊക്കെ ആക്കം കൂട്ടിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
