'ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ അത് കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതം'; ന്യായീകരണ പടയാളികൾ പടച്ചുവിടുന്ന ചോദ്യത്തോട് ഒന്നേ പറയാനുള്ളൂ; കുറിപ്പുമായി സജന ബി. സാജൻ
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ. രാഹുലിനെ 'ഉന്നത സ്ഥാനീയനായ സൈക്കോ' എന്ന് വിശേഷിപ്പിച്ച സജന, "ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, മൂന്നാണെങ്കിൽ അത് മാനസിക വൈകൃതമാണ്. തുടരെത്തുടരെ ബലാത്സംഗം ചെയ്യുന്നത് മാനസിക വൈകൃതമാണ്" എന്ന് ഫേസ്ബുക്കിൽ കുറിച്ചു. ഇതിനിടെ, രാഹുൽ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദങ്ങളെ തള്ളി അതിജീവിതയുടെ മൊഴിയും പുറത്തുവന്നു.
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് നേതാക്കളുടെ സംരക്ഷണമില്ലെന്നും അതിജീവിതമാർക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സജന ബി. സാജൻ വ്യക്തമാക്കി. സ്ത്രീപക്ഷ നിലപാട് എടുത്തതിന്റെ പേരിൽ പാർട്ടിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സജന ബി സാജന്റെ കുറിപ്പ്:
അതീവ ഗൗരവമുള്ള വിഷയങ്ങളിൽ പ്രതികരിക്കുക എന്നത് ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ടാണ് ഇന്നലെകളിലും ഇന്നും പ്രതികരിക്കുന്നത്. കൊടുംക്രൂരതയ്ക്ക് ഇതല്ലാതെ മറ്റെന്താണ് പറയേണ്ടത്. ഒന്നാണെങ്കിൽ അത് അബദ്ധം, രണ്ടാണെങ്കിൽ അത് കുറ്റം. തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരം.. ചെന്നതുകൊണ്ടല്ലേ സംഭവിച്ചത് എന്ന ന്യായീകരണ പടയാളികൾ പടച്ചുവിടുന്ന ചോദ്യത്തോട് ഒന്നേ പറയാനുള്ളൂ
"മിട്ടായി നൽകി കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന സൈക്കോ പാത്തുക്കളെ തിരിച്ചറിയാൻ കഴിയാത്ത നാട്ടിൽ പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് ഈ പെൺകുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുക?"
സ്ത്രീ പക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ പാർട്ടിയിൽ ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പറയുന്നത് ശരിയുടെ ബോധ്യമാണ് എന്ന തിരിച്ചറിവ് തന്നെയാണ് ആശ്വാസം.. അതിജീവിതമാരെ നിങ്ങൾ പോരാടുക...നിങ്ങൾ പോരാടുന്നത് ഇപ്പോൾ ഒരു കോൺഗ്രസ് നേതാവിനോടല്ല...
അവർക്ക് എന്റെ നേതാക്കളുടെ സംരക്ഷണമില്ല... അവർക്ക് സംരക്ഷണം നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ലക്ഷ്യങ്ങൾ ഉണ്ടാകും... രാഹുൽ മങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കുന്നവരെ സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് നമുക്കറിയാം.. എന്നാൽ എല്ലാപേരെയും ആ കണ്ണോടെ കാണരുത്... യൂത്ത് കോൺഗ്രസ് സ്ത്രീപക്ഷ നിലപാടിൽ തന്നെയാണ്...
തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പോലീസ് ഉന്നയിച്ച ബലാത്സംഗ ആരോപണങ്ങളെ രാഹുൽ പൂർണ്ണമായും തള്ളി. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയിലാണ് സൗഹൃദം ആരംഭിച്ചത്. അവർ വിവാഹിതയാണെന്ന് അറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണ് നിലവിലെ പരാതിക്ക് പിന്നിലെന്നും രാഹുൽ വാദിക്കുന്നു. ഹോട്ടൽ മുറി ബുക്ക് ചെയ്തത് പ്രായപൂർത്തിയായ പരാതിക്കാരിയാണെന്നും, ഗുണദോഷങ്ങൾ അറിയാവുന്ന അവർ സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ എത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, എസ്.പി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ അതീവരഹസ്യമായി നടത്തിയ അന്വേഷണത്തിൽ യുവതി നൽകിയ മൊഴി പുറത്തുവന്നു. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങൾ പറഞ്ഞ് തുടങ്ങിയ സൗഹൃദം വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിലേക്ക് നീങ്ങുകയായിരുന്നു. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ചുവെന്നും, പിന്നീട് അടിവസ്ത്രങ്ങൾ വരെ വാങ്ങിപ്പിച്ചു എന്നും യുവതി മൊഴി നൽകി. പീഡനത്തെത്തുടർന്ന് ഗർഭിണിയായപ്പോൾ രാഹുൽ അപമാനിക്കുകയും ഡി.എൻ.എ. പരിശോധനയ്ക്ക് സഹകരിക്കാതിരിക്കുകയും ചെയ്തു. ഇതിനിടെ ഗർഭം അലസിപ്പോയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
