ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്; സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോയി; സിപിഎമ്മിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന

സിപിഎമ്മിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന

Update: 2025-07-07 12:14 GMT

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കവചം ഒരുക്കാന്‍ സിപിഎം പാടുപെടുന്നതിനിടെ പാര്‍ട്ടിയെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സയില്‍ മരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും തന്റെ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന ന്യായീകരണത്തിനിടെ ആയിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.

സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും പോകും. സാധാരണക്കാരും പോകും. അല്ലാത്തവരും പോകും. ഞാന്‍ പോയത് മെഡിക്കല്‍ കോളേജിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലര്‍ സ്വകാര്യ ആശുപത്രിയില്‍ പോകും. 2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ അമൃതയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ 14 ദിവസം ബോധമില്ലായിരുന്നു. ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്, എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

കൂടുതല്‍ സാങ്കേതിക വിദ്യകളുള്ള സ്വകാര്യ ആശുപത്രികളുണ്ട്. അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്നുകാണില്ല. കാരണം കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥാപനമെന്ന നിലയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ അതിന്റെ ടെക്നോളജികളും സാമ്പത്തികമായ സഹായങ്ങളും കുറവായിരിക്കും. ഒരു സ്വകാര്യ ആശുപത്രിയില്‍ കൂടുതല്‍ ടെക്നോളജി വരും. അപ്പോള്‍ കൂടുതല്‍ ചികിത്സ അവിടെകിട്ടും. അപ്പോള്‍ അങ്ങോട്ടു പോകണമെന്നും സജി ചെറിയാന്‍ പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ അത്താണിയാണെന്നും വീണ ജോര്‍ജിനെ എതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കമെന്നാണ് സജി ചെറിയാന്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണെന്നും പ്രതിപക്ഷത്തിന് വട്ടു പിടിച്ചെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണ്. എല്‍ഡിഎഫ് മൂന്നാമത് അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളം ആണ് യുഡിഎഫിന്. വീണ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സിപിഎം സംരക്ഷിക്കുമെന്നും അതിന്റെ തെളിവാണ് നേതാക്കന്മാര്‍ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News