'ആന മദിച്ചിട്ട് കുലുങ്ങാത്തത് കോഴി ചെനച്ചിട്ട് കുലുങ്ങില്ല, അന്‍വര്‍ ചെയ്തത് ഒറ്റുകാരന്റെ ജോലി'; നിലമ്പൂര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍

'ആന മദിച്ചിട്ട് കുലുങ്ങാത്തത് കോഴി ചെനച്ചിട്ട് കുലുങ്ങില്ല

Update: 2024-09-27 06:16 GMT

തിരുവനന്തപുരം: ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി അന്‍വര്‍ ചെയ്തതെന്ന് മന്ത്രി സജി ചെറിയാന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. സാമൂഹിക പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല, അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയ ജല്‍പനങ്ങള്‍.

വര്‍ഗശത്രുക്കള്‍ക്ക് വേണ്ടിയാണ് അന്‍വര്‍ പണിയെടുക്കുന്നതെന്ന് വ്യക്തമാണ്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലും കാത്തുനില്‍ക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. എല്ലാ തെറ്റായ പ്രവണതകള്‍ക്കുമെതിരെ പൊരുതി പോരാട്ടങ്ങള്‍ നയിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. അസംഖ്യം പോരാട്ടങ്ങളിലൂടെ രക്തസാക്ഷികള്‍ ജീവന്‍ നല്‍കി ഊട്ടിയുറപ്പിച്ച അടിത്തറയിലാണ് പാര്‍ട്ടി നിലകൊള്ളുന്നത്.

ആ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് സഖാവ് പിണറായി വിജയന്‍. ആര്‍.എസ്.എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലക്ക് വിലയിടുകയും ചെയ്തയാളാണ് അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സംഘ്പരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്നോര്‍ക്കണം. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാന്‍ പോകുന്നില്ലെന്നും സജി ചെറിയാന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പി.വി അന്‍വറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ. ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി അന്‍വര്‍ ചെയ്തത്. അദ്ദേഹത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല. അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ പത്രസമ്മേളനത്തില്‍ നടത്തിയ ജല്പനങ്ങള്‍. ഇക്കാര്യത്തില്‍ ഇതുവരെയുള്ള അയാളുടെ നിലപാടുകളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും വര്‍ഗശത്രുക്കള്‍ക്ക് വേണ്ടിയാണ് അന്‍വര്‍ പണിയെടുക്കുന്നത് എന്ന് വ്യക്തമാണ്.

അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള പരാതികളിന്മേല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ ?ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലും കാത്ത് നില്‍ക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെയൊരു അന്വേഷണം നടക്കുമ്പോള്‍ അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്? എന്തിനാണ് സി.പി.ഐ.എമ്മിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്?

എല്ലാ തെറ്റായ പ്രവണതകള്‍ക്കുമെതിരെ പൊരുതി പോരാട്ടങ്ങള്‍ നയിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും പ്രതീക്ഷയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അസംഖ്യം പോരാട്ടങ്ങളിലൂടെ രക്തസാക്ഷികള്‍ ജീവന്‍ നല്‍കി ഊട്ടിയുറപ്പിച്ച അടിത്തറയിലാണ് പാര്‍ട്ടി നിലകൊള്ളുന്നത്.

വര്‍ഗീയതയോടും ഒരു തരത്തിലുള്ള വലതുപക്ഷ നിലപാടുകളോടും സന്ധിയില്ലാ സമരം നയിച്ചു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണിത്. ആ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് സ: പിണറായി വിജയന്‍. ആര്‍.എസ്.എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലക്ക് വിലയിടുകയും ചെയ്തയാളാണ് അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സംഘ്പരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്നോര്‍ക്കണം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ അവരുടെ പ്രതീക്ഷയായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ?ഗവണ്‍മെന്റിന് എതിരായി കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങളെയും അതുമായി വരുന്നവരെയും അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാന്‍ പോകുന്നില്ല.

Tags:    

Similar News