പി.ശശിയെ വിശ്വസിച്ചാണ് ചുമതല നല്‍കിയിട്ടുള്ളത്; ഞങ്ങള്‍ക്ക് ശശിയെ അറിയാം; പൊളിറ്റിക്കല്‍ സെക്രട്ടറിയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍
പി.ശശിയെ വിശ്വസിച്ചാണ് ചുമതല നല്‍കിയിട്ടുള്ളത്; ഞങ്ങള്‍ക്ക് ശശിയെ അറിയാം
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ പിന്തുണച്ചും പുകഴ്ത്തിയും മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രിയെ ചതിക്കാനല്ല, സംരക്ഷിക്കാനാണ് പി.ശശി അവിടെ ഇരിക്കുന്നതെന്നു സജി ചെറിയാര്‍ പറഞ്ഞു. പി വി അന്‍വര്‍ ശശിക്കെതിരെ ആരോപണങ്ങളുമായി രംഗത്തു വരുമ്പോഴാണ് മന്ത്രി പിന്തുണയുമായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
''പി.ശശിയെ വിശ്വസിച്ചാണ് ചുമതല നല്‍കിയിട്ടുള്ളത്. ഞങ്ങള്‍ക്ക് ശശിയെ അറിയാം. സിപിഎം സംസ്ഥാന നേതൃത്വമാണ് പി.ശശിക്ക് ചുമതല നല്‍കിയത്, മുഖ്യമന്ത്രിയല്ല. അദ്ദേഹം അന്തസ്സായി പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയോട് പറഞ്ഞാല്‍ പാര്‍ട്ടി പരിശോധിക്കും. അത് കേള്‍ക്കാതെ അതിന് മുന്‍പ് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല'' സജി ചെറിയാന്‍ പറഞ്ഞു.
പി.ശശിക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പി.വി.അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഒരു കക്ഷിക്കൊപ്പം നിന്ന് ശശി ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങുന്നതായും പരാതിയിലുണ്ട്.