ചെല്ലുന്നിടത്തെല്ലാം ആളു കൂടുന്നു; കോണ്‍ഗ്രസില്‍ താരമായി സന്ദീപ് വാര്യര്‍; വന്ദേഭാരതില്‍ വന്നിറങ്ങിയ വാര്യര്‍ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും വന്‍ സ്വീകരണം; അതേ ട്രെയിനില്‍ സുരേന്ദ്രനും; എന്നെ ഭയന്നിട്ടാണോ കെ സുരേന്ദ്രന്‍ രാത്രി സ്റ്റേഷനിലേക്ക് ആളെ വിളിച്ചുവരുത്തിയതെന്ന് സന്ദീപ്

ചെല്ലുന്നിടത്തെല്ലാം ആളു കൂടുന്നു; കോണ്‍ഗ്രസില്‍ താരമായി സന്ദീപ് വാര്യര്‍

Update: 2024-12-04 11:03 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ പുതിയ താരമായി മാറുകയാണ് സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞടുപ്പിനിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപിന് യുഡിഎഫില്‍ ഊഷ്മള സ്വീകരണാണ് ലഭിച്ചത്. ബിജെപിയുടെ വിദ്വേഷ വഴികളെ തള്ളിക്കളയുന്നു എന്നു പറഞ്ഞാണ് സന്ദീപ് യുഡിഎഫ് അണികളെ കൈയിലെടുത്തത്. ഇപ്പോള്‍ സന്ദീപ് ചെല്ലുന്നിടത്തെല്ലാം താരമാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് അണികളും അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും ചെയ്യുന്നു. ബിജെപിക്കുള്ളിലെ സുരേന്ദ്രന്‍ വിരുദ്ധ വിഭാഗത്തിന്റെ മാനസിക പിന്തുണയും സന്ദീപിന് ലഭിക്കുന്നുണ്ടെന്നതാണ് വാസ്തവം. കോണ്‍ഗ്രസ് വേദികളിലും സന്ദീപ് വാര്യര്‍ക്ക് ഇടം ലഭിക്കുന്നുണ്ട്. ഇതിനിടെ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്ത വേദിയിലും സന്ദീപിന് മുന്‍നിരയില്‍ ഇരിപ്പിടവും ലഭിച്ചു. കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുകയാണ് സന്ദീപ് ഇപ്പോള്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതും കോണ്‍ഗ്രസുകാര്‍ ആഘോഷമാക്കിയിരുന്നു. ഇതിനായി തലസ്ഥാനത്തേക്ക് എത്തിയപ്പോഴും താരമായി മാറിയത് സന്ദീപായിരുന്നു. ഇന്നലെ വന്ദേഭാരത് ട്രെയിനില്‍ വന്നിറങ്ങിയ സന്ദീപിന് തലസ്ഥാന റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം ലഭിച്ചു. ഇതേ ട്രെയിനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉണ്ടായിരുന്നു. എന്നാല്‍, സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടം പൊതിഞ്ഞത് സന്ദീപിനെയാണ്.

ബിജെപി അധ്യക്ഷനെയും ബിജെപിയെയും വിമര്‍ശിച്ചു കൊണ്ടാണ് സന്ദീപ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടംപിടിക്കുന്നതും. പടപേടിച്ച് പാലക്കാട്ടുനിന്ന് ഓടി പന്തളത്തുപോയപ്പോള്‍ അവിടെ പന്തംകൊളുത്തിപ്പട എന്നതാണ് ബി.ജെ.പിയുടെ അവസ്ഥയെന്ന് ഇന്ന് തിരുവനന്തപുത്ത് വെച്ച് സന്ദീപ് പറഞ്ഞു. പന്തളം മുന്‍സിപ്പാലിറ്റിയില്‍ ബി.ജെ.പി. നേരിടുന്ന ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. പാലക്കാട്ടെ സ്ഥാനാര്‍ഥിയായിരുന്ന സി. കൃഷ്ണകുമാറിനായിരുന്നു പന്തളം മുന്‍സിപ്പാലിറ്റിയുടെ സംഘടനാചുമതല. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം തിരുവനന്തുപരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വെറും പ്രാദേശിക നേതാവ്, ചീള് കേസ്, ഒന്നും ചെയ്യാന്‍ പറ്റാത്ത ആള്‍, 190 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ മാത്രം എന്നിങ്ങനെയാണ് പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ വിശേഷിപ്പിച്ചത്. ആ തന്നെ എന്തിനാണ് സുരേന്ദ്രനും സംഘവും ഭയക്കുന്നതെന്ന് സന്ദീപ് ചോദിച്ചു. ഒരു ഫ്ളെക്സ് ബോര്‍ഡില്‍ പോലും സുരേന്ദ്രന്‍ തന്നെ ഭയക്കുകയാണോയെന്നും സന്ദീപിനെ സ്വാഗതം ചെയ്തുകൊണ്ട് തിരുവനന്തപുരത്ത് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു.

സന്ദീപ് വാര്യരുടെ വാക്കുകള്‍:

ഞാന്‍ ഷൊര്‍ണൂരില്‍നിന്ന് വന്ദേഭാരതില്‍ കയറിയപ്പോള്‍ പ്രതിപക്ഷനേതാവും ഷാഫി പറമ്പിലും കൂടെയുണ്ടായിരുന്നു. ഞാന്‍ മുമ്പ് പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റും ആ ട്രെയിനില്‍, എന്റെ തൊട്ടടുത്ത് ഉണ്ടെന്ന് ഞാന്‍ അറിയുന്നത് പിന്നീടാണ്. ഞാന്‍ ഇന്നലെ റെയില്‍വേ സ്റ്റേഷനില്‍ വന്ന് ഇറങ്ങിയ സമയത്ത് കണ്ടത്, ബി.ജെ.പിയുടെ നിരവധി പ്രവര്‍ത്തകരെ സംസ്ഥാന പ്രസിഡന്റ് ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയിരിക്കുകയാണ്. കേവലമൊരു പ്രാദേശിക നേതാവായ എന്നെ ഭയന്നിട്ടാണോ സംസ്ഥാന പ്രസിഡന്റ് ഇത്രയും ആളുകളെ രാത്രി റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് എന്നെനിക്ക് മനസിലായില്ല.

രാത്രി എന്നെ ട്രെയിനില്‍ കണ്ടശേഷം, പാനിക് മോഡില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ വിളിച്ചുവരുത്താന്‍ കാണിച്ച അദ്ദേഹത്തിന്റെ കര്‍മകുശലത പാലക്കാട് കാണിച്ചിരുന്നെങ്കില്‍ തോല്‍വിയുടെ ആഘാതം കുറച്ചുകൂടെ കുറയ്ക്കാമായിരുന്നു. അദ്ദേഹത്തിനൊരു പ്രതിസന്ധിയും പ്രയാസവും വരുമ്പോള്‍ സഹപ്രവര്‍ത്തകരെ ഓര്‍മിക്കും, ഫോണില്‍ വിളിക്കും. അല്ലെങ്കില്‍ ഒരാളേയും പരിഗണിക്കാത്ത സംസ്ഥാന പ്രസിഡന്റാണ്. ഇന്നലെ രാത്രി എന്നെ ട്രെയിനില്‍ കണ്ടതോടുകൂടി വല്ലാതെ പരിഭ്രമിച്ച് വളരെ അവശനായ അദ്ദേഹം, തിരുവനന്തപുരത്തെ ജീവിച്ചിരിക്കുന്ന മുഴുവന്‍ ബി.ജെ.പി. പ്രവര്‍ത്തകരേയും ഫോണ്‍ചെയ്ത് സഹായം അഭ്യര്‍ഥിച്ചു എന്നാണ് ഞാന്‍ മനസിലാക്കിയത്.

ഒരു ഫ്ളെക്സ് ബോര്‍ഡില്‍ പോലും എന്നെ ഭയക്കുകയാണോ സുരേന്ദ്രന്‍. ഞാന്‍ വെറും പ്രാദേശിക നേതാവല്ലേ, ചീള് കേസല്ലേ, ഒന്നും ചെയ്യാന്‍ പറ്റാത്ത ആളല്ലേ, 190 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ മാത്രമായിരുന്ന എന്നെ എന്തിനാണ് കെ. സുരേന്ദ്രനും അദ്ദേഹത്തിന്റെ സംഘങ്ങളും ഭയക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്തായാലും ആ ഭയം നല്ലതാണ്. പട പേടിച്ച് പാലക്കാട്ടുനിന്ന് ഓടി പന്തളത്തുപോയപ്പോള്‍ അവിടെ പന്തംകൊളുത്തി പട എന്നതാണ് അവസ്ഥ. പാലക്കാട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാന് തന്നെയാണ് പന്തളം മുന്‍സിപ്പാലിറ്റിയുടേയും ചുമതലയുള്ളത്. അപ്പോള്‍ നടക്കുന്ന കാര്യങ്ങളൊക്കെ സ്വാഭാവികം മാത്രമാണ്.

Tags:    

Similar News