ഓട്ടോറിക്ഷയില്‍ സിപിഎം ഓഫീസിലേക്ക് വന്നിറങ്ങിയ സരിനെ സ്വീകരിച്ചു നേതാക്കള്‍; 'സഖാവേ' എന്നു വിളിച്ച് പ്രവര്‍ത്തകരുടെ സ്വാഗതമോതല്‍; ചുവന്ന ഷാള്‍ അണിയിച്ച് എ കെ ബാലന്‍; പാര്‍ട്ടി ചിഹ്നം നല്‍കേണ്ടെന്ന് തീരുമാനം; കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്ന് പ്രതീക്ഷയില്‍ സിപിഎം
ഓട്ടോറിക്ഷയില്‍ സിപിഎം ഓഫീസിലേക്ക് വന്നിറങ്ങിയ സരിനെ സ്വീകരിച്ചു നേതാക്കള്‍
പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്താക്കിയ പി. സരിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ തന്നെ സിപിഎം തീരുമാനം. ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സരിന്‍ മത്സരിക്കുക. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് സരിന്റെ പേര് ഐകകണ്ഠ്യേന പാസാക്കി. സരിന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വരെ ചോര്‍ത്താന്‍ കഴിയുമെന്ന വിലയിരുത്തലും സെക്രട്ടേറിയറ്റിലുണ്ടായി. ജില്ലാ കമ്മറ്റിയിലും അവതരിപ്പിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. പാര്‍ട്ടി ചിഹ്നമില്ലാതെ ഇടത് സ്വതതന്ത്രനായാകും മത്സരിക്കുക. സംസ്ഥാന കമ്മിറ്റി യോഗമാണ് പാര്‍ട്ടി ചിഹ്നം വേണ്ടെന്ന് തീരുമാനിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് സരിന്‍ എത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ സിപിഎം ഓഫീസിലേക്ക് വന്നിറങ്ങിയ സരിനെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. 'സഖാവേ' സ്വാഗതം എന്നു വിളിച്ച് പ്രവര്‍ത്തകരുടെ സ്വാഗതമോതി. സരിന് സിന്ദാബാദ് വിളികളും മുഴങ്ങി. തുടര്‍ന്ന് പാര്‍ട്ടി ഓഫീസിലേക്ക് ആനയിച്ചു. മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ ചുവന്ന ഷാള്‍ അണിയിച്ചാണ് സരിനെ സ്വീകരിച്ചത്.
പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടുന്ന സകല ഡീലും ഉറപ്പിച്ച് വച്ചിരിക്കുന്നവരോടുള്ള മറുപടിയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് സരിന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഇടത് സ്ഥാനാര്‍ഥിയാകാനുള്ള ലക്ഷ്യം വിദൂരതയില്‍ പോലുമില്ലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിലേക്ക് നയിച്ചതാണ്. മൂന്നാം സ്ഥാനത്ത് നിന്ന് എല്‍.ഡി.എഫിനെ ഒന്നാം സ്ഥാനത്തെത്തിക്കും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധഃപതനത്തെ അടയാളപ്പെടുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. അധികാരമാണ് രാഷ്ട്രീയമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയായിരിക്കുമിത്.
ബി.ജെ.പി പാലക്കാട് ജയിക്കുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്കുള്ള സമാശ്വാസ ജയമായിരിക്കും ഇത്. വ്യക്തിപരമായ ആക്രമണം സൈബര്‍ ഇടത്തിലുള്‍പ്പടെ നേരിട്ടുകൊണ്ടിരിക്കുകയാണ്'. തന്റെ പഴയ ഫെയ്സ്ബുക്കള്‍ കുത്തിപ്പൊക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പരിഹാസ്യരാവുകയാണെന്നും സരിന്‍ പറഞ്ഞു.
യുഡിഎഫ് പക്ഷത്തെ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയും എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സരിന്‍ ഉയര്‍ത്തുന്ന ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് സിപിഎം അണികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് പി. സരിന്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും, പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയശേഷമാണ് സരിന്‍ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്.
രാഷ്ട്രീയമായി ബിജെപിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ്. അതിന് സ്ഥാനാര്‍ത്ഥിത്വത്തിന്റെ നിറം നല്‍കേണ്ടതില്ല. തന്നെ സ്ഥാനാര്‍ത്ഥിയാക്കേണ്ട കാര്യത്തില്‍ സിപിഎമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവര്‍ സംഘമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സരിന്‍ പറഞ്ഞിരുന്നു. പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു തന്നെ ഫോണില്‍ ബന്ധപ്പെട്ട് പാലക്കാട് മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചതായും സരിന്‍ വെളിപ്പെടുത്തിയിരുന്നു.
സരിനെ ഫോണില്‍ ബന്ധപ്പെട്ട കാര്യം സുരേഷ് ബാബുവും സ്ഥിരീകരിച്ചിരുന്നു.അതേസമയം സരിനെ പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഒരു വിഭാഗം സിപിഎം നേതാക്കള്‍ക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷം ഉയരുന്നുണ്ട്. പാര്‍ട്ടി നേതാക്കളെ തള്ളി മറ്റു പാര്‍ട്ടികളില്‍ നിന്നെത്തുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ പിവി അന്‍വറിന്റെ അനുഭവം ഉണ്ടാകുമെന്നാണ് ഇവരുടെ വാദം.കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായ സിപിഎമ്മിനെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്.
രാഷ്ട്രീയമായ മുന്നേറ്റം നടത്താനായില്ലെങ്കില്‍ പാലക്കാട് കോട്ടയില്‍ ഇനിയൊരു തിരിച്ചുവരവ് അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് നേതൃത്വത്തിനും ബോധ്യമുണ്ട്. അതിനിടെയാണ് കോണ്‍ഗ്രസ് വിട്ടുവന്ന സരിനെ സ്ഥാനാര്‍ത്ഥിക്കുന്നത്. അന്‍വറിന്റെ അനുഭവം മുന്നിലുള്ളപ്പോള്‍ നേതൃത്വം ഇക്കാര്യത്തില്‍ ജാഗ്രത കാട്ടണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ പഞ്ചായത്തംഗം സഫ്ദര്‍ ഷെറീഫ് എന്നിരെയാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചിരുന്നത്. വിജയസാദ്ധ്യത കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേര്‍ന്ന് കെ.ബിനുമോളെ പരിഗണിക്കണമെന്ന് ഏറ്റവുമൊടുവില്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനിടെയായിരുന്നു സരിന്റെ രംഗപ്രവേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥിനായി കാത്തിരുന്ന സിപിഎം ഒടുവില്‍ സിപി പ്രമോദിനെ രംഗത്തിറക്കിയെങ്കിലും മൂന്നാംസ്ഥാനത്തായി.