'രാവിലെ വരെ സിപിഎം ആയിരുന്നു; ഇനി മരണം വരെ ബിജെപി ആയിരിക്കും; പെട്ടി എടുപ്പുകാര്‍ക്ക് അവസരം നല്‍കുന്ന സംഘടനയായി സിപിഎം മാറി': എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു; ബിജെപിക്കൊപ്പം ചേരുന്ന യുവനേതാക്കളില്‍ ഏറ്റവും പുതിയ പേരെന്ന് രാജീവ് ചന്ദ്രശേഖര്‍

എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു.

Update: 2025-05-22 14:59 GMT

തിരുവനന്തപുരം: എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ കുടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

രാവിലെ വരെ സിപിഎം ആയിരുന്നെന്നും ഇനി മരണം വരെ ബിജെപി ആയിരിക്കുമെന്നും ഗോകുല്‍ പറഞ്ഞു. പെട്ടി എടുപ്പുക്കാര്‍ക്ക് അവസരം കൊടുക്കുന്ന സംഘടനയായി സിപിഎം മാറിയെന്നും ഗോകുല്‍ പറഞ്ഞു. 2021ലാണ് ഗോകുല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് - സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോളേജ് വളപ്പില്‍ മദ്യപിച്ച് നൃത്തം ചെയ്ത സംഭവത്തില്‍ 2022 ഡിസംബറില്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ ഗോപിനാഥിനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു. അതേസമയം കമ്യൂണിസ്റ്റ് പശ്ചാത്തലത്തിലാണ് താന്‍ ജനിച്ചതെന്നും ബിജെപിയെ ഇഷ്ടമായതുകൊണ്ട് കൂടുതല്‍ ഊര്‍ജത്തോടെയും രാഷ്ട്രീയ ബോധത്തോടെയും പ്രവര്‍ത്തിക്കുമെന്നും ഗോകുല്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പവര്‍ ക്ലസ്റ്ററിന്റെ ഭാഗമായില്ലെങ്കില്‍ അവിടെ നിലനില്‍പ്പില്ല. ഇന്ന് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമൊന്നുമില്ല, രണ്ടിലും നടക്കുന്നത് അഴിമതി തന്നെ. സന്തോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് തന്നെ വ്യക്തിഹത്യ ചെയ്തുവെന്നും ഗോകുല്‍ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

2021ല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും എസ്എഫ്‌ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും ഗോകുല്‍ പ്രവര്‍ത്തിച്ചു. കേരള സര്‍വ്വകലാശാല സെനറ്റ് സിന്‍ഡിക്കേറ്റംഗമായിരുന്നു. ബാലസംഘവും എസ്എഫ്‌ഐയും മുതല്‍ വിവിധ ഇടത് സംഘടനകളില്‍ പ്രവര്‍ത്തിച്ച ഗോകുല്‍, 2016ലെ തെരഞ്ഞെടുപ്പില്‍ എകെജി സെന്ററിലെ എല്‍ഡിഎഫിന്റെ വാര്‍ റൂം ഇന്‍ചാര്‍ജ് ആയിരുന്നു.

ഗോകുല്‍ ഗോപിനാഥിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നരേന്ദ്ര മോദി ജിയുടെ വികസന സങ്കല്പങ്ങളിലും വികസിത കേരളമെന്ന ലക്ഷ്യത്തിലും ആകൃഷ്ടരായി ബിജെപിക്കൊപ്പം ചേരുന്ന യുവനേതാക്കളില്‍ ഏറ്റവും പുതിയ പേരാണ് ഗോകുല്‍ ഗോപിനാഥിന്റേതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.


Full View

അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ ഷൈന്‍ലാല്‍ അടക്കം കോണ്‍ഗ്രസ് കെഎസ്യു നേതാക്കള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജീവ് ചന്ദ്രശേഖറില്‍ നിന്നുമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

Tags:    

Similar News