വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എസ്.എഫ്.ഐ; കേരള സര്‍വകലാശാല സെനറ്റ് ഹാളിന് പുറത്ത് നാടകീയ രംഗങ്ങള്‍; വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമം; സംഘര്‍ഷം; എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കമ്മീഷണറോട് ചോദിക്കുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം

Update: 2024-12-17 07:53 GMT

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം. കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധമുയര്‍ത്തിയത്.

സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ഗേറ്റ് മറികടക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കണത്തിലെടുത്ത് സെനറ്റ് ഹാളിന്റെ മുഴുവന്‍ വാതിലുകളും ജനലുകളും അടച്ചു.

രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തുന്നത്. വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം. പ്രതിഷേധം കടുത്തതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും നിയന്ത്രണം ഭേധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളമുണ്ടായി. ഗവര്‍ണര്‍ക്ക് നിരന്തരമായി സുരക്ഷാ വീഴ്ച ഉണ്ടാകുന്നെന്ന രാജ്ഭവന്റെ ആരോപണത്തിനിടെയാണ് പ്രതിഷേധം.

സര്‍വകലാശാല ആസ്ഥാനത്തിനു പുറത്തു സംഘടിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സര്‍വകലാശാലകളില്‍ നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് പ്രകടനമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തിയത്. പുറത്തെ ഗേറ്റില്‍ ഇവരെ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളി തുറന്നു സെനറ്റ് ഹാളിനു അടുത്തേക്ക് എത്തുകയായിരുന്നു.

സെനറ്റ് ഹാളിന്റെ വാതിലും ജനലുകളും പൊലീസ് അടച്ചു. ഗവര്‍ണര്‍ സംഘപരിവാറിന്റെ ആളുകളെ തിരുകിക്കയറ്റി വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുകയാണെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

ഗവര്‍ണര്‍ പുറത്തേക്കിറങ്ങുന്ന രണ്ട് കതകിനു മുന്നിലും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇരിക്കുകയാണ്. പ്രവര്‍ത്തകരെ കതകിനു സമീപത്തുനിന്ന് നീക്കിയാല്‍ മാത്രമേ പുറത്തിറങ്ങാനാവു. സര്‍വകലാശാലാ വി.സി. നിയമനത്തില്‍ ഏകപക്ഷീയമായ നിലപാട്, സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം.

സര്‍ക്കാരിനോടും ഇടതുവിദ്യാര്‍ഥി സംഘടനകളോടുമുള്ള ഏറ്റുമുട്ടലിനിടെയാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെത്തിയത്. 'ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും' എന്ന വിഷയത്തിലാണ് ത്രിദിന ശില്പശാല. ഗവര്‍ണറെ ഉദ്ഘാടകനായി ക്ഷണിക്കാന്‍ തീരുമാനിക്കുന്ന ഘട്ടത്തില്‍തന്നെ വിവാദങ്ങളുണ്ടായിരുന്നു. വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയിലാണ് ഗവര്‍ണറെ ശില്പശാല ഉദ്ഘാടകനായി ക്ഷണിച്ചിട്ടുള്ളതെന്നാണ് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞത്.

മന്ത്രിയെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇങ്ങനെ മറുപടി നല്‍കിയത്. പൂര്‍ണമായും അക്കാദമിക വിദഗ്ധര്‍ പങ്കെടുക്കുന്ന ശില്പശാലയാണെന്നും ഗവര്‍ണറുടെ സന്ദര്‍ശനം പ്രതിഷേധത്തിന് ഇടയാക്കുമെന്നു കരുതുന്നില്ലെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞിരുന്നു. ഗവര്‍ണറോടുള്ള എതിര്‍പ്പുകാരണം പരിപാടിയുടെ കൂടിയാലോചനായോഗം ഇടതു സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു. വി.സി. നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം.

Similar News