പാലക്കാട്ടെ ഡീലും വടകരയിലെ ഡീലും; പി സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍; സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നു വടകരയിലെ ഡീല്‍; തന്നേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് കിട്ടുമെന്നും ഷാഫി

പി സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍

Update: 2024-10-17 14:44 GMT

പാലക്കാട്: പാലക്കാട് നിന്ന് ഷാഫി പറമ്പിലിനെ ഇറക്കി വടകരയില്‍ മത്സരിപ്പിച്ചത് ശരിയായ നീക്കമായിരുന്നില്ലെന്നതടക്കം ഉള്ള പി സരിന്റെ ആരോപണങ്ങള്‍ തളളി ഷാഫി പറമ്പില്‍. വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു. പാലക്കാടും അതുതന്നെയാണ് ലക്ഷ്യമെന്നും ഷാഫി വ്യക്തമാക്കി. പാലക്കാട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മണ്ഡലത്തില്‍ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും ഷാഫി പറഞ്ഞു. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിഡി സതീശന്‍ നടത്തിയ അട്ടിമറിയാണ് ഷാഫിയെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ആരോപിച്ച സരിന്‍, വടകരയില്‍ സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി ഏത് നിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലെ എം.എല്‍.എയെ മത്സരിപ്പിച്ചത് എന്തിനാണെന്ന് ചോദിച്ചു. അതുകൊണ്ടാണ് ബിജെപി ജയിക്കാന്‍ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടായതെന്നും സരിന്‍ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം വോട്ട് കോണ്‍ഗ്രസിന് മറിക്കാറുണ്ടെന്നും സരിന്‍ പരോക്ഷമായി സൂചിപ്പിച്ചു. ഡീല്‍ നടന്നിട്ടുണ്ടെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ മത്സരിച്ചപ്പോള്‍ ഉള്‍പ്പടെ സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ് ഷാഫി പറമ്പില്‍ വിജയിച്ചതെന്ന സൂചനയാണ് പാലക്കാട് നടന്ന വാര്‍ത്ത സമ്മേളനത്തിനിടെ സരിന്‍ നല്‍കിയത്.

2006 മുതല്‍ 2021 വരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പാലക്കാട് സിപിഎം വോട്ട് ക്രമാതീതമായി കുറയുകയാണല്ലോയെന്ന് ചോദിച്ചപ്പോഴാണ് അത് സിപിഎമ്മിന്റെ ഔദാര്യമാണെന്നും, സിപിഎം വോട്ടുകള്‍ നേടിയാണ് ഷാഫി പറമ്പില്‍ വിജയിച്ചതെന്നും പി.സരിന്‍ പറഞ്ഞത്. പാലക്കാട് പലതരത്തിലുള്ള ഡീലുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഡീലുകള്‍ നടക്കാതെ പോയത് ഇ. ശ്രീധരന്‍ മത്സരിച്ചപ്പോള്‍ മാത്രമാണ്. ശ്രീധരന്‍ ജയിക്കുമെന്നായപ്പോള്‍ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വന്നു, അല്ലെങ്കില്‍ ഷാപ്പി പറമ്പില്‍ തോല്‍ക്കുമായിരുന്നു. ഇനി സിപിഎമ്മിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകില്ലെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

സമാന ആരോപണം നേരത്തെ ബിജെപി ഉന്നയിച്ചിരുന്നു. മെട്രോമാന്‍ ഇ.ശ്രീധരന്‍ വിജയിക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം 5,000 വോട്ട് കോണ്‍ഗ്രസിന് മറിച്ചെന്നും എന്നിട്ടും 3,000ത്തോളം വോട്ടുകള്‍ക്ക് മാത്രമാണ് ബിജെപി പരാജയപ്പെട്ടതെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News