ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിയില്‍; കേന്ദ്രമന്ത്രി അമിത്ഷായുമായി നിര്‍ണായക കൂടിക്കാഴ്ച്ച നടത്തി; കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്ന കൂടിക്കാഴ്ച്ചയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു ശോഭ; ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ?

ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിയില്‍

Update: 2025-01-02 09:50 GMT

ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ശോഭ സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക അംഗമാണ് ശോഭ സുരേന്ദ്രന്‍. സന്ദര്‍ശനത്തിന്റെ കാര്യം അവര്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കേരളത്തിലെ ബി.ജെ.പിയെ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ആത്മവിശ്വാസം നല്‍കുന്ന കൂടിക്കാഴ്ചയെന്നാണ് അമിത് ഷാക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി എന്നാണ് അമിത് ഷായെ ശോഭ സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ചരിത്രപരമായ നടപടികള്‍ കൈക്കൊള്ളുന്ന അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്നു നല്‍കുന്നതായിരുന്നു.

കേരളത്തില്‍ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ഷായുമായുള്ള നിര്‍ണായക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. അതേസമയം തദ്ദേസ തിരഞ്ഞെടുപ്പു വരെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ. സുരേന്ദ്രന്‍ തുടരുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വരെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റം വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്ന വിധത്തിലാണ് സുരേന്ദ്രന്‍ വിഭാഗം വിഷയം അവതരിപ്പിച്ചത്.

സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് മാറ്റമുണ്ടാകും. ജില്ലാ പ്രസിഡന്റുമാരെയും മാറ്റാനാണ് തീരുമാനം. അതേസമയം അടുത്ത ശോഭ സുരേന്ദ്രന്‍ അധ്യക്ഷയാകുമോ എന്നതാണ് അറിയേണ്ട കാര്യം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രണ്ടുകോര്‍പറേഷനുകളിലും നൂറുപഞ്ചായത്തുകളിലും ഭരണം നേടണമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതു നടപ്പിലാക്കാനായി ആലപ്പുഴയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശോഭാസുരേന്ദ്രന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ട് സംസ്ഥാന സമിതി പുനഃസംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ആദ്യഘട്ടത്തില്‍ ശോഭക്ക് കൂടുതല്‍ ചുമതലകള്‍ ലഭിക്കുമെന്നാണ് സൂചനകള്‍. ഭാവിയില്‍ അധ്യക്ഷ കസേരയിലേക്കും അവര്‍ എത്തും.

ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുകയും ഇരുപതുശതമാനത്തിനടുത്ത് വോട്ടുവിഹിതം വര്‍ധിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഒരുടേം കൂടി നല്‍കും. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സുരേന്ദ്രനോട് തുടരാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം. ആവശ്യപ്പെട്ടത്. ജെ.പി നഡ്ഡ മാറി പുതിയ ദേശീയ അധ്യക്ഷന്‍ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാര്‍ മാറുമ്പോള്‍ സുരേന്ദ്രനും മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

അടുത്തവര്‍ഷം വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തിരുവനന്തപുരം തൃശൂര്‍ കോര്‍പറേഷനുകളില്‍ ഭരണം നേടണമെന്നും കോഴിക്കോട്, കൊല്ലം കണ്ണൂര്‍ കോര്‍പറേഷനുകളില്‍ നിര്‍ണായക ശക്തിയാകണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. നൂറുപഞ്ചായത്തുകളിലും കുറഞ്ഞത് ഇരുപത്തഞ്ച് മുനിസിപ്പാലിറ്റികളിലും ഭരണം നേടണം എന്നാണ് പാര്‍ട്ടി ലക്ഷ്യം. ഇതിനായി ശോഭക്ക് കൂടുതല്‍ ചുമതലകള്‍ ലഭിക്കും. അതേസമയം കേന്ദ്രനേതൃത്വം ശോഭയെ അധ്യക്ഷയാക്കി ഞെട്ടിക്കുമോ എന്നതാണ് അറിയേണ്ട കാര്യം.

Tags:    

Similar News