സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ സംശയത്തിന്റെ നിഴലില്‍; പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല, മന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉള്‍പ്പെട്ടു; നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടുന്ന രേഖ പൊളിറ്റ് ബ്യൂറോയുടെ പക്കല്‍ നിന്ന്പുറത്തായെന്ന വാര്‍ത്ത ഗൗരവതരം; സിപിഎമ്മില്‍ ചിലത് ചീഞ്ഞു നാറുന്നെന്ന് സണ്ണി ജോസഫ്
സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ സംശയത്തിന്റെ നിഴലില്‍
കണ്ണൂര്‍: സി.പി.എം പി.ബിയില്‍ മാഹിയിലെ വ്യവസായി നല്‍കിയ കത്ത് ചോര്‍ന്ന സംഭവം രാഷ്ട്രീയവിവാദമായി മാറുന്നു. വിഷയം സര്‍ക്കാരിനെതിരെ തിരിച്ച് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാലെ വിഷയം ആയുധമാക്കി കെപിസിസി അധ്യക്ഷനും രംഗത്തുവന്നു. സിപിഎമ്മിനകത്ത് ചിലത് ചീഞ്ഞ് നാറി ദുര്‍ഗന്ധം വഹിക്കുന്നുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ . സണ്ണി ജോസഫ് എംഎല്‍എ പ്രതികരിച്ചു.
മാഹിയിലെ വ്യവസായി ഷര്‍ഷാദ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് താന്‍ യു.കെ വ്യവസായ രാജേഷ് കൃഷ്ണ യ്‌ക്കെതിരെപി.ബിക്ക് നല്‍കിയ കത്ത് ചോര്‍ത്തിയെന്ന ആരോപണത്തെ കുറിച്ചു കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടുന്ന രേഖ പൊളിറ്റ് ബ്യൂറോയുടെ പക്കല്‍ നിന്ന്പുറത്തായെന്ന മാധ്യമ വാര്‍ത്തകള്‍ ഗൗരവകരമാണ്.'
സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ സംശയത്തിന്റെ നിഴലിലാണ്. പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല ഇത്. മന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതായ സണ്ണി ജോസഫ് വ്യക്തമാക്കി.
ഗുരുതര ആരോപണമാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് ഉയര്‍ത്തിയത്. എംബി രാജേഷ്, കെഎന്‍ ബാലഗോപാല്‍ അടക്കം എസ്എഫ്ഐ നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ ആരോപണ വിധേയനായ രാജേഷ് കൃഷ്ണയും സംഘടനാ ചുമതലയിലുണ്ടായിരുന്നുവെന്ന് പാര്‍ട്ടിക്ക് പരാതി നല്‍കിയ ഷെര്‍ഷാദ് ആരോപിച്ചിരുന്നു. നേതാക്കളുമായി ഉള്‍പ്പെടെ മുന്‍ നിര സി പി എം നേതാക്കളുമായി രാജേഷ്‌കൃഷ്ണയ്ക്ക് അടുത്ത ബന്ധമുണ്ട്. യുകെയില്‍ ഇയാളുടെ കൂടെയുള്ള മലയാളികള്‍ മുഖേന ലഭിച്ച തെളിവുകള്‍ തന്റെ പക്കലുണ്ട്. അവിടുത്തെ ബാങ്ക് അക്കൗണ്ടില്‍ വന്ന കോടികളുടെ ഇടപാടുകളടക്കം പരിശോധിക്കണമെന്നും എവിടെ നിന്നാണ് ഈ തുക വരുന്നതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
എം വി ഗോവിന്ദന്റെ മകന്‍ ശ്യാമുമായി വര്‍ഷങ്ങളുടെ ബന്ധം രാജേഷ് കൃഷ്ണയ്ക്കുണ്ട്. എന്നാല്‍ എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയാകുന്നതിന് മുമ്പാണ് ശ്യാമും രാജേഷ് കൃഷ്ണയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നത്. കുടുംബപരമായി തന്നെ അവര്‍ തമ്മില്‍ നല്ല ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ലണ്ടനിലെത്തിയപ്പോള്‍ എം വി ഗോവിന്ദന്‍ രാജേഷ് കൃഷ്ണയുടെ വീട്ടിലെത്തിയതെന്നും മുഹമ്മദ് ഷെര്‍ഷാദ് പറഞ്ഞു. പുസ്തക പ്രകാശന പരിപാടിയിലും ഗോവിന്ദന്‍ മാഷ് ഭാഗമായി. അത് കണ്ട് താന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു.
താന്‍ പറഞ്ഞതൊക്കെ കേട്ടിട്ടും മാഷിന്റെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടായില്ല. താനും പിന്നീട് തന്റെ തിരക്കിലേക്ക് മടങ്ങി. ഇതിനിടെയാണ് പാര്‍ട്ടി സമ്മേളന പ്രതിനിധിയായി രാജേഷ് കൃഷ്ണ വരുന്ന വിവരം അവിടെ നിന്ന് ഇയാള്‍ കാരണം ബുദ്ധിമുട്ടിലായ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞത്. അതിന്റെ ഭാഗമായാണ് താന്‍ ഇടപെട്ടത്.
തമിഴ്‌നാട്ടിലെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി ധവാളെ സഖാവിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന് പരാതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കി. ആ കത്താണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ മാനനഷ്ട കേസിനോടനുബന്ധിച്ച് സമര്‍പ്പിച്ചിരിക്കുന്നത്. കത്ത് എങ്ങനെ രാജേഷ് കൃഷ്ണയ്ക്ക് കിട്ടി എന്ന് ചോദിച്ചാണ് താന്‍ എംവി ഗോവിന്ദന്‍ മാഷിന് ഇമെയിലായി പരാതി നല്‍കിയത്. അതും പുറത്തായി. ഗോവിന്ദന്‍ മാഷിന്റെ മകന്‍ ശ്യാമാണ് അതിന് പിന്നിലെന്നാണ് സംശയമെന്ന് മുഹമമദ് ഷെര്‍ഷാദ് പറഞ്ഞു.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചല്ല താന്‍ പരാതി നല്‍കിയത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടി. എംവി ഗോവിന്ദന്റെ മകന്‍ ശ്വാമുമായി രാജേഷ് കൃഷ്ണ സാമ്പത്തിക ഇടപാടുകള്‍ നടത്തി.2016 ന് ശേഷം യുകെയില്‍ വലിയ വളര്‍ച്ചയാണ് രാജേഷ് കൃഷ്ണ നേടിയതെന്നും മുഹമ്മദ് ഷെര്‍ഷാദ് ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് 2021 ലാണ് താന്‍ രാജേഷ് കൃഷ്ണയെ കുറിച്ച് പരാതി നല്‍കിയത്. ആ കത്ത് കണക്കിലെടുത്ത് രാജേഷ് കൃഷ്ണയെ മാറ്റിനിര്‍ത്തി. എന്നാല്‍ എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതോടെ രാജേഷ് കൃഷ്ണ പഴയത് പോലെ ശക്തമായി തിരിച്ചെത്തി.
ശ്യാമും രാജേഷ് കൃഷ്ണയും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ താന്‍ തന്റെ മുന്‍പരാതിയിലും ചൂണ്ടിക്കാട്ടിയിരുന്നു. ആ കാര്യങ്ങള്‍ പുറത്തുവന്നാല്‍ ഗോവിന്ദന്‍ മാഷിന് സെക്രട്ടറി സ്ഥാനത്ത് സമ്മര്‍ദ്ദമേറും. തന്റെ പരാതികള്‍ ചോരാന്‍ കാരണം ശ്യാമാണ്. ശ്യാം ചിലപ്പോള്‍ നിര്‍ബന്ധിതനായതാകാം. രാജേഷ് കൃഷ്ണ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാകാമെന്നും മുഹമ്മദ് ഷെര്‍ഷാദ് പറഞ്ഞു. തന്റെ കുടുംബത്തിലുള്‍പ്പെടെ പ്രശ്നങ്ങളുണ്ടായ വേളയിലാണ് താന്‍ രാജേഷ് കൃഷ്ണയെ കുറിച്ച് അന്വേഷിച്ചത്.
2016 വരെ യുകെയില്‍ ബെഡ് സ്പേസ് ഷെയര്‍ ചെയ്ത് താമസിച്ചയാളാണ് ഇയാള്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ലോകകേരള സഭയില്‍ ഇയാള്‍ ഭാഗമായി. അതിനുള്ള യോഗ്യത രാജേഷ് കൃഷ്ണയ്ക്ക് ഉണ്ടായിരുന്നോ എന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അന്ന് പി ശ്രീരാമകൃഷ്ണന്‍ മുഖേനയാണ് ലോക കേരള സഭയില്‍ എത്തിയത്. കൊല്ലത്തെ കടല്‍-കായല്‍ ശുചീകരണ പദ്ധതിയില്‍ ബ്രിട്ടീഷ് പൗരന്‍ മുഖേന കിംഗ്ഡം എന്ന പേരില്‍ ഒരു കടലാസ് കമ്പനിയുണ്ടാക്കി അതിലൂടെ രാജേഷ് കൃഷ്ണ പണമെത്തിച്ചു. അതില്‍ മൂന്നിലൊന്ന് ഭാഗം തുക മാത്രമാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്. ബാക്കി വകമാറ്റുകയായിരുന്നു. കിംഗ്ഡം കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പലവിധത്തിലുള്ള ഇടപാടുകള്‍ രാജേഷ് കൃഷ്ണ നടത്തിയതെന്നും രാജേഷ് കൃഷ്ണ ചൂണ്ടിക്കാട്ടി.
ഗോവിന്ദന്‍ മാഷിന്റെ മകന്‍ ശ്യാമുമായി വര്‍ഷങ്ങളുടെ ബന്ധം രാജേഷ് കൃഷ്ണയ്ക്കുണ്ട്. എന്നാല്‍ എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയാകുന്നതിന് മുന്‍പാണ് ശ്യാമും രാജേഷ് കൃഷ്ണയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ളത്. അവര്‍ തമ്മില്‍ കുടുംബപരമായി തന്നെ നല്ല ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ലണ്ടനിലെ വീട് സന്ദര്‍ശിക്കുന്നത് എന്നും മുഹമ്മദ് ഷര്‍ഷാദ് പറഞ്ഞു.