മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങളില്‍ ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്ക എവിടെ ആയിരുന്നു? പ്രിയങ്ക പങ്കെടുക്കാത്തതും രാഹുല്‍ മിണ്ടാത്തതും എക്കാലവും ഉയര്‍ന്നു നില്‍ക്കും; വഖഫ് ബില്ലില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശനവുമായി സമസ്ത മുഖപത്രം

മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങളില്‍ ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്ക എവിടെ ആയിരുന്നു?

Update: 2025-04-04 12:26 GMT

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്കഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും വിമര്‍ശിച്ച് സമസ്ത മുഖപത്രം. വഖഫ് ചര്‍ച്ചയില്‍ ലോക്സഭയില്‍ വയനാട് എംപി പ്രിയങ്ക എത്താതിരുന്നത് കളങ്കമായെന്ന് 'സുപ്രഭാത'ത്തിലെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നത്. ഇനി നിയമപോരാട്ടത്തിന്റെ കാലമെന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിലാണ് ഇരു നേതാക്കള്‍ക്കുമെതിരെ സമസ്തയുടെ വിമര്‍ശനം.

മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങളില്‍ ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്ക എവിടെ ആയിരുന്നുവെന്ന ചോദ്യം എക്കാലവും മായാതെ നില്‍ക്കുമെന്നും സുപ്രഭാതത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബില്ലില്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രഭാതം പറയുന്നു.

'ലോക്സഭയില്‍ രാജ്യം ഏറെ പ്രതീക്ഷയോടെ നോക്കുന്ന വയനാട് എം പി പ്രിയങ്ക ഗാന്ധി വിപ്പ് ലംഘിച്ച് പാര്‍ലമെന്റില്‍ എത്തിയില്ലെന്നത് കളങ്കമായി. മുസ്ലിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ ബിജെപി ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നില്‍ക്കും. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബില്ലില്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും ഉയര്‍ന്നു തന്നെ നില്‍ക്കും', - സുപ്രഭാതം പറയുന്നു.

ബാബരിക്കുശേഷം മുസ്ലിങ്ങള്‍ക്കും ഇന്ത്യന്‍ മതേതരത്വത്തിനുമെതിരേ സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് വഖഫ് ബില്ലെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി. 'അര്‍ധരാത്രിക്കപ്പുറം നീണ്ട ചര്‍ച്ചയില്‍ ബില്ലിനെ ഇരുസഭകളിലും ശക്തിയുക്തം ചെറുക്കുകയും എതിര്‍ത്ത് വോട്ടുചെയ്യുകയും ചെയ്ത പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളോട് നന്ദിയുണ്ട്. വിജയിക്കാനായില്ലെങ്കിലും അവരുടെ യോജിപ്പും കഠിനാധ്വാനവും ചരിത്രം അടയാളപ്പെടുത്തും. ഓരോ വോട്ടും നിലപാട് പ്രഖ്യാപനമായിരുന്നു. പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രയത്നിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഡിഎംകെ അംഗങ്ങളുടെയും പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. രാജ്യസഭയിലും ഈ ചെറുത്തുനില്‍പ്പ് പ്രകടമായിരുന്നു', മുഖപത്രത്തില്‍ പറയുന്നു.

ലോക്‌സഭയില്‍ ഗൗരി ഗൊഗോയിയും കല്യാണ്‍ ബാനര്‍ജിയും അസദുദ്ദീന്‍ ഉവൈസിയും ഹൈബി ഈഡനും നടത്തിയ പ്രസംഗങ്ങള്‍ ബില്ലിലെ സര്‍ക്കാരിന്റെ ദുഷ്ടലാക്കിനെ തുറന്നുകാട്ടിയെന്നും സുപ്രഭാതത്തില്‍ പറയുന്നു. കെ സി വേണുഗോപാലും ഇ ടി മുഹമ്മദ് ബഷീറും എന്‍ കെ പ്രേമചന്ദ്രനും കെ രാധാകൃഷ്ണനുമെല്ലാം ബില്ലിലെ ഒളിയജന്‍ഡകള്‍ പുറത്തെടുത്തിട്ട് സര്‍ക്കാരിനെ കടിച്ചുകുടഞ്ഞെന്നും സുപ്രഭാതം പറയുന്നു.

Tags:    

Similar News