രാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കള്‍; വൈകിയാണെങ്കിലും ചേര്‍ന്നത് നന്നായി; 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്: സുരേഷ് ഗോപി

രാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കള്‍

Update: 2025-10-25 10:20 GMT

തൃശൂര്‍: പിഎം ശ്രീ നടപ്പിലാക്കിയതിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കളെന്ന് അദ്ദേഹം പ്രതികരിച്ചു. വൈകിയാണെങ്കിലും പി.എം ശ്രീയില്‍ ചേര്‍ന്നത് നന്നായി. പദ്ധതി പാവം കുഞ്ഞുങ്ങള്‍ക്ക് ഗുണപ്പെടട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

മാധ്യമങ്ങള്‍ തന്നെയാണ് കേരളത്തിലെ പല സ്‌കുളുകളും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണെന്ന് പറഞ്ഞത്. 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്. എല്ലാം നന്നാവട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയെ സി.പി.ഐ എതിര്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ സി.പി.ഐയും സി.പി.എമ്മിനും കോണ്‍ഗ്രസിനും അവരുടേതായ അവകാശങ്ങളുണ്ട്. എന്നാല്‍, അന്തിമമായി പദ്ധതിയുടെ ഗുണഭോക്താക്കളാരാണെന്നാണ് പ്രശ്‌നമെന്നും സുരേഷ് ഗോപി പറഞ്ഞു.

പി.എം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം വൈകാതെ സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. മൂന്ന് ഘട്ടങ്ങളിലൂടെയാണ് സ്‌കൂളുകളെ തെരഞ്ഞെടുക്കുന്നത്. ഒന്നാംഘട്ട നടപടികളില്‍ ഉള്‍പ്പെട്ടതാണ് ധാരണാപത്രം ഒപ്പിടല്‍.

ചലഞ്ച് മാതൃകയില്‍ മത്സരാധിഷ്ഠിതമായിട്ടാകും സ്‌കൂള്‍ തെരഞ്ഞെടുപ്പ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ വിദ്യാഭ്യാസ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനമായ യൂനിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജൂക്കേഷന്‍ പ്ലസ് (യൂഡയസ് പ്ലസ്) ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാകും തെരഞ്ഞെടുപ്പ്.

സ്‌കൂളിന് നല്ല നിലയിലുള്ള സ്വന്തം കെട്ടിടം, റാമ്പ് ഉള്‍പ്പെടെ തടസ്സരഹിതമായ പ്രവേശനം, സുരക്ഷ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍, കുടിവെള്ള സൗകര്യം, കൈകഴുകാനുള്ള സൗകര്യം, അധ്യാപകര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പ്രവര്‍ത്തനക്ഷമമായ വൈദ്യുതി സൗകര്യം, ലൈബ്രറി/ ലൈബ്രറി കോര്‍ണര്‍/ കായിക ഉപകരണങ്ങള്‍ എന്നിവ പരിഗണന ഘടകങ്ങളായിരിക്കും. ഓണ്‍ലൈന്‍ ചലഞ്ച് പോര്‍ട്ടലില്‍ സ്‌കൂളുകള്‍ സ്വന്തം നിലക്കാണ് അപേക്ഷിക്കേണ്ടത്.

Tags:    

Similar News