രാജ്യസഭയില്‍ തമ്മില്‍ കോര്‍ത്ത ആ കാഴ്ച്ച മറന്നേക്കൂ...! വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പിണക്കം മറന്ന് പരസ്പ്പരം കൈപിടിച്ച് സുരേഷ് ഗോപിയും ബ്രിട്ടാസും; രാഷ്ട്രീയം വേറെ, സൗഹൃദം വേറെയെന്ന് സോഷ്യല്‍ മീഡിയ; ആരുടേതാണ് നല്ല അഭിനയമെന്നും നെറ്റിസണ്‍സിന്റെ ചോദ്യം

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പിണക്കം മറന്ന് പരസ്പ്പരം കൈപിടിച്ച് സുരേഷ് ഗോപിയും ബ്രിട്ടാസും

Update: 2025-05-02 14:42 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പരസ്പ്പരം ആശ്ലേഷിച്ച് പിണക്കം തീര്‍ത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും സി.പി.എം രജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും. ഒരുമാസം മുമ്പ് പാര്‍ലമെന്റിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പരസ്പരം കൊമ്പുകോര്‍ത്ത ആ പഴയ കഥയെല്ലാം മറന്നാണ് ഇരുവരും ഊഷ്മളമായി കൈകോര്‍ത്തത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിങ് ചടങ്ങിലാണ് ഇരുവരും സൗഹൃദം പങ്കുവെച്ചത്. ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഉദ്ഘാടന വേദിയില്‍ പരസ്പരം കൈകൊടുക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. 'രാഷ്ട്രീയം വേറെ, സൗഹൃദം വേറെ. പരസ്പരം ഏറ്റവും വലിയ രാഷ്ട്രീയ വിമര്‍ശകരായിരിക്കുമ്പോഴും ഏറ്റവും നല്ല സുഹൃത്തുക്കളായിരിക്കാനും കഴിയണം' എന്ന് ചിലര്‍ കമന്റ് ചെയ്തു. അതേസമയം 'ഒന്നുകില്‍ പാര്‍ലമെന്റിലെ പോര്, അല്ലെങ്കില്‍ ഈ ആശ്ലേഷണം; ഇതില്‍ രണ്ടിലൊന്ന് അഭിനയമാണ്' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ആരാണ് നല്ല അഭിനേതാവെന്നും ആളുകള്‍ ചോദിച്ചു.

നേരത്തെ രാജ്യസഭയില്‍ വെച്ച് ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മില്‍ കോര്‍ത്തിരുന്നു. വഖഫ് ഭേദഗതി ബില്ലിന്‍ മേല്‍ നടന്ന ചര്‍ച്ചക്കിടെയാണ് ഇരുവരും തമ്മിലടിച്ചത്. വഖഫ് ഭേദഗതിക്കെതിരെ ആഞ്ഞടിച്ച ബ്രിട്ടാസ്, ബി ജെ പി ബഞ്ചില്‍ എംപുരാനിലെ മുന്നയുണ്ടെന്നതടക്കമുള്ള വിമര്‍ശനം ഉയര്‍ത്തി. തൃശൂരിന് ഒരു തെറ്റ് പറ്റിയെന്നും അധികം വൈകാതെ കേരളം ആ തെറ്റ് തിരുത്തുമെന്നും ബ്രിട്ടാസ് പറഞ്ഞുവച്ചു. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതുപോലെ തൃശൂരിലെ ബി ജെ പി അക്കൗണ്ടും പൂട്ടുമെന്ന് സി പി എം എം.പി അഭിപ്രായപ്പെട്ടു. ഇതോടെയാണ് സുരേഷ് ഗോപി മറുപടിയുമായി രംഗത്തെത്തിയത്.

എംപുരാന്‍ സിനിമയെ പറ്റി പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി മറുപടി തുടങ്ങിയത്. എംപുരാന്‍ സിനിമയെ പറ്റി പറയുന്നവര്‍ക്ക് ടി പിയെ പറ്റിയുള്ള സിനിമയെ പറ്റി പറയാന്‍ പറ്റുമോയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയും ഓര്‍മ്മിപ്പിച്ച സുരേഷ് ഗോപി, എംപുരാന്‍ സിനിമയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും വിവരിച്ചു. സിനിമയില്‍ നിന്നും തന്റെ പേര് നീക്കാന്‍ ആദ്യം പറഞ്ഞത് താന്‍ തന്നെയാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. സിനിമയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ താനല്ല തീരുമാനിക്കുന്നതെന്നും അത് പ്രൊഡ്യൂസറുടെയും സംവിധായകന്റെയും തീരുമാനമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ബി ജെ പിയെ താറടിക്കാനാണ് ശ്രമം നടത്തുന്നതെന്നും മുനമ്പം ഈ പ്രശ്‌നവുമായി നേരിട്ട് ബന്ധപ്പെടുന്നതാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ഇതിന് ശേഷം മധുരയില്‍ സി.പി.എം പാര്‍ട്ടി സമ്മേളനത്തിന് എത്തിയപ്പോള്‍ സുരേഷ് ഗോപിക്കെതിരെ കടുത്ത പരിഹാസവുമായി ബ്രിട്ടാസ് രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയോട് സഹാനുഭൂതി കാണിക്കണമെന്നും അദ്ദേഹത്തെ ആ രീതിയില്‍ കാണണമെന്നുമായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം. അദ്ദേഹത്തോട് താന്‍ ഏറ്റുമുട്ടാന്‍ ഇല്ലെന്നും സഹാനുഭൂതിയും സ്‌നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും പരിഹസിച്ചു. 'സുരേഷ് ഗോപി പറയുന്നത് സീരിയസായി എടുക്കരുത്. അദ്ദേഹം പറയുന്നത് എത്ര ലാഘവത്തോടെയാണ് ഞാന്‍ കാണുന്നത്. എന്റെ വീട്ടില്‍ വന്ന് പറയണമെന്ന് അദ്ദേഹം പറയുമ്പോഴും എനിക്ക് അദ്ദേഹത്തോട് സഹാനുഭൂതിയും സ്‌നേഹവുമേ ഉള്ളൂ.

അദ്ദേഹത്തെ ആ രീതിയില്‍ കാണണം. അദ്ദേഹത്തിന്റെ ഓരോ വാക്കും ഗൗരവത്തില്‍ കണ്ട് അതിനനുസരിച്ച് പ്രതികരണം നടത്തേണ്ടതില്ല. ഓരോ വ്യക്തിയോടും നമ്മള്‍ അതിനനുസരിച്ചല്ലേ പെരുമാറേണ്ടത്. അദ്ദേഹത്തിന് പകരം വേറൊരു നേതാവാണ് പറഞ്ഞതെങ്കില്‍ നമ്മള്‍ ഗൗരവത്തോടെ കാണും. സുരേഷ് ഗോപി പറയുന്നതിനെ ബിജെപി പോലും അത് സീരിയസായി എടുക്കുന്നില്ല. കേന്ദ്ര സഹമന്ത്രിയാണ് എന്നത് കറക്റ്റാണ്. എന്നാല്‍, അദ്ദേഹത്തോട് സഹാനുഭൂതിയും എംപതിയും പ്രകടിപ്പിക്കണം. നമ്മുടെ ജനപ്രതിനിധിയും സുഹൃത്തുമായ അദ്ദേഹത്തെ തള്ളിക്കളയരുത്. യുക്തിഭദ്രമായി സംസാരിക്കാന്‍ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകരും സഹായിക്കണം' -ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

'സുരേഷ് ഗോപി ശത്രുവല്ല. രാഷ്ട്രീയ പ്രതിയോഗി മാത്രമാണ്. കുറച്ചുകൂടി സഭ്യമായ രീതിയില്‍ അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു. പക്ഷേ, ഞാന്‍ അദ്ദേഹത്തെ കുറ്റം പറയില്ല. കാരണം, അദ്ദേഹം ദീര്‍ഘകാലം സ്‌ക്രിപ്റ്റ്‌റൈറ്ററുടെ സഹായത്തോടെയാണ് വിരാജിച്ചത്. ഇപ്പോള്‍ അതിന്റെ അഭാവമുണ്ട്. രാഷ്ട്രീയ സ്‌ക്രിപറ്റ് റൈറ്ററെ വെക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്‍കൈയെടുക്കണം. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. രാജ്യസഭയിലെ ചര്‍ച്ചയ്ക്ക് ശേഷം സുരേഷ് ഗോപി പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. അദ്ദേഹം നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്‌ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്' -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ബ്രിട്ടാസിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സുരേഷ് ഗോപി പൊട്ടിത്തെറിച്ചതിന് പിന്നാലെയായിരുന്നു ബ്രിട്ടാസിന്റെ ഈപ്രതികരണം. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി പ്രതികരിച്ചത്.

Tags:    

Similar News