ഗുരുവായൂര്‍-തിരുനാവായ പാത ഇനി വെറും സ്വപ്നമല്ല; ഷൊര്‍ണ്ണൂര്‍ ചുറ്റാതെ മലബാറിലേക്ക് പോകാം; റെയില്‍വേ ബോര്‍ഡിനെക്കൊണ്ട് ഉത്തരവ് തിരുത്തിച്ച് സുരേഷ് ഗോപി; 45 കോടി ഇനി ട്രാക്കിലേക്ക്; ദശാബ്ദങ്ങള്‍ നീണ്ട റെയില്‍വേ കുരുക്കഴിച്ച് പുതിയ ഉത്തരവ്
ഗുരുവായൂര്‍-തിരുനാവായ പാത ഇനി വെറും സ്വപ്നമല്ല
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെയായി ഫയലുകളില്‍ വിശ്രമിച്ചിരുന്ന ഗുരുവായൂര്‍ - തിരുനാവായ റെയില്‍വേ പാതയ്ക്ക് ഒടുവില്‍ ശാപമോക്ഷം. പദ്ധതി മരവിപ്പിച്ചുകൊണ്ട് 2019-ല്‍ പുറപ്പെടുവിച്ച ഉത്തരവ് റെയില്‍വേ ബോര്‍ഡ് ഔദ്യോഗികമായി റദ്ദാക്കി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ ഇടപെടലുകളെത്തുടര്‍ന്നാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ഉത്തരവിന്റെ പകര്‍പ്പ് അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഈ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചിരുന്നതായി സുരേഷ് ഗോപി പറഞ്ഞു. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഈ തീരുമാനമുണ്ടായത് പദ്ധതിക്ക് വലിയ ഊര്‍ജ്ജമാകും. പദ്ധതിക്ക് തറക്കല്ലിട്ടിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇതുവരെ വെളിച്ചം കണ്ടിരുന്നില്ല.
മുന്‍ ബജറ്റുകളില്‍ പാതയ്ക്കായി 45 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും 2019-ലെ മരവിപ്പിക്കല്‍ ഉത്തരവ് നിലനിന്നിരുന്നതിനാല്‍ ഒരു രൂപ പോലും ചെലവാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉത്തരവ് റദ്ദാക്കിയതോടെ ഈ തുക ഇനി നിര്‍മ്മാണത്തിനായി ഉപയോഗിക്കാം.
പദ്ധതിയുടെ പ്രത്യേകതകള്‍
ഏകദേശം 35 കിലോമീറ്റര്‍ ദൂരമാണ് പദ്ധതിക്കായി കണക്കാക്കിയിരുന്നത്. പുതിയ സര്‍വ്വേ പ്രകാരം ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മന്ദതയും സാങ്കേതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് 2019-ല്‍ റെയില്‍വേ പദ്ധതി നിര്‍ത്തിവെച്ചത്. ഗുരുവായൂര്‍ - തിരുനാവായ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ റെയില്‍വേ യാത്രകളില്‍ വലിയ മാറ്റമുണ്ടാകും. കൊച്ചി ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകള്‍ക്ക് ഷൊര്‍ണ്ണൂര്‍ പോകാതെ തന്നെ നേരിട്ട് മലബാര്‍ മേഖലയിലേക്ക് പ്രവേശിക്കാനും ദൂരം കുറയ്ക്കാനും ഇത് സഹായിക്കും.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഗുരുവായൂര്‍ - തിരുനാവായ റെയില്‍വേ ലൈന്‍ പദ്ധതിയുടെ മരവിപ്പ് നീക്കിക്കൊണ്ടുള്ള (De-freezing) ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ഒരാവശ്യം ഉന്നയിച്ച് അനേകായിരം നിവേദനങ്ങളാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ആ ആവശ്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ട് റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി നേരിട്ട് നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും ഒടുവില്‍ ഇപ്പോള്‍ ശുഭകരമായ തീരുമാനമുണ്ടായിരിക്കുന്നു.
നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് എന്നും കരുത്ത് പകരുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയോടും, കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയോടും, ഒപ്പം ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സതേണ്‍ റെയില്‍വേ അധികൃതരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഇത്തരം വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഇനിയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാം.
