'സമസ്തയില്‍ സി.പി.എമ്മുകാരുണ്ടെങ്കില്‍ തുറന്നുപറയണം; സ്ലീപ്പിങ് സെല്ലായി പ്രവര്‍ത്തിക്കരുത്'; നിലപാട് ആവര്‍ത്തിച്ചു കെ എം ഷാജി; സമസ്ത വിഷയത്തില്‍ ഷാജി ഇടപെടേണ്ടെന്ന് എസ്.വൈ.എസ്; സമസ്തയെ അസ്ഥിരപ്പെടുത്താന്‍ സലഫി-ജമാഅത്തെ ഇസ്ലാമി ഗൂഢാലോചനയെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

'സമസ്തയില്‍ സി.പി.എമ്മുകാരുണ്ടെങ്കില്‍ തുറന്നുപറയണം

Update: 2024-11-03 16:31 GMT

കോഴിക്കോട്: സമസ്തയില്‍ സി.പി.എമ്മുകാരുണ്ടെങ്കില്‍ അത് തുറന്നുപറയണമെന്നും സ്ലീപ്പിങ് സെല്ലായി പ്രവര്‍ത്തിക്കരുതെന്നും ആവര്‍ത്തിച്ചു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ചിലര്‍ സി.പി.എമ്മില്‍നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അവര്‍ക്കായി നിരന്തരം സ്തുതി പാടുകയും അവരെ പ്രീതിപ്പെടുത്താന്‍ പാണക്കാട് തങ്ങന്മാരെയും ലീഗിനെയും ആക്ഷേപിക്കുകയുമാണ്. അതിനെ ഞങ്ങള്‍ കൈയും കെട്ടി നോക്കിനില്‍ക്കുമെന്ന് ആരും കരുതണ്ട. കാരണം ലീഗും സമസ്തയും ഞങ്ങള്‍ക്ക് വേണ്ടപ്പെട്ട പ്രസ്ഥാനങ്ങളാണെന്നും ഷാജി പറഞ്ഞു.

സമസ്തയെ തകര്‍ക്കാന്‍ സി.പി.എം വളരെ ആസൂത്രിത ശ്രമം നടത്തിയ കാലമുണ്ടായിരുന്നു. അന്ന് അതിന് രക്ഷാകവചം തീര്‍ത്തത് മുസ്ലിം ലീഗാണ്. ഇപ്പോള്‍ സമസ്തയില്‍ എല്ലാവരും ഉണ്ടെന്നാണ് പറയുന്നത്. അതില്‍ സന്തോഷമാണ്. എന്നാല്‍, അവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തണം.

സമസ്തയിലെ സി.പി.എം സ്ലീപ്പിങ് സെല്ലുകള്‍ അവരുമായി നിരന്തരം വേദി പങ്കിടുന്നവരാണ്. അവര്‍ സി.പി.എം ആണെന്ന് തുറന്നുപറയട്ടെ. ജിഫ്രി തങ്ങള്‍ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പ്രവര്‍ത്തകനെതിരെ ലീഗ് നടപടിയെടുത്തിട്ടുണ്ട്. അതേ മാന്യത തിരിച്ചും കാണിക്കണം. വിശദീകരണം കൊണ്ട് പ്രശ്‌നപരിഹാരം ആകില്ല. സാദിഖലി തങ്ങള്‍ക്കെതിരെ പറഞ്ഞ ആള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഷാജി പറഞ്ഞു.

അതേസമയം കെ.എം ഷാജിക്കെതിരെ എസ്.വൈ.എസ് രംഗത്തുവന്നു. ഷാജി സമസ്തയുടെ പണ്ഡിതസഭയെ അപമാനിച്ചെന്ന് എസ്വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സിഐസി വിഷയത്തില്‍ ഷാജി ഇടപെടേണ്ടെന്നും സമസ്തയെ അസ്ഥിരപ്പെടുത്താനുള്ള സലഫി-ജമാഅത്തെ ഇസ്ലാമി ഗൂഢാലോചന തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയില്‍ സിപിഎം സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഷാജിയുടെ ആരോപണം അത്യന്തം ഭീകരമാണ്. സമസ്ത കേരളത്തിലെ സമുന്നതരായ ആത്മീയ പണ്ഡിതനേതൃത്വമാണ്. അവര്‍ക്കിടയില്‍ സിപിഎം പോലെയുള്ള ഭൗതിക രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു പറയുന്നത് സമസ്തയെയും സംഘടനയെ അംഗീകരിക്കുന്ന ജനലക്ഷങ്ങളെയും അപമാനിക്കലാണ്. സമസ്തയില്‍ ജനലക്ഷങ്ങള്‍ സ്നേഹിക്കുന്ന നേതാവാണ് ഷാജി. അദ്ദേഹത്തെ പോലെയുള്ള ഒരാള്‍ സമസ്തയെ ഇങ്ങനെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നും ഹമീദ് ഫൈസി പറഞ്ഞു.

സമസ്തയെയും പണ്ഡിതസഭയെയും ആക്ഷേപിക്കുകയാണ് കെ.എം ഷാജിയെന്ന് എസ്വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു. ഈ വിഷയത്തില്‍ ഇടപെടേണ്ട ആരുമല്ല അദ്ദേഹം. അദ്ദേഹത്തെ സുന്നിയോ സമസ്തക്കാരനോ എന്നു പോലും പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്വൈഎസ് നേതാവ് കെ.കെ.എസ് തങ്ങള്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ്, വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി എന്നിവരും വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

Tags:    

Similar News