പി വി അന്‍വര്‍ അടഞ്ഞ അധ്യായം; താരപരിവേഷം നല്‍കുന്നത് മാധ്യമങ്ങള്‍; നിയമവാഴ്ച സംരക്ഷിക്കുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം; തെറ്റായ നടപടികള്‍ ഇല്ലാതാക്കാന്‍ സഡന്‍ ആക്ഷന്‍ തന്നെയാണ് പ്രധാനം; അറസ്റ്റിനെ ന്യായീകരിച്ചു എല്‍ഡിഎഫ് കണ്‍വീനര്‍
പി വി അന്‍വര്‍ അടഞ്ഞ അധ്യായം
മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ അറസ്റ്റിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അറസ്റ്റ് നിയമാനുസൃതമാണെന്നും ഇത്തരം കേസുകളില്‍ പെട്ടെന്നുള്ള നടപടിയാണ് വേണ്ടതെന്നും ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. നിയമവാഴ്ച സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. തെറ്റായ നടപടികള്‍ ഇല്ലാതാക്കാന്‍ സഡന്‍ ആക്ഷന്‍ തന്നെയാണ് പ്രധാനം. പെരിയ കേസ് പ്രതികളെ ജയിലില്‍ കണ്ടതില്‍ പി.ജയരാജന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
''അന്‍വര്‍ ഒരു അടഞ്ഞ അധ്യായമാണ്. നിയമവാഴ്ച സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് എല്ലാവര്‍ക്കും അനുവദനീയമാണ്. എന്നാല്‍ ഒരു ഓഫീസില്‍ കയറി അടിച്ചുപൊളിക്കുക എന്ന് പറയുന്നത് അവകാശത്തില്‍ പെടുന്നതല്ല. ഇത്തരം തെറ്റായ നടപടികള്‍ ഇല്ലാതാക്കണമെങ്കില്‍, ആരുടെ ഭാഗത്തുനിന്ന് ആയാലും സഡന്‍ ആക്ഷന്‍ തന്നെയാണ് പ്രധാനം. അന്‍വറിന് താരപരിവേഷം നല്‍കുന്നത് മാധ്യമങ്ങളാണ്. കുറച്ചുകാലം അങ്ങനെയുണ്ടാകും'' -ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
അന്‍വറിനെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. സി.പി.എമ്മിന്റെ പ്രതികാര നടപടിയാണ് അറസ്റ്റ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമ ഭേതഗതയിയേയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളിയെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു. രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കരുളായി വനത്തില്‍ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകര്‍ത്ത കേസിലാണ് പി.വി. അന്‍വര്‍ എം.എല്‍.എയെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ പൊലീസാണ് രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എം.എല്‍.എ അടക്കം 11 പേര്‍ക്കെതിരെ കേസെടുത്തു. എം.എല്‍.എയുടെ ഒതായിയിലെ വീട്ടിലും പരിസരത്തുമായി വന്‍ പൊലീസ് സന്നാഹം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.