ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള നിലപാടാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കം; ബി.ജെ.പി സര്‍ക്കാര്‍ ബോധപൂര്‍വം അവരുടെ വിഭാഗീയ നിലപാട് തുടരുന്നുവെന്ന് ടി പി രാമകൃഷ്ണന്‍
ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള നിലപാടാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കം
മധുര: ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള നിലപാടാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ബി.ജെ.പി സര്‍ക്കാര്‍ ബോധപൂര്‍വം അവരുടെ വിഭാഗീയ നിലപാട് തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിനെ എതിര്‍ക്കുന്ന നിലപാട് എല്‍.ഡി.എഫ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ബില്‍ പാസായാലും ജനവികാരം വ്യക്തമായിതന്നെ എല്‍.ഡി.എഫ് അറിയിക്കുമെന്ന് പറഞ്ഞ ടി.പി. രാമകൃഷ്ണന്‍, ലോക്‌സഭയില്‍ നിലപാട് വ്യക്തമാക്കാന്‍ തയാറാകാത്തതില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുകയും ചെയ്തു.
''ബി.ജെ.പി സര്‍ക്കാര്‍ ബോധപൂര്‍വം അവരുടെ വിഭാഗീയ നിലപാട് തുടരുകയാണ്. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന നിലപാടാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കത്തിലുള്ളത്. വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചിരുന്നത് മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഭൂമിയോ സ്വത്തോ വഖഫ് ചെയ്യാവുന്ന നിലയിലാണ്. ഇതില്‍ മാറ്റംവരുത്തുന്ന രീതിയിലാണ് ഭേദഗതി വന്നിട്ടുള്ളത്. ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇക്കാര്യത്തില്‍ യോജിച്ച നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കേണ്ടതാണ്. വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും പ്രതിപക്ഷത്തെ യോജിപ്പിച്ച് നിര്‍ത്താനുള്ള പ്രതികരണം രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വയനാട്ടുകാരുടെ പൊതുനിലപാട് അറിയിക്കാന്‍ പ്രിയങ്ക ഗാന്ധിക്കായിട്ടില്ല. ബില്ലിനെ എതിര്‍ക്കുന്ന നിലപാട് എല്‍.ഡി.എഫ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ബില്‍ പാസായാലും ജനവികാരം വ്യക്തമായിതന്നെ എല്‍.ഡി.എഫ് അറിയിക്കും'' -ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
12 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വഖഫ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. 390 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. തുടര്‍ന്ന് മറ്റുഭേദഗതികള്‍ വോട്ടിനിട്ടു. പാര്‍ലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് വിവാദ വഖഫ് ബില്‍ ലോക്‌സഭയില്‍ അടിച്ചേല്‍പിച്ചത്. 232 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ 288 പേര്‍ അനുകൂലിച്ചു. ബില്ലില്‍ ചര്‍ച്ചക്കും മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടിക്കും ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ 12.06നാണ് വോട്ടെടുപ്പ് നടപടിക്രമം ആരംഭിച്ചത്. വോട്ടെടുപ്പ് കഴിയുമ്പോള്‍ 1.45 കഴിഞ്ഞു.