കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം; പാർട്ടിയെ ഉന്മൂലനം ചെയ്യാൻ ശ്രമം; വികസന മുരടിപ്പിനുമെതിരെ നിലകൊള്ളുന്നവരെ വിമര്‍ശിക്കാന്‍ ഇടത്-വലത് സഖ്യത്തിന് യോഗ്യതയില്ലെന്നും സാബു എം. ജേക്കബ്

Update: 2026-01-24 07:35 GMT

കൊച്ചി: കേരളത്തിന്റെ സമഗ്ര വികസനം എന്ന ട്വന്റി20 പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുന്നതിനാണ് എൻഡിഎയുടെ ഭാഗമായതെന്ന് പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ജനക്ഷേമത്തിനായി അഴിമതി രഹിത സത്ഭരണം കാഴ്ച്ചവച്ച ട്വന്റി20 പാര്‍ട്ടിയെ ഉന്മൂലനം ചെയ്യുന്നതിനാണ് ഇടത്-വലത് സഖ്യം ഒരുമിച്ച് ശ്രമിച്ചുവരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികള്‍ക്കൊപ്പം ട്വന്റി20 യെ ഇല്ലാതാക്കാന്‍ ഈ അവിശുദ്ധ കൂട്ടുകെട്ട് ഒന്നിച്ച് രംഗത്തിറങ്ങിയത് കേരള സമൂഹം മറന്നിട്ടില്ല. ഇടതിന്റെയും വലതിന്റെയും കപടതയെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അഴിമതിക്കും, അക്രമത്തിനും, വികസന മുരടിപ്പിനുമെതിരെ പ്രവര്‍ത്തിക്കുന്ന ട്വന്റി20 പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ ഇവര്‍ക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് സാബു ജേക്കബ് ചോദിച്ചു.

ഇടത്-വലത് മുന്നണികളുടെ ജനദ്രോഹ സമീപനങ്ങള്‍ക്കും, കൊടിയ അഴിമതികള്‍ക്കുമെതിരെ രൂപം കൊടുത്ത പാര്‍ട്ടിയാണ് ട്വന്റി20. അഴിമതി രഹിതവും ജനക്ഷേമത്തിലൂന്നിയുള്ള വികസനം നടപ്പാക്കി വിജയിച്ച ഈ മാതൃക കേരളം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. 140 കോടി ജനങ്ങളുള്ള ഭാരതത്തില്‍ മൂന്നാം വട്ടവും അധികാരത്തിലെത്തിയ മുന്നണിയുമായാണ് ട്വന്റി20 സഹകരിക്കുന്നത്. പാര്‍ട്ടിയിലെ വളരെ ചെറിയ വിഭാഗം പ്രവര്‍ത്തര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാവാതെ പുറത്ത് പോയെങ്കിലും അതിന്റെ നൂറ് ഇരട്ടി പുതിയ അംഗങ്ങളാണ് പാര്‍ട്ടിയിലേയ്ക്ക് അനുദിനം ഒഴുകിയെത്തുന്നത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ അതിവേഗം വളര്‍ച്ച കൈവരിക്കുമ്പോള്‍ കേരളം വ്യദ്ധസദനമായി മാറുകയാണ്. ഇടത്-വലത് മുന്നണികള്‍ സ്വീകരിച്ചുവരുന്ന പിന്തിരിപ്പന്‍ സമീപനം മൂലം ഏഴ് പതിറ്റാണ്ടായിട്ടും ഇന്നും കേരളം പിന്നോക്കാവസ്ഥയിലാണ്. ശമ്പളത്തിനും നിത്യചിലവുകള്‍ക്കും കടം വാങ്ങി മുന്നോട്ടുപോകുന്ന നയമാണിവര്‍ക്കുള്ളത്. വികസന മുരടിപ്പ് തുറന്ന് കാട്ടപ്പെടാതിരിക്കാന്‍ നിരന്തരം വര്‍ഗീയത പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്താനാണിവര്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനും ക്ഷേമം ഉറപ്പാക്കാനും നാളിതുവരെ ഇടത് വലത് മുന്നണികള്‍ക്കായിട്ടില്ല. എന്നാല്‍ ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനം നൂനപക്ഷങ്ങളുടെ അവകാശവും സംരക്ഷണവും ഉറപ്പാക്കും. ഇക്കാര്യത്തില്‍ ആരും ആശങ്കെപ്പെടേണ്ടതില്ലെന്നും സാബു ജേക്കബ് ഉറപ്പ് നല്‍കി.

പ്രധാന മന്ത്രി നരേന്ദ്ര മോദി ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളിലൂടെ ഓരോ ഭാരതിയന്റെയും ജീവിത നിലവാരം ഉയര്‍ത്തുകയും ഭാരതീയര്‍ക്ക് ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുവാന്‍ കഴിയുന്ന വിധത്തില്‍ ലോകത്തെ നാലാമത്തെ സാമ്പത്തിക, സൈനിക ശക്തിയായി രാജ്യത്തെ ഉയര്‍ത്തി. കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളില്‍ അധിഷ്ഠിതമായ പരമ്പരാഗതമായ ശൈലി പിന്‍ന്തുടരുന്ന സിപിഎമ്മിനോ, കോണ്‍ഗ്രസിനോ കേരളത്തില്‍ ഒരു മാറ്റവും കൊണ്ടുവരാനാകില്ല. ഇവരെ പിന്തുണയ്ക്കുന്നതും ആത്മഹത്യാപരമാണ്.

കാലഘട്ടത്തിന്റെ അനിവാര്യതയായ സാങ്കേതിക വിദ്യയും, പ്രൊഫഷണലിസവും സമുന്നയിപ്പിച്ചുള്ള രാഷ്ടീയ സമീപനമാണ് കേരളത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യം. മറ്റ് സംസ്ഥാനങ്ങള്‍ സമസ്ത മേഖലയിലും അതിവേഗം മുന്നേറുമ്പോള്‍ കേരളം പിന്നോക്കം പോകുകയാണ്. ഇതില്‍ നിന്നുമുള്ള കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ട്വന്റി20യുടെ മുന്നണി പ്രവേശനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു. കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളിലുമാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഇത് അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News