എഡിഎമ്മിന്റെ മരണത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തം, ദിവ്യയുടെ നടപടിയെ ഒരു പാര്‍ട്ടി നേതാവും ന്യായീകരിച്ചിട്ടില്ല; കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്ന് തോമസ് ഐസക്ക്
എഡിഎമ്മിന്റെ മരണത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തം
ആലപ്പുഴ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരു പാര്‍ട്ടി നേതാവും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നടപടിയെ ന്യായീകരിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. സിപിഎമ്മിന് ഒരു നിലപാടേയുള്ളു അത് കുടുംബത്തോടൊപ്പമാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
അണ്‍കണ്ടീഷണലായി തന്നെ പിപി ദിവ്യയുടെ പെരുമാറ്റത്തെ പാര്‍ട്ടി തള്ളിക്കളയുകയാണ്. ഡിവൈഎഫ്ഐ എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാടേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലിരിക്കുന്നവര്‍ ഒരിക്കലും ഇത്തരത്തില്‍ പ്രതികരിക്കരുത്. അവ തിരുത്തപ്പെടേണ്ടതാണ്. ആരെ അറസ്റ്റ് ചെയ്യണം എന്നുള്ളത് രാഷ്ട്രീയ തീരുമാനമല്ല. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികള്‍ പൊലീസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്നു പറയുന്ന ഒക്ടോബര്‍ ആറാം തീയതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചു. നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂര്‍വ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണ്. നാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തുകയായിരുന്നു എന്നും അമ്മാവന്റെ മകന്‍ ഗിരീഷ് കുമാര്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള മൊഴിയെടുപ്പ് തുടരുകയാണ്. കളക്ടറുടെ ചേമ്പറിലേക്ക് വിളിച്ചു വരുത്തിയാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത മൊഴിയെടുക്കുന്നത്. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കും.