'മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാകണമെന്ന ആഗ്രഹമേയുള്ളൂ'; മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യത്തെ ചുവടെന്ന് തോമസ് കെ തോമസ്

മന്ത്രിസ്ഥാനം മാറണമെന്ന് ശരദ് പവാര്‍ ശശീന്ദ്രനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2024-09-29 12:23 GMT

ആലപ്പുഴ: മന്ത്രിസ്ഥാനത്തേക്ക് വരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യത്തെ ചുവടെന്ന് തോമസ് കെ തോമസ് എംഎല്‍എ. എന്‍സിപി എടുക്കുന്ന തീരുമാനം അറിയിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്‍സിപി ദേശീയ നേതൃത്വം പറഞ്ഞത് നടപ്പിലാക്കണമെന്നേ തനിക്കുള്ളൂ. അതല്ലാതെ തനിക്ക് മന്ത്രിയാവണമെന്നില്ല. മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. രണ്ടര വര്‍ഷം മന്ത്രി സ്ഥാനം പങ്കിടണം എന്നത് നേരത്തെ ഉള്ള തീരുമാനമാണ്. മന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

മന്ത്രിസ്ഥാനം മാറണമെന്ന് ശരദ് പവാര്‍ ശശീന്ദ്രനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി തീരുമാനം നടപ്പിലാക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം. അനാവശ്യമായ ഒരു വിവാദത്തിനും അടിസ്ഥാനമില്ല. എന്തുകൊണ്ടാണ് ഇത്ര പ്രശ്‌നം എന്ന് മനസ്സിലാവുന്നില്ല.

താനും എ.കെ ശശീന്ദ്രനും പി.സി ചാക്കോയും മൂന്നാം തിയ്യതി മുഖ്യമന്ത്രിയെ കാണും. പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കും. സി.പി.എമ്മിന്റെ വോട്ടുണ്ടെങ്കിലേ കുട്ടനാട്ടില്‍ ജയിക്കാന്‍ കഴിയൂ. എന്നും എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്നും യുഡിഎഫിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രന്‍ മാറുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ അറിയിച്ചിരുന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പി.സി.ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News