മന്ത്രിപദം മോഹിച്ച് പാര്‍ട്ടിയില്‍ 'പോരാട്ട'ത്തിന് ഇറങ്ങി; കളം ഒരുക്കിയ പി.സി. ചാക്കോയുടെ അപ്രതീക്ഷിത രാജി; ഒടുവില്‍ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്തേക്ക് തോമസ് കെ. തോമസ്; എന്‍സിപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു; സുരേഷ് ബാബുവും രാജന്‍ മാസ്റ്ററും വര്‍ക്കിങ് പ്രസിഡന്റുമാര്‍

തോമസ് കെ തോമസ് എന്‍സിപി അധ്യക്ഷന്‍

Update: 2025-02-28 13:38 GMT

തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പാര്‍ട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്. പി.എം. സുരേഷ് ബാബുവിനെയും പി.കെ. രാജന്‍ മാസ്റ്ററെയും വര്‍ക്കിങ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. പി.സി. ചാക്കോ രാജി വച്ചതോടെയാണ് തോമസ് കെ. തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് കെ. തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ തീരുമാനിച്ചിരുന്നു.

സംസ്ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ. തോമസിനെ അധ്യക്ഷനാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കുട്ടനാട് എംഎല്‍എയാണു തോമസ് കെ. തോമസ്. തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ ഇറങ്ങിത്തിരിച്ച പി.സി. ചാക്കോയുടെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് പുതിയെ അധ്യക്ഷനെ എന്‍സിപി പ്രഖ്യാപിച്ചത്. ശശീന്ദ്രന്‍ വിഭാഗവും തോമസിനെ പിന്തുണക്കുകയായിരുന്നു. സമവായത്തിന്റെ ഭാഗമായി പി.സി. ചാക്കോ, ശശീന്ദ്രന്‍, തോമസ് കെ. തോമസ് എന്നിവരുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാന കൗണ്‍സില്‍ യോഗം വിളിപ്പിച്ച് ചാക്കോയെ പ്രസിഡന്റുസ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രന്‍ വിഭാഗം. അതിനായി അവര്‍ ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ചാക്കോ അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചത്.

മന്ത്രിസ്ഥാനത്തുനിന്ന് ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള ചാക്കോയുടെ നീക്കങ്ങളാണ് അദ്ദേഹത്തിനുതന്നെ തിരിച്ചടിയായത്. മന്ത്രിമാറ്റത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാടെടുത്തതോടെ ചാക്കോയ്ക്ക് പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതായി. ഒടുവില്‍ നിലനില്‍പ്പിനായി തോമസ് കെ. തോമസും ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ കോണ്‍ഗ്രസില്‍ നിന്നെത്തിയ ചാക്കോ പാര്‍ട്ടിയില്‍ പൂര്‍ണമായി ഒറ്റപ്പെട്ടു.

Tags:    

Similar News