മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു; ആര്‍ക്കും അത് കെടുത്താനാകില്ല; അന്‍വര്‍ ശത്രുക്കളുടെ കയ്യില്‍ കളിക്കുന്നു; പി വി അന്‍വറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ടിപി രാമകൃഷ്ണന്‍

അന്‍വറിന്റെ നിലപാടിനെ ഒരുകാരണവശാലും സിപിഎമ്മിന് അംഗീകരിക്കാനാകില്ല

Update: 2024-09-26 13:25 GMT

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എ പാര്‍ട്ടി ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട് അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാകുംമുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയാണെന്നും ആര്‍ക്കും അത് കെടുത്താനാകില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പിവി അന്‍വര്‍ ഉയര്‍ത്തിയ പുതിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ടിപി രാമകൃഷ്ണന്‍. പിണറായി എന്ന സൂര്യന്‍ കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു. ഇതിനോടാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

അന്‍വറിന്റെ ചെയ്തികള്‍ തെറ്റാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചേരുന്ന രീതിയിലല്ല അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. അന്‍വറിനെ അപകടത്തിലാക്കുന്നതിന് വേണ്ടി ഏതോ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അതില്‍ അദ്ദേഹം പെട്ടുപോവുകയാണ്. അന്‍വറിന്റെ നിലപാടിനെ ഒരുകാരണവശാലും സിപിഎമ്മിന് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനൊക്കെ അന്‍വറിന് അവകാശമുണ്ട്. പക്ഷേ മുഖ്യമന്ത്രിയുടെ അംഗീകാരം ജനങ്ങളില്‍ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങള്‍ നല്‍കിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. അന്‍വറിന്റെ പത്രസമ്മേളനം കൊണ്ടോ ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടോ ഇതൊന്നും അവസാനിക്കുന്നതല്ല.

അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാര്‍ട്ടി നിലപാടാണ്. മുഖ്യമന്ത്രി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. അന്‍വര്‍ ശത്രുക്കളുടെ കയ്യില്‍ കളിക്കുകയാണ്. അന്‍വറിന്റെ ചെയ്തികള്‍ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങള്‍ നല്‍കിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മ്മിച്ചതല്ല. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണ്.

ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അന്‍വര്‍ പ്രവര്‍ത്തിക്കുകയാണ്. അന്‍വര്‍ നിലപാട് തിരുത്തണം. സിപിഎം അംഗമാണെങ്കില്‍ അന്‍വറിനെ സസ്‌പെന്‍ഡ് ചെയ്യാം. അന്‍വര്‍ സ്വതന്ത്ര എംഎല്‍എയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച പിവി അന്‍വര്‍ പിണറായി വിജയനെ കണ്ടത് അച്ഛന്റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാര്‍ട്ടിയില്‍ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പി ശശി കാട്ടുകള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യന്‍ കെട്ടുപോയി. തെളിവ് നല്‍കിയിട്ടും വിജിലന്‍സ് അന്വേഷണത്തിന് 6 മാസം സമയം നല്‍കി. സ്‌പോട്ടില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാര്‍. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ ആറുമാസം കൂടി സമയം നല്‍കുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റായിപ്പോയി. തന്നെ കള്ളകടത്തുകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയെ പാര്‍ട്ടിയും തിരുത്തിയില്ലെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വര്‍ണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അന്‍വര്‍ ചോദിച്ചു. പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേര്‍ന്ന് എത്ര സ്വര്‍ണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അന്‍വര്‍ ചോദിച്ചു.

Tags:    

Similar News