നിയമസഭയിലേക്ക് അതിശക്തമായ പോരാട്ടത്തിന് ഒരുക്കം തുടങ്ങി ട്വന്റി-20; അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന് പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍; നെഞ്ചിടിക്കുന്നത് ഏത് മുന്നണിക്ക്?
നിയമസഭയിലേക്ക് അതിശക്തമായ പോരാട്ടത്തിന് ഒരുക്കം തുടങ്ങി ട്വന്റി-20;
കൊച്ചി: നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ സുപ്രധാന പ്രഖ്യാപനവുമായി ട്വന്റി-20. നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കാന്‍ ട്വന്റി-20 തയ്യാറെടുക്കുകയാണ്. മത്സരിക്കാനുള്ള മുന്നൊരുക്കം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍ദേശം നല്‍കി.
തുടര്‍ഭരണം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാറും ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫും കനത്ത പോരാട്ടത്തിന് ഒരുങ്ങുമ്പോഴാണ് സാബു എം ജേക്കബിന്റെ പാര്‍ട്ടിയും കളത്തിലിറങ്ങുന്നത്. എറണാകുളം ജില്ലയില്‍ അടക്കം ട്വന്റി-20യുടെ സ്ഥാനാര്‍ഥികള്‍ എത്തുമ്പോള്‍ അത് വോട്ടു വിഘടപ്പിക്കലിന് ഇടയാകുമെന്ന് ഉറപ്പാണ്. ഏത് മുന്നണിക്കാകും തിരിച്ചടി നേരിടേണ്ടി വരിക എന്നാണ് ഉയരുന്ന ചോദ്യം. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി.
'140 ഇടത്തും മത്സരിക്കണമെന്നാണ് അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയുടെ കമ്മിറ്റികളുള്ള സ്ഥലത്ത് മത്സരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ലൊരു വിജയമാണ് കാഴ്ചവെച്ചത്. ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു' സാബു എം ജേക്കബ് പറഞ്ഞു. പ്രഗത്ഭരായിട്ടുള്ള ആളുകളെ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മത്സരിക്കുന്ന സ്ഥലങ്ങളെയും സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. കഴിഞ്ഞതവണ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് എറണാകുളത്ത് ട്വന്റി-20യുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളേയും നേരിട്ട് രണ്ട് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ ട്വന്റി 20ക്ക് സാധിച്ചിരുന്നു. ഐക്കരനാട് തൂത്തുവാരിയെങ്കിലും കിഴക്കമ്പലത്ത് ട്വന്റി 20ക്ക് തിരിച്ചടി നേരിട്ടിരുന്നു. രണ്ടു പഞ്ചായത്തില്‍ക്കൂടി ട്വന്റി 20ക്ക് ഭരണം നഷ്ടപ്പെട്ടു. ഭരണത്തിലുണ്ടായിരുന്ന കുന്നത്തുനാടും മഴുവന്നൂരുമാണ് ട്വന്റി 20ക്ക് ഭരണം നഷ്ടപ്പെട്ടത്. അതേസമയം തിരുവാണിയൂരില്‍ ശക്തമായ സാന്നിധ്യമാകാനും ട്വന്റി 20ക്കായി.
അതേ സമയം, കിഴക്കമ്പലത്ത് എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളെയാണ മത്സരിക്കാന്‍ ഇറക്കിയത്. എന്നിട്ടും ട്വന്റി 20 വിജയിച്ചു കയറി. കിഴക്കമ്പലം പഞ്ചായത്തിലെ 14 സീറ്റില്‍ ട്വന്റി 20ക്ക് വിജയിക്കാനായി. അതേസമയം, ഐക്കരനാട് പഞ്ചായത്തിലെ മുഴുവന്‍ സീറ്റുകളും തിരുവാണിയൂരിലെ 18ല്‍ 9 സീറ്റും ട്വന്റി 20 നേടി. പൂതൃക്കയില്‍ 7, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ 6, തൊടുപുഴയിലെ മണക്കാട് പഞ്ചായത്തില്‍ ഒരു സീറ്റ്, വെങ്ങോല പഞ്ചായത്തിലെ 6 വാര്‍ഡുകള്‍, ഒരു ബ്ലോക്ക് ഡിവിഷന്‍ എന്നിവിടങ്ങളിലും ട്വന്റി 20 വിജയിച്ചു.
അതേ സമയം, മഴുവന്നൂരിലെ 18 സീറ്റില്‍ 6 എണ്ണം മാത്രമേ ട്വന്റി 20ക്ക് നേടാനായുള്ളൂ. യുഡിഎഫ് ഇവിടെ 7 സീറ്റുകള്‍ നേടി. കുന്നത്തുനാട്ടില്‍ ആവട്ടെ, 11 സീറ്റുകളുമായി യുഡിഎഫ് വന്‍ തിരിച്ചുവരവ് നടത്തി. ട്വന്റി 20 ഇവിടെ 8 സീറ്റുകള്‍ നേടി. കഴിഞ്ഞ തവണയും ഐക്കരനാട് പഞ്ചായത്തിലെ മുഴുവന്‍ സീറ്റിലും വിജയിച്ചതിനു സമാനമായി ഇത്തവണയും 16 സീറ്റിലും ട്വന്റി 20 വിജയിച്ചു. കിഴക്കമ്പലത്ത് 1 സീറ്റ് യുഡിഎഫ് പിടിച്ചപ്പോള്‍ ബാക്കി സീറ്റുകള്‍ 'സ്വതന്ത്ര' സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. കാനാംപുറം വാര്‍ഡിലാണ് കോണ്‍ഗ്രസ് ജയിച്ചത്. വാഴക്കുളം ബ്ലോക്കിലെ പൂക്കാട്ടുപടി, കിഴക്കമ്പലം ഡിവിഷനുകളും ട്വന്റി 20 നിലനിര്‍ത്തി. ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ അക്കൗണ്ട് തുറക്കാന്‍ ട്വന്റി 20യ്ക്കായി. കാക്കനാട് ബ്ലോക്കിലാണ് പാര്‍ട്ടി ജയിച്ചത്.
