ഇനി എന്റെ ഭാവി 'താമര'യെന്ന് ഉറക്കെപ്പറഞ്ഞ കിറ്റെക്സ് തലവൻ; ഇതോടെ പാർട്ടിക്കുള്ളിൽ ഭിന്നത; എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ കോൺഗ്രസിൽ ചേർന്നു

Update: 2026-01-30 13:36 GMT

എറണാകുളം: എൻ.ഡി.എ. മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് ട്വന്റി-20യിൽ നിന്ന് രാജിവെച്ച ആറ് പ്രാദേശിക നേതാക്കളായ പ്രവർത്തകർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ട്വന്റി-20യുടെ എറണാകുളം ഘടകത്തിലെ പ്രവർത്തകരാണ് കോൺഗ്രസിന്റെ ഭാഗമായത്.

കോൺഗ്രസിൽ ചേരുന്നവർക്കെല്ലാം പാർട്ടി സംരക്ഷണം നൽകുമെന്ന് കോൺഗ്രസ് നേതാവ് വി.പി. സജീന്ദ്രൻ അറിയിച്ചു. "ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് ചേരുന്നതിനായി തയ്യാറായി നിൽക്കുന്ന നിരവധിയാളുകൾ ഇനിയുമുണ്ട്. ട്വന്റി-20യിൽ ശമ്പളം വാങ്ങുന്നവരുടെ ശരീരം അവിടെയാണെങ്കിലും മനസ്സുകൊണ്ട് അവർ ഞങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ട് കൂടെയുണ്ട്," സജീന്ദ്രൻ കൂട്ടിച്ചേർത്തു.

നേരത്തെ, ട്വന്റി-20യുടെ എൻ.ഡി.എ. പ്രവേശനത്തിൽ പ്രതിഷേധിച്ച് വടവുകാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂർ പഞ്ചായത്ത് കോർഡിനേറ്റർ രഞ്ചു പുളിഞ്ചോടൻ, ഐക്കരനാട് പഞ്ചായത്ത് മുൻ മെമ്പർ ജീൽ മാവേൽ എന്നിവരടക്കം നിരവധി പേർ ട്വന്റി-20യിൽ നിന്ന് രാജിവെച്ചിരുന്നു. രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാൽ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു മുൻ നിലപാടെന്നും, എൻ.ഡി.എ. സഖ്യത്തെക്കുറിച്ച് ജനപ്രതിനിധികൾക്ക് അറിവില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് പ്രവർത്തകർ രാജി പ്രഖ്യാപിച്ചത്.

കൂടുതൽ പ്രവർത്തകർ രാജിവെക്കുമെന്നും അവർ കോൺഗ്രസിൽ ചേരുമെന്നും വടവുകാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ റസീന പരീത് അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ ട്വന്റി-20 പ്രവർത്തകർ കോൺഗ്രസിലെത്തിയത്. ട്വന്റി-20യുടെ മുന്നണി മാറ്റം പ്രാദേശിക രാഷ്ട്രീയത്തിൽ തുടർച്ചയായ കൂറുമാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്.

Tags:    

Similar News