'തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍' എന്ന വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ചു; ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് സാദിഖലി തങ്ങള്‍ ഖാസിയായെന്ന് പറഞ്ഞ് വീണ്ടും വിവാദത്തില്‍; ഉമര്‍ ഫൈസി മുക്കം ലീഗിനും സമസ്തക്കും തലവേദന; സി.ഐ.സി വിവാദങ്ങള്‍ക്ക് പിന്നാലെ സമസ്തയിലെ അസ്വാരസ്യങ്ങള്‍ വീണ്ടും പുറത്തേക്ക്
ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് സാദിഖലി തങ്ങള്‍ ഖാസിയായെന്ന് പറഞ്ഞ് വീണ്ടും വിവാദത്തില്‍
കെ.എം റഫീഖ്
മലപ്പുറം: പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഖാസി ആകാന്‍ യോഗ്യതയില്ലെന്ന രൂക്ഷ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. നേരത്തെ മുതലെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ സമസ്തയിലെ ഒരു വിഭാഗം രഹസ്യമായി രംഗത്തുണ്ടെങ്കിലും ഇത്രരൂക്ഷമായി സാദിഖലി തങ്ങളെ സമസ്ത നേതാക്കളില്‍ ഒരാള്‍ വിമര്‍ശിക്കുന്നതും ഇതാദ്യമാണ്. പാണക്കാട്ടെ മുതിര്‍ന്ന കുടുംബാംഗം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനാകുമ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസിയാകുന്നതും ഈ സ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണ്.
സമാനമായി സാദിഖലി തങ്ങളും ആയെങ്കിലും സാദിഖലി തങ്ങള്‍ക്ക് മതപാണ്ഡിത്യമില്ലെന്നും മറ്റുപല അജണ്ഡകളാണെന്നും സമസ്തയിലെ ഒരു വിഭാഗം നേരത്തെ മുതലെ രഹസ്യമായി ആരോപിച്ചിരുന്നു. കോഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്(സിഐസി) വിഷയത്തില്‍ മധ്യസ്ഥന്മാര്‍ മുഖേന ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയ ഹക്കീം ഫൈസിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കിയത് പാണക്കാട് സാദിഖലി തങ്ങളുടെ ഒരാളുടെ മാത്രം ഇടപെടല്‍കൊണ്ടാണെന്നു നേരത്തെ സമസ്ത നേതാക്കള്‍ ആരോപിച്ചിരുന്നു.
ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് സാദിഖലി തങ്ങള്‍ ഖാസിയായതെന്നും സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ആരോപിച്ചതോടെ സമസ്തയിലെ അസ്വാരസ്യങ്ങള്‍ വീണ്ടും പരസ്യമായി പുറത്തേക്ക് വരികയാണ്. ഖാസി ഫൗണ്ടേഷന്‍ രൂപീകരിച്ചതിന്റെ അര്‍ഥമെന്താണ്? ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നടത്തുമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി. മലപ്പുറം എടവണ്ണപ്പാറയില്‍ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഉമര്‍ ഫൈസി.
'തനിക്ക് ഖാസി ആവണമെന്ന് ചിലര്‍ക്കുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാക്കാന്‍ ചിലരുണ്ട്. ഖാസിയാകാന്‍ ഇസ് ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാതെ പലരും ഖാസി ആകുന്നു. മുമ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വിവരം ഒരു ഖാസിക്ക് വേണം. അത് ഉണ്ടെന്ന് അവര്‍ അവകാശപ്പെടുന്നില്ല. കിത്താബ് ഓതിയ ആളാണെന്ന് ആരും പറയുന്നുമില്ല. സിഐസി വിഷയത്തില്‍ സമസ്ത ഒരു കാര്യം പറഞ്ഞു. അത് കേള്‍ക്കാനും തയാറില്ല. പണ്ട് അങ്ങനെയാണോ. സമസ്ത പറയുന്ന കാര്യങ്ങളുടെ കൂടെയാണ് സാദാത്തുക്കള്‍ നിന്നിരുന്നത്, ഇതിന് തയാറാകുന്നില്ല. ഇപ്പോള്‍ സമസ്തയെ വെല്ലുവിളിച്ച് വേറെ പാര്‍ട്ടി ഉണ്ടാക്കുകയാണ്. നമ്മുടെ കൈയില്‍ ആയുധങ്ങളുണ്ടെന്ന് അവര്‍ കരുതിയിരുന്നോണം. ആയുധങ്ങള്‍ ഉള്ളത് കൊണ്ട് നമ്മളത് ദുരുപയോഗം ചെയ്യാതെ, ആവശ്യം വരുമ്പോള്‍ അത് എടുക്കുമെന്ന ഭയം നിങ്ങള്‍ക്കുള്ളത് നല്ലതാ. നിങ്ങള്‍ അതിരുവിട്ട് പോകുന്നുണ്ട്.
വിവരമില്ലാത്തവരെ ഖാസിയാക്കിയാല്‍ അവിടത്തെ ഖാസിയല്ലേ ആവുകയുള്ളൂ. എല്ലാവരെയും വിളിച്ചുകൂട്ടി ഖാസി ഫൗണ്ടേഷന്‍, ഇതിന്റെ അര്‍ഥമെന്താണ്. ഇതൊന്നും നമുക്ക് അറിയില്ലെന്ന് വിചാരിച്ചോ?. ഖാസിമാരെ നമുക്കറിയാം, എന്നാല്‍ ഖാസി ഫൗണ്ടേഷന്‍ എന്ന് കേട്ടിട്ടുണ്ടോ?' ഉമര്‍ ഫൈസി ചോദിച്ചു. സി.ഐ.സി വിഷയത്തില്‍ മറ്റുള്ളവരെ പരിഗണിക്കാതെ സമസ്ത പണ്ഡിതരെ മുഖവിലക്കെടുക്കാത്ത ധിക്കാരിയായ ഹക്കീം ഫൈസിക്കു എന്തിനാണിത്ര പരിഗണന നല്‍കുന്നതെന്നാണു ഒരുവിഭാഗം സമസ്ത നേതാക്കള്‍ ചോദിക്കുന്നു. ഈനടപടി ശരിയായില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
സി.ഐ.സി തുടരുന്ന പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരവെ അതിനെ തകര്‍ക്കാനുള്ള ശ്രമം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ രംഗത്തുണ്ട്. ഭിന്നിപ്പ് ശ്രമത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നാണു നേതാക്കളുടെ ആവശ്യം. സമസ്ത - മുസ്ലിം ലീഗ് നേതൃത്വം ഒരുമിച്ചുചേര്‍ന്ന് വിഷയത്തില്‍ പ്രശ്നപരിഹാര മാര്‍ഗരേഖ തയാറാക്കിയിരുന്നു. ഇത് സമസ്ത മുശാവറയും സി.ഐ.സിയും അംഗീകരിക്കുകയെന്നതായിരുന്നു തീരുമാനം. സമസ്ത മുശാവറ ഇത് ഐകകണ്ഠ്യേന അംഗീകരിച്ചെങ്കിലും സി.ഐ.സി ഇതു അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മധ്യസ്ഥന്മാര്‍ തയാറാക്കിയ വ്യവസ്ഥകള്‍ വികലമാക്കി സമസ്തക്ക് അയക്കുകയാണ് ചെയ്തതെന്നും സമസ്ത നേതാക്കള്‍ പറയുന്നു.
ഈ പശ്ചാത്തലത്തിലാണു മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്!ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്!ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പ്രശ്നപരിഹാരത്തിന് യോഗം ചേരാനിരിക്കെയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുംവിധം ഏകപക്ഷീയമായി സമസ്ത മാറ്റിനിര്‍ത്തിയ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയായ പുതിയ സി.ഐ.സി കമ്മിറ്റി പ്രഖ്യാപനം വന്നത്.
സമുദായത്തില്‍ ഐക്യം ശക്തമാക്കേണ്ട ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു സമസ്തയിലെ വലിയൊരു വിഭാഗം നേതാക്കളും. രമ്യമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളെ സങ്കീര്‍ണമാക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, ജംഇയ്യതുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. അബ്ദുറഹ്‌മാന്‍ മുസ്!ലിയാര്‍, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.ഇ.എ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഒ.പി.എം. അഷ്റഫ് എന്നിവര്‍ പറയുന്നു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.ടി. അബ്ദുള്ള മുസ്ലിയാര്‍, കൊയ്യോട് ഉമ്മര്‍ മുസ്ലിയാര്‍ എന്നീ നേതാക്കള്‍ കോഴിക്കോട് വെച്ച് ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പുതുതായി തെരെഞ്ഞടുക്കപ്പെട്ട സി.ഐ.സി. കമ്മിറ്റിയിലെ പ്രധാന ഭാരവാഹികളുടെ യോഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് വെച്ച് ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നത്.
അതേ സമയം മഹല്ലില്‍ ചിദ്രതയും അനൈക്യവും ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നുള്‍പ്പെടെ ആഹ്വാനംചെയ്തുകൊണ്ട് പാണക്കാട് സയ്യിദുമാര്‍ ഖാസി സ്ഥാനം വഹിക്കുന്ന മഹല്ല് സാരഥികളുടെയും സയ്യിദുമാര്‍ പ്രസിഡണ്ട് പദവിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികളുടെയും കൂട്ടായ്മയായ ഖാസി ഫൗണ്ടേഷന്‍ മേഖലാ സംഗമങ്ങളുടെ ഒന്നാം ഘട്ടം ഇന്നലെയാണു മലപ്പുറം പുല്ലരയില്‍ സമാപിച്ചത്. മതകാര്യങ്ങളിലെ ഉത്തരവാദിത്ത നിര്‍വഹണത്തിന് ഖാസി ഫൗണ്ടേഷന്‍ വഴിയൊരുക്കുമെന്നും കൃത്യമായ ഉത്തരവാദിത്ത നിര്‍വഹണത്തിന് ഭാരവാഹികള്‍ പൂര്‍ണ്ണ സന്നദ്ധരാവണമെന്നും ഉദ്ഘാടന ഭാഷണത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉണര്‍ത്തി.
കേരളീയ മുസ്ലിം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ് സമസ്ത കഴിഞ്ഞ കാലങ്ങളില്‍ അതിന് നേതൃത്വം നല്‍കിയത് എന്റെ പിതാവും ജഷ്ട സഹോദരങ്ങളുമാണ് അതേപാതയില്‍ ഇന്നും ഞങ്ങള്‍ സമസ്തക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഫൗണ്ടേഷന്റെ പ്രവര്‍ത്തന പദ്ധതി സമസ്തയുടെ ആശയയ ആദര്‍ശ പ്രചാരണത്തിന് ആക്കം കൂട്ടാനെ ഉപകരിക്കൂ തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. മഹല്ലില്‍ ഐക്യവും സഹോദര്യവും നിലനിര്‍ത്തനം മറ്റ് ഇതര സമുദായങ്ങളോട് സഹവര്‍ത്തിത്വത്തോടെ പെരുമാറണം അവരുടെ പ്രയാസമകറ്റാനും മഹല്ല് നേതൃത്വം മുന്‍കൈ എടുക്കണം. മഹല്ലില്‍ ചിദ്രതയും അനൈക്യവും ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. തങ്ങള്‍ മഹല്ല് നേതൃത്വത്തെ ഉല്‍ബോധിപ്പിച്ചു. നേരത്തെ 'തട്ടമിടാത്ത മുസ്‌ലിം സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെ'ന്ന പരാമര്‍ശത്തിന്റെ പേരില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഉമര്‍ ഫൈസിയുടേത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പരാമര്‍ശമായിരുന്നു.