തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും; അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും; മലപ്പുറത്തെ മുസ്ലീംകളെയും പാലായിലെ ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച വെള്ളാപ്പള്ളി ഗുരുദേവന്റെ പതിപ്പാണെന്നു പറഞ്ഞത് ആരാണ്? വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍

തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും; അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും

Update: 2025-09-07 11:10 GMT

തിരുവനന്തപുരം: തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വെള്ളാപ്പള്ളിക്ക് മറുപടിയായി സതീശന്‍ പറഞ്ഞു.

വെള്ളാപ്പള്ളി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. തിളക്കമാര്‍ന്ന ഭൂരിപക്ഷത്തില്‍ യു.ഡി.എഫിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും അദ്ദേഹം പറയുന്നതിന് മറുപടി പറയേണ്ട കാര്യമില്ല.

കേരളത്തിലെ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ദേശീയ തലത്തില്‍ ഒരു സമീപനമുണ്ട്. അത് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണ് തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ആരെയും മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാറില്ല. കേരളത്തില്‍ യു.ഡി.എഫിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടു വരിക എന്നതാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും കോണ്‍ഗ്രസ്- യു.ഡി.എഫ് പ്രവര്‍ത്തകരും എന്നെ എല്‍പ്പിച്ചിരിക്കുന്ന ദൗത്യം. കോണ്‍ഗ്രസാണ് യു.ഡി.എഫിനെ നയിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

വെള്ളപ്പള്ളി അദ്ദേഹം ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്? മലപ്പുറത്തെ മുസ്ലീംകളെയും പാലായിലെ ക്രിസ്ത്യാനികളെയും അദ്ദേഹം അധിക്ഷേപിച്ചു. എന്നിട്ടും പിറ്റേ ആഴ്ച അദ്ദേഹം ഗുരുദേവന്റെ പതിപ്പാണെന്നു പറഞ്ഞത് ആരാണ്? ഗുരുദേവന്‍ അങ്ങനെയായിരുന്നോ? ദയവു ചെയ്ത് ശ്രീനാരായണ ഗുരുദേവനെ അപമാനിക്കരുത്. ഇന്ന് ചതയ ദിനം കൂടിയാണ്. ഞാന്‍ വെള്ളാപ്പള്ളിയുമായി വഴക്കിടാന്‍ പോയിട്ടില്ല. ഗുരു എന്താണോ പറഞ്ഞത് അതിന് വിരുദ്ധമായിട്ടാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നാണ് ഞാന്‍ പറഞ്ഞത്.

ഇപ്പോഴും എന്റെ പരാതി അതുതന്നെയാണ്. എസ്.എന്‍.ഡി.പിയുടെ പരിപാടികളില്‍ പങ്കെടുക്കും. ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി വലിയൊരു പ്രസ്ഥാനമാണ്. ഞാനും ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്ന ശ്രീനാരായണീയനാണ്. എല്ലായിടത്തും ഞാന്‍ പോകും. അവിടെ ആര് ഇരിക്കുന്നുവെന്നത് പ്രശ്നമെയല്ല. - സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സല്‍ നടത്തുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. എല്ലാത്തിനോടും എതിര്‍പ്പ് പ്രകടിപ്പിച്ച് എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുന്നതാണ് സതീശനെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ഒരുപാട് പ്രതിപക്ഷ നേതാക്കന്‍മാരെ കണ്ടിട്ടുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ഇപ്പോഴേ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു സ്റ്റാന്‍ഡേര്‍ഡുള്ള സമീപനവും സംസാരവും സതീശനില്‍നിന്ന് കാണുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗും കേരള കോണ്‍ഗ്രസും ഒപ്പമുള്ളിടത്തോളം കാലം യുഡിഎഫിന് ഒരു അഭിപ്രായം പറയാന്‍ സാധിക്കില്ല. യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഈ വിമര്‍ശനത്തിനാണ് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്.

Tags:    

Similar News