പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ മുണ്ടക്കൈയിലുണ്ട്; കേരളത്തോട് കേന്ദ്രം കാട്ടുന്നത് അവഗണന; ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ പണം? ഉദ്യോഗസ്ഥ തലത്തിലെ മന്ദത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്

പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ മുണ്ടക്കൈയിലുണ്ട്

Update: 2024-10-14 09:57 GMT

തിരുവനന്തപുരം: മുണ്ടക്കൈ ദുരിതബാധികര്‍ക്ക് ആവശ്യമായി സഹായം എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ മുണ്ടക്കൈയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷം സര്‍ക്കാറിന് മുമ്പില്‍ നല്‍കി. രണ്ടുമൂന്ന് പ്രധാനപ്പെട്ട കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്.

കേന്ദ്രസഹായം ലഭിക്കാത്തത് ഗുരുതരമായ വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കാത്തത് പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. എന്തൊരു അവഗണനയാണ് നമ്മളോട് ചെയ്യുന്നത്. താല്‍ക്കാലികമായ ധനസഹായം പോലും കേരളത്തിന് നല്‍കുന്നില്ല. ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ പണം. നമ്മള്‍ നികുതി കൊടുക്കുന്നവരല്ലേ. സംസ്ഥാനത്തിന് സഹായം കൊടുക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. സംസ്ഥാനത്തിന് ദുരന്തം ഉണ്ടാകുമ്പോള്‍ സഹായിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്.

കേന്ദ്രത്തിനുമേല്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട് കത്ത് നല്‍കിയിട്ടുണ്ട് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട് എന്നിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ഇതിനപ്പുറത്തേക്ക് പോകേണ്ടതുണ്ട്. പത്ത് പതിനഞ്ച് ദിവസം തിരച്ചില്‍ നടത്തിയിട്ട് ചുരം ഇറങ്ങിപ്പോന്നാല്‍?പ്പോരെന്നും നമ്മള്‍ അത് മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുനരധിവാസം കുറച്ചൂകൂടി വേഗത്തിലാക്കണം. പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാവര്‍ക്കും കിട്ടുന്നുവെന്ന് ഉറപ്പാക്കണം. 10000 രൂപ പോലും എത്തേണ്ട കൈകളില്‍ എത്തിയിട്ടില്ല. പരിക്കേറ്റവര്‍ക്കും, വിദ്യാഭ്യാസ സഹായം വേണ്ടവര്‍ക്കും പണം ലഭിച്ചിട്ടില്ല. വ്യാപകമായി പ്രശ്‌നം പലയിടത്തുമുണ്ട്. വാടകയും തുടര്‍ചികിത്സയും കിട്ടാത്തവരുമുണ്ട്. പലയിടങ്ങളിലും ബ്യൂറോക്രാറ്റിക് മന്ദതയുണ്ട്. അത് സംവിധാനങ്ങളുടെ വീഴ്ചയായി കാണണം.

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണമായ സഹകരണം ഇതുവരെ ഉണ്ടായിട്ടുണ്ട്. വീഴ്ച കണ്ടെത്താന്‍ മൈക്രോസ്‌കോപ്പുമായി നടന്നവരല്ല ഞങ്ങള്‍. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ഞങ്ങളുടെ കൂടെ നില്‍ക്കുന്നുവെന്ന മനസ്സമാധാനം എങ്കിലും ദുരന്തബാധിതര്‍ക്ക് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News