ഷാഫി പറമ്പിലിനെ ഉന്നമിട്ട സിപിഎമ്മിനെ തുടക്കത്തിലേ പ്രതിരോധിച്ചു കോണ്‍ഗ്രസ്; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ നിയമനടപടിയെന്ന് ഷാഫി പറഞ്ഞതോടെ വി ഡി സതീശന്‍ അടക്കം രംഗത്ത്; ഷാഫിക്കെതിരെ പറഞ്ഞത് അധിക്ഷേപം; സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയും
ഷാഫി പറമ്പിലിനെ ഉന്നമിട്ട സിപിഎമ്മിനെ തുടക്കത്തിലേ പ്രതിരോധിച്ചു കോണ്‍ഗ്രസ്
കൊച്ചി: കുറച്ചുകാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഓരോരുത്തരെയും ഉന്നമിടുകയാണ് സിപിഎം. ഷാഫി പറമ്പിലിനെ ഉന്നമിട്ട് തുടങ്ങിയത് വടകര മണ്ഡലത്തില്‍ ഷാഫി മത്സരിക്കാന്‍ എത്തിയപ്പോള്‍ മുതലാണ്. അന്ന് നുണക്കഥകള്‍ നിരവധി അഴിഞ്ഞുവിട്ടെങ്കിലും അതൊനും വിജയം കണ്ടില്ല. ഷാഫി വന്‍ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ ജനകീയ സ്ഥാനാര്‍ഥിയായ കെ കെ ശൈലജ ടീച്ചറെ തോല്‍പ്പിച്ചു. അതിന് ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പിലും മുഖ്യശത്രുവായി സിപിഎം കണ്ടത് ഷാഫിയെ ആയിരുന്നു.
മലബാറില്‍ ഷാഫി പറമ്പില്‍ നേതാവായി വളരുന്നതിന് തടയിടാന്‍ വേണ്ടിയാണ് സിപിഎം ഷാഫിയെ ഉന്നംവെച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളുമായി തുടര്‍ച്ചയായി രംഗത്തുവന്നതും ഷാഫിയെ ലക്ഷ്യമിട്ടായിരുന്നു. രാഹുല്‍ ആരോപണങ്ങളെ അതിജീവിച്ചു കൊണ്ട് മണ്ഡലത്തില്‍ സജീവമാകുമ്പോള്‍ സിപിഎം ഷാഫിയെ ഉന്നമിട്ട് വീണ്ടും രംഗത്തുവന്നു. ഷാഫിയെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ഇന്ന് രംഗത്തുവന്നത്.
'ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സ്ത്രീ വിഷയത്തില്‍ മുസ്‌ലിം ലീഗ് നടപടി മാതൃകയാക്കണമെന്നും' ഇഎന്‍ സുരേഷ് ബാബു പറഞ്ഞു. കണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കാണിക്കുന്നതെന്നും ഇ.എന്‍ സുരേഷ് ബാബു ആരോപിച്ചു. 'സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ് മാസ്റ്ററാണ് ഷാഫി പറമ്പിലെന്നുമായിരുന്നു അധിക്ഷേപം.
ഈ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമന്ന് ഷാഫി പറഞ്ഞതോടെ പ്രതിദോദിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. ഷാഫി പറമ്പില്‍എംപിക്കെതിരെ അധിക്ഷേപം ഉന്നയിച്ച സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഷാഫിക്കെതിരെ അയാള്‍ പറഞ്ഞത് ആരോപണമല്ല. അധിക്ഷേപമാണ്. സ്ത്രീകള്‍ക്കെതിരെ എല്ലായിടത്തും മോശമായി സംസാരിക്കുന്നവരാണ് സിപിഎമ്മുകാരെന്നും ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇഎന്‍ സുരേഷ് ബാബുവിന്റെ പരാമര്‍ശത്തില്‍ ഷാഫി പരാതി കൊടുക്കുമെന്നാണ് കരുതുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് സതീശന്‍ പറഞ്ഞു. പറവൂരില്‍ പരാതിയില്‍ പറയാത്തവര്‍ക്കെതിരെ പോലും കേസ് ആണ്. ഗോപാലകൃഷ്ണന്റെ ഭിന്നശേഷിക്കാരിയായ ഭാര്യയുടെ പരാതിയില്‍ പോലും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. തെരഞ്ഞെടുത്ത ജനപ്രതിനിധിക്കെതിരെ പരസ്യമായി ഒരു ജില്ലാ സെക്രട്ടറി അസംബന്ധമാണ് പറഞ്ഞിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം ഉത്തരവാദിത്വപ്പെട്ട ഒന്നാണെന്നാണ് കരുതിയത്. സിപിഎമ്മിന് മാത്രം ഒരുനിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരുനിയമവുമാണ് ഇവിടെ നിലനില്‍ക്കുന്നത്. ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. അത്രയേറെ അസംബന്ധമാണ് അവര്‍ പറയുന്നതെന്നും സതീശന്‍ പറഞ്ഞു.
പാലക്കാട്ട് യുഡിഎഫിന് ഭൂരിപക്ഷം കൂട്ടിത്തന്നത് ആ ജില്ലാ സെക്രട്ടറിയാണ്. ഇവര്‍ക്കൊന്നും പറയാനില്ലാത്തത് കൊണ്ട് കുറെ പേരെ അഴിച്ചുവിട്ടിരിക്കുകയാണ്. അവര്‍ സോഷ്യല്‍ മീഡിയയിലും പൊതുയോഗങ്ങളിലും ആര്‍ക്കുമെതിരെ എന്തും പറയാന്‍ ഇവര്‍ക്ക് മടിയില്ലാത്തവരാണെന്നും സതീശന്‍ പറഞ്ഞു.
അതേസമയം ഷാഫിക്കെതിരായ ആരോപണം തിരിച്ചടിയാകുമെന്ന് മനസ്സിലായതോടെ ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സുരേഷ് ബാബു മലക്കം മറിഞ്ഞു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബു നേരത്തെ പറഞ്ഞത്. എന്നാല്‍ താന്‍ ഷാഫിയുടെ പേര് പറഞ്ഞിട്ടില്ലെന്നാണ് സുരേഷ് ബാബുവിന്റെ വിശദീകരണം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചത്. മാധ്യമങ്ങളാണ് ഷാഫിയാണെന്ന് പറഞ്ഞത്. ഷാഫി അത് സ്ഥിരീകരിച്ചു. പിന്നെ താനായിട്ട് എന്തിന് തള്ളിക്കളയണം. വ്യക്തപരമായ അധിക്ഷേപങ്ങള്‍ നടത്തുന്ന രീതി സിപിഎം പ്രവര്‍ത്തകര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും താന്‍ പറഞ്ഞത് ഷാഫി നിഷേധിച്ചിട്ടില്ലെന്നുമാണ് സുരേഷ് ബാബുവിന്റെ വാദം. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാല്‍ എന്തിനാണ് ഷാഫി തോളില്‍ ചെളി ഉണ്ടോയെന്ന് നോക്കുന്നത്? ഷാഫി നിയമനടപടി സ്വീകരിച്ചാല്‍ അപ്പോള്‍ നോക്കാമെന്നും ആരോപണത്തിന്റെ തെളിവുകള്‍ സമയമാകുമ്പോള്‍ നല്‍കേണ്ടിടത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്തെ വനിതാ നേതാവിനെ സൈബറിടത്തില്‍ അധിക്ഷേപിച്ചു എന്ന പേരില്‍ സൈബര്‍ നടപടികള്‍ ശക്തമാക്കവേയാണ് നിരുത്തവരാദിത്തപരമായ പ്രസ്താവനയുമായി സിപിഎം നേതാവ് രംഗത്തെത്തിയത്. ഷാഫിയെ ഉന്നംവെക്കുന്ന സിപിഎമ്മിനെ നേരിടാന്‍ തന്നെയാണ് യുഡിഎഫിന്റെ തീരുമാനം. വിഷയത്തില്‍ സിപിഎമ്മിനെതിരെ കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ രംഗത്തുവരാനിരിക്കയാണ്.