ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിക്ക് വീഴ്ച്ച; ഇതുവരെ ശബരിമലയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി തിരിച്ചു കിട്ടിയിട്ടില്ല;പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിക്ക് വീഴ്ച്ച

Update: 2026-01-24 12:00 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്ക് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തത് വഴി പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ ശബരിമലയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി തിരിച്ചു കിട്ടിയിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതോടെ ഇനിയും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സമ്മര്‍ദ്ദമാണ് എസ്ഐടിയെ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നിലെന്ന് വിശ്വസിക്കുന്നതായും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാതെ നീണ്ടുപോകുന്നത് കുറ്റവാളികള്‍ മുഴുവന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന് കാരണമാകും. അന്വേഷണത്തിന്റെ റഡാറില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് കൂടി, അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ഈ ജാമ്യം കാരണമായി മാറും. എസ്ഐടിയുടെ മേല്‍ വലിയ തോതിലുള്ള സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളത് എന്ന ആരോപണം ഉന്നയിച്ചിരുന്നു. അത് ശരിവെയ്ക്കുന്നതാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം മന്ദഗതിയിലായിട്ടുണ്ടെന്നാണ് കോടതി പറഞ്ഞത്. ഇതുവരെ എസ്ഐടിയെ ഞാന്‍ കുറ്റപ്പെടുത്തിയിട്ടില്ല.

ഇപ്പോഴും എസ്ഐടിയില്‍ എനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ എസ്ഐടി വീഴ്ച വരുത്തിയിട്ടുണ്ട്. കാരണം 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റവാളികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നും അവര് പുറത്തിറങ്ങിയാല്‍ ഇനിയും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള യാഥാര്‍ഥ്യം ഉള്ളത് കൊണ്ടാണ് കോടതി അല്ലാതെയുള്ള ജാമ്യം അവര്‍ക്ക് നിഷേധിച്ചത്. കോടതി അല്ലാതെയുള്ള ജാമ്യം ആര്‍ക്കും നല്‍കിയിട്ടില്ല. കേസില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും വളരെ ശക്തമായ നിരീക്ഷണമാണ് നടത്തിയിട്ടുള്ളത്. അയ്യപ്പന്റെ സ്വര്‍ണം കട്ടിട്ട് ജാമ്യത്തിന് വരികയാണോ എന്നാണ് കോടതി ചോദിച്ചത്. ഇത്തരം ആളുകള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് തീരെ ശരിയായില്ല.'- വി ഡി സതീശന്‍ പറഞ്ഞു

മൂന്ന് പ്രമുഖ സിപിഎം നേതാക്കള്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ പോയിട്ടും അവര്‍ക്കെതിരെ ഒരു നടപടി പോലും പാര്‍ട്ടി സ്വീകരിച്ചില്ല. ഇവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന അവസ്ഥ ഉണ്ടാക്കി കൊടുക്കാന്‍ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സമ്മര്‍ദ്ദമാണ് എസ്ഐടിയെ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നിലെന്ന് വിശ്വസിക്കുന്നതായും വി ഡി സതീശന്‍ പറഞ്ഞു.

പയ്യന്നൂര്‍ ഫണ്ട് തിരിമറിയില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു. പാര്‍ട്ടി തന്നെ അന്വേഷിച്ച് കേസ് ഒതുക്കി തീര്‍ക്കുകയാണ്. ഫണ്ട് തിരിമറി സംബന്ധിച്ച് പൊലീസിനെ അറിയിക്കാതിരുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കാന്‍ മൂന്ന് മാസം വൈകിയതിന്റെ പേരില്‍ കോണ്‍ഗ്രസിനെ അധിക്ഷേപിച്ച ആളുകളാണ്. യൂത്ത് കോണ്‍ഗ്രസ് പിരിച്ച പണം എവിടെ എന്ന് ഡിവൈഎഫ്ഐക്കാര്‍ ചോദിച്ചു. പിരിച്ച പണം കണക്ക് സഹിതം യൂത്ത് കോണ്‍ഗ്രസുകാര്‍ കെപിസിസിയെ ഏല്‍പ്പിച്ചു. ഇതേ ഡിവൈഎഫ്ഐക്കാര്‍ രക്തസാക്ഷിയുടെ പണം തട്ടിയെടുത്തതില്‍ മൗനം അവലംബിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.

Tags:    

Similar News