ഡി സി ബുക്‌സിന് ആകാശത്ത് നിന്ന് ഇപിയുടെ ആത്മകഥ എഴുതാന്‍ പറ്റുമോ? ഇപി കൊടുത്തതിനേക്കാള്‍ നല്ല സര്‍ട്ടിഫിക്കറ്റ് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിക്ക് ഇനി നല്‍കാനില്ല; ആത്മകഥയില്‍ സിപിഎം പെട്ടുപോയെന്നും വി ഡി സതീശന്‍
ഇ പിയുടെ ആത്മകഥയില്‍ സിപിഎം പെട്ടുപോയെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിനെ കുറിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായത്. ഡിസി ബുക്‌സ് പോലുള്ള ഒരു പ്രസാധകര്‍ക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാന്‍ പറ്റുമോയെന്ന് സതീശന്‍ ചോദിച്ചു.
ഇ പി കൊടുത്തതിനെക്കാള്‍ നല്ല സര്‍ട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥിക്ക് ഇനി നല്‍കാനില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഇ പിയുടെ ആത്മകഥ പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ പോയി. ഡി സി ബുക്‌സ് ഓഫീസിലേക്കാണ് ഫോണ്‍ വിളി എത്തിയത്. ഇപിയുടെ ആത്മകഥ സത്യമാണ്. പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തി. ആത്മകഥയില്‍ സിപിഎം പെട്ടുപോയിയെന്നും സതീശന്‍ പ്രതികരിച്ചു. ചേലക്കര തിരിച്ചു പിടിക്കുമെന്നും പാലക്കാട് വലിയ ഭൂരിപക്ഷമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
മുനമ്പം സംഘപരിവാര്‍ അജണ്ടയ്ക്ക് സര്‍ക്കാര്‍ സഹായം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് നോട്ടീസ് കിട്ടിയ വീടുകള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നു. ഇത് ഒരു അഡ്ജസ്റ്റ്‌മെന്റാണ്. സര്‍ക്കാര്‍ കീഴിലുള്ള വഖഫ് ബോര്‍ഡ് ബിജെപിക്ക് സഹായം ചെയ്യുകയാണെന്ന് സതീശന്‍ പറഞ്ഞു. പാലക്കാട് സിപിഎം സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുക്കണം. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ് സെക്രട്ടറി ചെയ്യുന്നത്. പുതുതായി ചേര്‍ത്തിരിക്കുന്ന വോട്ടര്‍മാര്‍ വോട്ട് ചെയ്യും. അതാര് എതിര്‍ത്താലും ചെയ്യും. കോണ്‍ഗ്രസ് ചേര്‍ത്തിരിക്കുന്ന വോട്ടുകളില്‍ സിപിഎമ്മിന് അസ്വസ്ഥതയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.