'സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് പൂരം കലക്കി; കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാകും; വെടിക്കെട്ട് മാത്രമല്ല, പല ചടങ്ങുകളും വൈകിപ്പിച്ചു; വിവാദത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്ന് വി ഡി സതീശന്
പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല
കൊച്ചി: തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ ഇടതുമുന്നണയില്‍ അഭിപ്രായ ഭിന്നതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് എന്താണ് പ്രസക്തിയെന്നും വി ഡി സതീശന് ചോദിച്ചു. പൂരം കലക്കല്‍ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു
വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചുവെന്നും സതീശന് പറഞ്ഞു. കേസെടുത്താല്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. പൂരം കലക്കിയതാണെന്ന് സിപിഐ പോലും പറഞ്ഞു. എല്‍ഡിഎഫില്‍ ഭിന്നതയുണ്ട്. കോണ്‍ഗ്രസില്‍ ഒരു കുഴപ്പവുമില്ല. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ് സുനില്‍കുമാര്‍ തന്നെ പറഞ്ഞത് പൂരം കലങ്ങിയെന്നാണ്. എം.ആര് അജിത്കുമാറാണ് അതിന് നേതൃത്വം നല്‍കിയത്.
പൂരം കലങ്ങിയിട്ടില്ലെന്ന് സിപിഐ പറയട്ടെ. പൂരം കലക്കിയെന്നാണ് കെ രാജന് നിയമസഭയില്‍ പറഞ്ഞത്. ബാലചന്ദ്രന് എംഎല്‍എയും ഇക്കാര്യം സഭയില്‍ പറഞ്ഞു. സുരേഷ് ഗോപി ആംബുലന്‍സില്‍ നാടകീയമായാണ് സംഭവസ്ഥലത്തെത്തിയത്. സുരേഷ് ഗോപിയെ രക്ഷകവേഷം കെട്ടിച്ചത് ആരാണ്? വെടിക്കെട്ട് മാത്രമല്ല വൈകിയത്. മടത്തില്‍ വരവും കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പും തെക്കേ ഗോപുരത്തിലേക്കുള്ള ഇറക്കവും അലങ്കോലമായി. ആചാര സംരക്ഷകന്‍ എന്ന് പറയുന്ന ബിജെപിയും പൂരം കലക്കി.
ഇതിലെല്ലാം അന്വേഷണം നടത്തിയാല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും പൂരം കലക്കാനുള്ള ബ്ലൂപ്രിന്റാണ് എം ആര് അജിത് കുമാര്‍ തയ്യാറാക്കിയതെന്നും വി ഡി സതീശന് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു അന്വേഷണവും ശരിയാവില്ല. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സതീശന് ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്നും സതീശന് വ്യക്തമാക്കി. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല. മുഖ്യമന്ത്രി ആര്‍എസ്എസിനെ സന്തോഷിപ്പിക്കുന്നുവെന്നും സതീശന് ആരോപിച്ചു.
നാല് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ലെന്ന് അതിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അന്വേഷണത്തെ സ്വാധീനിക്കും. മുഖ്യമന്ത്രി പറഞ്ഞതിന് എതിരായി ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കാനാവില്ലെന്നും സതീശന് പറഞ്ഞു.
സിപിഐഎമ്മിനെ ജീര്‍ണ്ണത ബാധിച്ചു. കോണ്‍ഗ്രസില്‍ ഒരു അനൈക്യവുമില്ല. പി പി ദിവ്യയുമായി ബന്ധപ്പെട്ട വിവാദം, പൂരം കലക്കല്‍, വര്‍ഗീയ സംഘടനകളുടെ കാര്യത്തില്‍, കൂറുമാറ്റത്തിന് കോഴ വിവാദം എന്നിവയിലടക്കം സിപിഎമ്മും ഘടകക്ഷികളും പല തട്ടിലാണ്. സിപിഎമ്മിന് ബാധിച്ച ജീര്‍ണ്ണത എല്‍ഡിഎഫിന്റെ ശിഥിലീകരണത്തില്‍ അവസാനിക്കുമെന്നും വി ഡി സതീശന് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും നിരവധി പേരുകള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കും. ബിജെപിയിലും കോണ്‍ഗ്രസിലും സീറ്റ് ചോദിച്ച് ഒടുക്കം സിപിഎമ്മില്‍ എത്തിയയാള്‍ക്കാണ് അവര്‍ സീറ്റ് കൊടുത്തത്. എല്ലാ പാര്‍ട്ടികളുടെയും ജില്ലാ കമ്മിറ്റികള്‍ പേര് നിര്‍ദേശിക്കും. അതൊക്കെ സ്വാഭാവിക പ്രക്രിയ ആണെന്നും വി ഡി സതീശന് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് വി.ഡി സതീശന് പറഞ്ഞു. അവസരവാദ രാഷ്ട്രീയമാണ് സിപിഎം സ്ഥിരമായി പയറ്റുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനമായിരുന്നു. പക്ഷേ അത് കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ നയം മാറ്റുകയാണ്. സിപിഎമ്മിനെ പിന്തുണച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി നല്ലവരായിരുന്നു.
വോട്ട് കിട്ടില്ലെന്നായപ്പോള്‍ അവര്‍ കുഴപ്പക്കാരായി. മദനിക്ക് വേണ്ടി വേദിയില്‍ കാത്തിരുന്നയാളാണ് പിണറായി വിജയന്. ഇപ്പോള്‍ ഭൂരിപക്ഷ വോട്ട് ലക്ഷ്യമിച്ച് എല്ലാം തിരുത്തുകയാണ്. പിണറായിക്ക് പറയാനുള്ളത് ജയരാജനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും സതീശന് പറഞ്ഞു.