'അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍'; പിണറായി വിജയനും നരേന്ദ്ര മോദിക്കുമിടയിലെ പാലം എന്ന 'ചീത്തപ്പേര്' പുറമേക്കെങ്കിലും മായ്ക്കാനാണ് ഓരോന്ന് വിളിച്ചുകൂവുന്നത്; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം
'അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍';
പാലക്കാട്: രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ നിലപാടിനെയാണ് രൂക്ഷമായ ഭാഷയില്‍ വി ടി ബല്‍റാം വിമര്‍ശിക്കുന്നത്. പിണറായി വിജയനും നരേന്ദ്ര മോദിക്കുമിടയിലെ പാലമാണ് ജോണ്‍ ബ്രിട്ടാസ് എന്ന 'ചീത്തപ്പേര്' പുറമേക്കെങ്കിലും മായ്ക്കാനാണ് ഓരോന്ന് വിളിച്ചുകൂവുന്നത്. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനാവുകയാണയാള്‍ എന്നും ദല്ലാള്‍ ബ്രിട്ടാസ് എന്ന പരാമര്‍ശത്തോടെ കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.
പാര്‍ലമെന്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെ ജര്‍മനി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും, പ്രധാന മന്ത്രിയുടെ ചായ സത്കാരത്തില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരെയും രൂക്ഷമായ ഭാഷയില്‍ ബ്രിട്ടാസ് വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബല്‍റാമിന്റെ വിമര്‍ശനം.
രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ജര്‍മന്‍ സന്ദര്‍ശനം പരാമര്‍ശിച്ച് ബ്രിട്ടാസ് നടത്തിയ പ്രതികരണം. ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എവിടെയാണെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് എംപി പ്രിയങ്കാ ഗാന്ധിയും ആര്‍എസ്പി നേതാവും എംപിയുമായ എന്‍ കെ പ്രേമചന്ദ്രനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവത്തിലെ വിമര്‍ശനം.
ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാ കളങ്കമാണ് ചായ സത്കാരത്തില്‍ പങ്കെടുത്ത പ്രിയങ്കയുടെ നടപടി. ഇത്തരം പ്രവര്‍ത്തികള്‍ക്ക് അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം. സന്ദേശമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും ബ്രിട്ടാസ് ചോദിച്ചിരുന്നു.