സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി; എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു; ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയായ കമ്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രി; പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍

സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി: വി ഡി സതീശന്‍

Update: 2025-01-30 06:25 GMT

മലപ്പുറം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാല എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും ഒരു വകുപ്പുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാറിയ മദ്യനയ പ്രകാരം ബ്രൂവറിക്ക് അനുമതി നല്‍കിയത് ആരും അറിഞ്ഞില്ല. മാറിയ മദ്യ നയത്തിന്റെ ഭാഗമായി മദ്യനിര്‍മ്മാണശാല തുടങ്ങുന്നത് ആരും അറിഞ്ഞില്ല. ആകെ അറിഞ്ഞത് ഒയാസിസ് കമ്പനി മാത്രം ആണെന്നും വിഡി സതീശന്‍ ആരോപിച്ചു.

താന്‍ പുറത്തുവിട്ട രേഖ വ്യാജമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സര്‍ക്കാര്‍ മദ്യനയം മാറ്റിയത്. മദ്യ നയം മാറും മുന്‍പ് അവര്‍ അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് കമ്പനി എങ്ങിനെ അറിഞ്ഞു? അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മദ്യനയം മാറിയത് കേരളത്തില്‍ ആരും അറിഞ്ഞില്ല, എന്നാല്‍ മധ്യപ്രദേശുകാര്‍ അറിഞ്ഞു. കോളജ് നിര്‍മ്മിക്കാനെന്ന് പറഞ്ഞാണ് ഭൂമി വാങ്ങിയത്. പിന്നില്‍ അഴിമതിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയാണ് കമ്പനി. ഈ കാര്യങ്ങളൊന്നും മന്ത്രി പറഞ്ഞില്ല. ഇതിന് പിന്നില്‍ ദുരൂഹമായ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഭൂഗര്‍ഭ ജലം മലിനമാക്കിയതിലെ പ്രതിയാണ് ഓയാസിസ് കമ്പനി. ഈ പ്ലാന്റിന് ഒരു ദിവസം 50 ദശലക്ഷം മുതല്‍ 80 ദശലക്ഷം ലിറ്റര്‍ വരെ വെള്ളം ആവശ്യമുണ്ട്, കമ്പനിക്ക് വേണ്ടി വാദിക്കുന്നത് മന്ത്രിയാണ്. കോണ്‍ഗ്രസിനേക്കാള്‍ നന്നായി കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് അറിയാവുന്നത് സിപിഐക്കാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

ഭൂഗര്‍ഭ ജലം ഇല്ലാത്തതുകൊണ്ട് ഒരുപാട് പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നായിരുന്നു പാലക്കാട് എം പിയായിരിക്കെ മന്ത്രി പറഞ്ഞത്. സന്തുലിത പദ്ധതികള്‍ മാത്രമേ ഇവിടെ പറ്റൂ എന്ന് ആണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇന്നിപ്പോള്‍ അദ്ദേഹം മന്ത്രി ആയപ്പോള്‍ ആ സാഹചര്യം എങ്ങനെ മാറി? ഭൂഗര്‍ഭ ജലം കുറവായ സ്ഥലത്ത് ആണ് വെള്ളം അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ബ്രൂവരി തുടങ്ങാന്‍ പോകുന്നത്.

ബ്രൂവറി വന്നാല്‍ പാലക്കാട് വലിയ ജലക്ഷാമം ഉണ്ടാവും. ജലക്ഷാമം കൊണ്ട് പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നുവെന്ന് പാലക്കാട് എം.പിയായിരിക്കെ പറഞ്ഞ ആളാണ് എം.ബി.രാജേഷെന്നും സതീശന്‍ പറഞ്ഞു. അരിയാണ് സ്പിരിറ്റുണ്ടാക്കാന്‍ പദ്ധതിയില്‍ ഉപയോഗിക്കുക. ഇത് സി.പി.എം കേന്ദ്രനയത്തിനും എതിരാണ്. ആരോപണങ്ങളോട് ഇത് വരെ കമ്പനി പ്രതികരിച്ചിട്ടില്ല. അവര്‍ക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രി ആണ്. പദ്ധതിക്ക് ജി.എസ്.ടി ഇല്ല എന്ന് മന്ത്രി മനസിലാക്കണം. 210 കോടി ജി.എസ്.ടി നഷ്ടമെന്നത് തെറ്റായ പ്രചാരണം ആണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

എലപ്പുള്ളി മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് വി.കെ ശ്രീകണ്ഠന്‍ എംപിയും ആവശ്യപ്പെട്ടു. മന്ത്രി എംബി രാജേഷും ഭാര്യസഹേദരനും കമ്പനിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്തിയെ തെറ്റിദ്ധരിപ്പിച്ചു. മുപ്പത് വര്‍ഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണ്. 2022ല്‍ ഒയാസിസിന് അനുമതി നിഷേധിച്ചു. പിന്നീട് ഒയാസിസിന് വേണ്ടി മദ്യനയംതന്നെ മാറ്റം വരുത്തി അനുമതി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി; എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു; ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയായ കമ്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രി; പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍

Tags:    

Similar News