'പി.പി ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണം'; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് അവരെ സംരക്ഷിക്കുന്നത്'; സർക്കാർ ജനങ്ങളാല്‍ വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്നു'; പി.പി ദിവ്യയുടെ അറസ്റ്റ് വൈകുന്നതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

Update: 2024-10-29 09:20 GMT

പാലക്കാട്: ജാമ്യ ഹർജി തള്ളിയിട്ടും പി.പി ദിവ്യയുടെ അറസ്റ്റ് വൈകുന്നതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. പാലക്കാട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ദിവ്യക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ കസ്റ്റഡിയിലുള്ള പി.പി ദിവ്യയെ ഉടനടി പുറത്തു കൊണ്ടു വന്ന് അറസ്റ്റ് ചെയ്യണം.

ഞങ്ങളുടെ കുടുംബം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണമെന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യയും ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയോ നാള്‍ മുന്‍പ് പി.പി ദിവ്യയെ അറസ്റ്റു ചെയ്യാമായിരുന്നു. എന്തിനു വേണ്ടിയായിരുന്നു ഈ നാടകം? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പി.പി ദിവ്യയെ ചോദ്യം ചെയ്യലിനോ അറസ്റ്റിനോ അനുവദിക്കാതെ സംരക്ഷിച്ചത്.

നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നു പ്രഖ്യാപിച്ച സി.പി.എം മറുവശത്ത് പ്രതിയായ ദിവ്യയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. പാര്‍ട്ടിയാണ് ദിവ്യയെ സംരക്ഷിച്ചത്. പ്രതി എവിടെയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ തയാറാകാതെ നീതിന്യായ സംവിധാനത്തെയാണ് സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പരിഹാസ്യവും ജനങ്ങളാല്‍ വെറുക്കപ്പെട്ടവരുമായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.

പോലീസ് നീതിപൂര്‍വകമായി പെരുമാറിയാല്‍ അതിനെ പിന്തുണയ്ക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടമാണ് നടത്തിയതെന്ന് വരുത്തിതീര്‍ത്ത് പ്രതിയെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമം മരിച്ചു പോയ ആളെ അപമാനിക്കലാണ്. പ്രശാന്തന്റെ കള്ള ഒപ്പിട്ട് നവീന്‍ ബാബുവിനെതിരായ പരാതി കത്ത് തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ എ.കെ.ജി സെന്ററിലാണ്. ഗൂഡാലോചന മുകളിലാണ് നടക്കുന്നത്. എന്നിട്ടാണ് എം.വി ഗോവിന്ദന്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി അവര്‍ക്കൊപ്പമാണെന്ന് പറഞ്ഞത്. ആ കുടുംബത്തിന് അനുകൂലമായി എന്ത് നിലപാടാണ് സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ചത്? പി.പി ദിവ്യയെ അറസ്റ്റു ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ പ്രതിപക്ഷം വേറെ അന്വേഷണം ആവശ്യപ്പെടും.

നിയമപരമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടും. ജാമ്യമില്ലാത്ത കേസ് എടുക്കാന്‍ നിര്‍ബന്ധിതമായിട്ടും പ്രതിയെ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ പോലും ഇതുവരെ തയാറായിട്ടില്ല. പൊലീസിന്റെ കാര്യത്തില്‍ പിണറായി വിജയന് പോലും പങ്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പോലീസിന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കൊന്നും ഒരു കാര്യവുമില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശിവശങ്കരന് അധികാരം നല്‍കിയത് പോലെ ഉപജാപകസംഘത്തിന് എല്ലാ അധികാരവും നല്‍കിയിരിക്കുകയാണ്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ മാഫിയ സംഘങ്ങളുടെ ആസ്ഥാനമാക്കി മാറ്റിയത്. അവര്‍ ഇടപെട്ട എത്ര കേസുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഉപജാപകസംഘമാണ് ദിവ്യയെ അറസ്റ്റു ചെയ്യേണ്ടെന്ന് പറഞ്ഞിരിക്കുന്നത്. ഇനിയെങ്കിലും അറസ്റ്റു ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാകും.

തുടക്കം മുതല്‍ക്കെ ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തുകയാണ് ദിവ്യ ചെയ്തതെന്നാണ് ആദ്യ ദിനത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞത്. അതു തന്നെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ആവര്‍ത്തിച്ചത്. പിന്നീട് സമ്മര്‍ദ്ദം ശക്തമായപ്പോള്‍ മാറ്റിപ്പറഞ്ഞു.

വീട്ടിലേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ പോലീസും പാര്‍ട്ടിക്കാരും ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു. പ്രതിഷേധക്കാരെ മര്‍ദ്ദിച്ച പോലീസ് പ്രതിയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയാറായില്ല. ഫോണില്‍ വിളിച്ച് നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. ആ കുടുംബത്തിനൊപ്പം അവസാന നിമിഷം വരെ പ്രതിപക്ഷമുണ്ടാകും. രാവിലെയും വൈകിട്ടും മാറ്റിപ്പറയാന്‍ മടിയുള്ള ആളല്ല എം.വി ഗോവിന്ദന്‍. ദിവ്യയെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചത്. അത് ഏഴു നിലയില്‍ പൊട്ടിപ്പോയി.

മാധ്യമങ്ങളുടെ കൂടി പിന്തുണ കിട്ടിയതു കൊണ്ടാണ് അത് പൊളിഞ്ഞത്. ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയത് മാധ്യമങ്ങളാണ്. ഇല്ലെങ്കില്‍ പരാതി നേരത്തെ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്രിമം നടത്തി സ്ഥാപിച്ചേനെ. അക്കാര്യത്തില്‍ മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News