സിഡബ്ല്യുസി ചെയര്‍മാന്റെ സസ്പെന്‍ഷന്‍; ഇരവിപേരൂരിലെ സിപിഎമ്മില്‍ മന്ത്രി വീണയ്ക്കെതിരേ പ്രതിഷേധം ശക്തം; ആധുനിക അറവുശാല ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി വിട്ടു നിന്നത് പാര്‍ട്ടിക്കാരുടെ പരസ്യപ്രതിഷേധം ഭയന്ന്?
ആധുനിക അറവുശാല ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി വിട്ടു നിന്നത് പാര്‍ട്ടിക്കാരുടെ പരസ്യപ്രതിഷേധം ഭയന്ന്?
പത്തനംതിട്ട: മന്ത്രി വീണയ്ക്ക് എതിരേ ഇരവിപേരൂര്‍ സിപിഎമ്മില്‍ പ്രതിഷേധം ശക്തം. ഏരിയാ കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിഡബ്ല്യുസി ചെയര്‍മാനുമായ അഡ്വ. എന്‍. രാജീവിനെതിരേ മന്ത്രി നടത്തുന്ന നീക്കങ്ങളാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. ഇതേ തുടര്‍ന്ന് സ്വന്തം മണ്ഡലത്തില്‍, ഇരവിപേരൂര്‍ പഞ്ചായത്തില്‍ നടന്ന ആധുനിക അറവുശാല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എത്തിയില്ല.
സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം ഭയന്ന് മന്ത്രി വീണ ജോര്‍ജ് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മന്ത്രി സ്വന്തം മണ്ഡലത്തിലെ സിപിഎം ഭരണത്തിലുള്ള പഞ്ചായത്തിലെ പരിപാടിയില്‍ നിന്ന് വിട്ട് നിന്നത്. ജൂലൈ 14 ന് രാവിലെ 11 ന് ഇരവിപേരൂര്‍ പഞ്ചായത്തിലെ ആധുനിക അറവുശാലയുടെ ഉദ്ഘാടനം നടത്തിയത് മന്ത്രി എം ബി രാജേഷായിരുന്നു. ചടങ്ങില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വീണ ജോര്‍ജിനെ അധ്യക്ഷയായും നിശ്ചയിച്ചിരുന്നു. 10 വര്‍ഷമായി മെല്ലെപ്പോക്കിലായിരുന്ന പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
മുന്‍ പഞ്ചായത്ത് പ്രസിന്റായിരുന്ന അഡ്വ.എന്‍. രാജീവ് വിഭാവനം ചെയ്ത പദ്ധതി സാങ്കേതിക കാരണങ്ങളാല്‍ ശുചിത്വ മിഷന്റെ ഫണ്ട് ലഭിക്കാതെ വന്നതോടെയാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയത്. ഈ സാങ്കേതിക തടസ്സം മാറ്റാന്‍ പോലും മന്ത്രി ഇടപെട്ടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുന്‍ പ്രസിന്റ് രാജീവിനെ ഒഴിവാക്കിയിരുന്നു. ഒഴിവാക്കല്‍ വീണ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നു.
ഇതോടെ ഉദ്ഘാടന പരിപാടിയില്‍ പല പാര്‍ട്ടി പ്രവര്‍ത്തകരും വിട്ടു നില്‍ക്കുമെന്ന സംശയം എതിര്‍ വിഭാഗത്തിനുണ്ടായി. ഇതേ തുടര്‍ന്ന് എതിര്‍വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളില്‍ നിന്നും പരമാവധി ആളെ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മഹിളാ അസോസിയേഷന്‍ നേതാക്കളോടും പരമാവധി ആളുമായി എത്താന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പരിപാടിക്കെത്തുന്ന പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധ ശബ്ദം ഉയര്‍ത്തും എന്ന് നേതാക്കള്‍ക്ക് ഉറപ്പായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ നീക്കം നടത്തുന്നത് അറിഞ്ഞ് സമീപ പഞ്ചായത്തായ പുറമറ്റത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രംഗത്തിറക്കിയിരുന്നു. ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതിയുണ്ട്.
മന്ത്രി സ്ഥലത്തെത്തിയാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയാല്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് പോലീസും അറിയിച്ചതോടെ മന്ത്രി പരിപാടിയില്‍ നിന്ന് പിന്മാറി. വ്യാഴാഴ്ച നടന്ന ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ വാഗ്വാദവും ഉണ്ടായി. വീണജോര്‍ജും പത്തനംതിട്ട പൊലീസ് മേധാവിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് ഇരവിപേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റു കൂടിയായ സിബ്ല്യുസി ചെയര്‍മാന്‍ അഡ്വ. എന്‍ രാജീവിനെ പുറത്താക്കിയതെന്ന് പാര്‍ട്ടി അംഗങ്ങള്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ പരാതി ഉയര്‍ത്തിയിട്ടും ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടിയുണ്ടാവാത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നത്.
സമൂഹമാധ്യമത്തില്‍ വീണ ജോര്‍ജിനെതിരെ പോസ്റ്റിട്ട പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ഓതറ ലോക്കല്‍ കമ്മിറ്റി ചേര്‍ന്നെങ്കിലും മന്ത്രിക്കെതിരെ കൂടുതല്‍ വിമര്‍ശനം ഉയരുകയാണുണ്ടായത്. ചുരുക്കത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ സ്വന്തം മണ്ലത്തില്‍ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത് പ്രതിഷേധമായി പുറത്തു വന്നു
കൊണ്ടിരിക്കുകയാണ്.