കോണ്‍ഗ്രസില്‍ 'ഓപറേഷന്‍ സുധാകര്‍' നടക്കുന്നുവെന്ന് വെള്ളാപ്പള്ളി; സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടത്; ആന്റോ ആന്റണി ജനപ്രിയനല്ല; സഭക്ക് വഴങ്ങിയാല്‍ മൂന്നാമത്തെ കേരള കോണ്‍ഗ്രസ് പിറക്കും; കെപിസിസി അധ്യക്ഷ മാറ്റത്തില്‍ പ്രതികരിച്ചു വെള്ളാപ്പള്ളി
കോണ്‍ഗ്രസില്‍ 'ഓപറേഷന്‍ സുധാകര്‍' നടക്കുന്നുവെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് കെ. സുധാകരനെ മാറ്റുന്നുവെന്ന മാധ്യമ വാര്‍ത്തകളില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ 'ഓപറേഷന്‍ സുധാകര്‍' നടക്കുന്നുവെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുധാകരന്റെ നേതൃത്വത്തില്‍ ഗംഭീര വിജയങ്ങള്‍ നേടി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കമുള്ളവ വരാന്‍ പോകുമ്പോള്‍ സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും. സുധാകരന്‍ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ച് കഴിഞ്ഞു. എല്ലാവരും തോല്‍ക്കുമെന്ന് കരുതിയ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ വിജയിച്ചു.
സഭക്ക് വഴങ്ങിയാല്‍ കോണ്‍ഗ്രസ് മൂന്നാമത്തെ കേരള കോണ്‍ഗ്രസ് ആയി മാറും. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്ന് പറയുകയും ആന്റോ ആന്റണിയെ പ്രമോട്ട് ചെയ്തിട്ടില്ലെന്ന് സഭ പറയുകയും ചെയ്യുന്നു. ഇതിന്റെ കളി എന്താണെന്ന് അറിയില്ല. ആന്റോ ആന്റണി നാലുവട്ടം ജയിച്ച പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏതെങ്കിലും ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടുണ്ടോ?.
എ.കെ. ആന്റണിയുടെ മകന്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ഒരു ലക്ഷത്തില്‍പരം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെ. മൂന്നു ലക്ഷം വോട്ട് തോമസ് ഐസക്ക് പിടിച്ചു. ആന്റോ ജനപ്രിയനോ ജനസ്വാധീനമോയുള്ള ആളല്ല. ആന്റോയുടെ സഹോദരങ്ങള്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റി കൊള്ളയടിച്ച് ജനങ്ങളെ ചതിച്ചെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
കെ സുധാകരന്റെ ആന്റോ ആന്റണിയെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള നീക്കത്തിന് എതിരെ കോട്ടയത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പിന്‍തുണച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാലാ മുതല്‍ ഈരാറ്റുപേട്ട വരെയുള്ള വിവിധ സ്ഥലങ്ങളിലാണ് കെ.സുധാകരനെ പിന്‍തുണച്ച് പോസ്റ്റര്‍ എത്തിയത്. സേവ് കോണ്‍ഗ്രസ് രക്ഷാ സമിതി പൂഞ്ഞാര്‍ എന്ന പേരിലാണ് ജില്ലയിലെ പാലാ മുതല്‍ ഈരാറ്റുപേട്ട വരെയുള്ള സ്ഥലങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പിണറായിയെ താഴെയിറക്കി യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ നട്ടെല്ലുള്ള നായകന്‍ കെ.സുധാകരന്‍ എം.പി കെ.പി.സി.സി പ്രസിഡന്റായി തുടരട്ടെ എന്ന് പ്രഖ്യാപിച്ചാണ് പോസ്റ്റര്‍ ഒട്ടിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പൂഞ്ഞാറിലും, പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലും ആന്റോ ആന്റണിയ്ക്ക് എതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പോസ്റ്റര്‍ പ്രചാരണവുമായി രംഗത്ത് എത്തിയത്.