'നിങ്ങള്‍ കുറേക്കാലമായി തുടങ്ങിയിട്ട്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി നടേശന്‍; മലപ്പുറം പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചാല്‍ കലിപ്പ്; സിപിഐക്ക് 'ചതിയന്‍ ചന്തു' വിളിയും; വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് വെള്ളാപ്പള്ളി

Update: 2025-12-31 08:53 GMT

വര്‍ക്കല: മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടു ക്ഷുഭിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയും റിപ്പോര്‍ട്ടറിന്റെ ചാനലിന്റെ മൈക്ക് തള്ളിമാറ്റുകയും ചെയ്തു. മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ക്ഷുഭിതനായത്. വര്‍ക്കല ശിവഗിരി മഠത്തിന്റെ വാര്‍ഷിക പരിപാടിക്കുശേഷം മടങ്ങുന്നതിനിടെയാണ് സംഭവം.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. ഏപ്രില്‍ മാസത്തില്‍ എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശം,

'മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കന്‍ഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാര്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്നങ്ങളാണ്.'' - വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളില്‍ എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ഥലം വാങ്ങാന്‍ കഴിയുന്നില്ലേയെന്ന ചോദ്യത്തിന് എസ്എന്‍ഡിപിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാല്‍ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞത്. താന്‍ മലപ്പുറത്തെ കുറിച്ച് മുന്‍പ് പറഞ്ഞത് ശരിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിന് ശേഷമായിരുന്നു നിങ്ങള്‍ കുറേ കാലമായി തുടങ്ങിയിട്ട് എന്ന് പറഞ്ഞ് റിപ്പോര്‍ട്ടറിന്റെ മൈക്ക് പിടിച്ച് തള്ളിമാറ്റിയത്. തുടര്‍ന്ന് കാറില്‍ കയറി പോകുകയും ചെയ്തു.

സിപിഐയ്‌ക്കെതിരെയും വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ചതിയന്‍ ചന്തുമാരാണ് സിപിഐയെന്നും പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണെന്നും പുറത്തല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട വിമര്‍ശനത്തിലും വെള്ളാപ്പള്ളി മറുപടി നല്‍കി. താന്‍ മുഖ്യമന്ത്രിക്കൊപ്പം കാറില്‍ കയറിയതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി താന്‍ അയിത്ത ജാതിക്കാരനാണോയെന്നും ചോദിച്ചു. ഉയര്‍ന്ന ജാതിക്കാരന്‍ കയറിയെങ്കില്‍ നിങ്ങള്‍ പ്രശ്‌നമാക്കുമായിരുന്നോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മൂന്നാമതും പിണറായി തന്നെ അധികാരത്തില്‍ വരുമെന്നും ഇനിയും അത് പറയാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശബരിമലയില്‍ കൊള്ള നടത്തിയവരെ പിടിക്കട്ടേയെന്നും വെള്ളാപ്പള്ളി പറഞ്ഞു. അത് ആരായാലും പിടിക്കട്ടെ. അവര്‍ (സര്‍ക്കാര്‍) ശക്തമായ നടപടി എടുക്കുന്നില്ലേ. കോടതി പറയുന്നതെല്ലാം ചെയ്യുന്നില്ലേ. ഇപ്പോള്‍ ജയിലില്‍ കിടക്കുന്നയാള്‍ (എ. പത്മകുമാര്‍) കൊള്ളക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്ത് വന്നു. ചതിയന്‍ ചന്തു പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എല്‍ഡിഎഫിന് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ഏല്‍പിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്. എല്‍ഡിഎഫിന്റെ മുഖമല്ല വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയെ തന്റെ കാറില്‍ കയറ്റില്ലെന്നും മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള വിമര്‍ശനം സിപിഐയില്‍ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ജനങ്ങളുടെ വിധിയെഴുത്തിനെ തലതാഴ്ത്തിപ്പിടിച്ച് അംഗീകരിക്കും. എന്തുകൊണ്ട് ജനവിധി ഇങ്ങനെയായെന്ന് സ്വയം ചോദിക്കും. കാരണം കണ്ടുപിടിച്ചുകഴിഞ്ഞ് തെറ്റുകള്‍ കണ്ടെത്തിയാല്‍ അത് തിരുത്തും. ഈ ആര്‍ജ്ജവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണുള്ളത്. വീഴ്ചയില്‍ നിന്ന് തിരിച്ചുവരികയും മുന്നോട്ട് പോവുകയും ചെയ്യും. ഈ പാഠങ്ങള്‍ പഠിച്ചുകൊണ്ട് മുന്നോട്ടുപോകുമ്പോള്‍ എല്‍ഡിഎഫിന്റെ മൂന്നാമൂഴം ഉറപ്പാണ്. ഇതിന്റെ ഭാഗമായി പ്രക്ഷോഭങ്ങള്‍, സമരങ്ങള്‍, സംഘടനാപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്ലാന്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News