ഹിക്ക ഒന്ന് നിര്‍ത്തിക്കാളീ....'ദിസ് ഈസ് ടൂ മച്': പി കെ ഫിറോസിന് ദുബായില്‍ അഞ്ചു ലക്ഷം രൂപ ശമ്പളമുണ്ടെന്ന് പറയുന്നതില്‍ എന്ത് അസ്വാഭാവികത? കെ ടി ജലീല്‍ ഉയര്‍ത്തിയ ഓരോ ആരോപണവും പരസ്പര വിരുദ്ധം; യൂത്ത് ലീഗ് നേതാവിന് എതിരായ ആരോപണങ്ങളില്‍ മറുപടിയുമായി വനിത ലീഗ് നേതാവ് ഷാഹിന നിയാസി

ജലീലിന് മറുപടിയുമായി വനിത ലീഗ് നേതാവ് ഷാഹിന നിയാസി

Update: 2025-09-12 10:58 GMT

കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയെന്ന് ആരോപിച്ച് കെ ടി ജലീലും, ജലീല്‍ കോടികളുടെ അഴിമതി നടത്തിയെന്ന് തിരിച്ചടിച്ച് ഫിറോസും പരസ്യപ്പോര് തുടരുകയാണ്. അഞ്ചേകാല്‍ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാന്‍ യപി.കെ. ഫിറോസ് ഗള്‍ഫിലെ കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്തെന്ന് വ്യക്തമാക്കണമെന്നാണ് കെ.ടി. ജലീല്‍ ആവശ്യപ്പെട്ടത്. ജലീല്‍ മന്ത്രിയായിരിക്കെ, കോടികളുടെ അഴിമതി നടത്തിയെന്നും ഈ വിവരങ്ങള്‍ പുറത്തുവരുന്നതിലുള്ള വെപ്രാളമാണ് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഫിറോസ് വാദിക്കുന്നു. അതേസമയം, ജലീല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് യുക്തിയില്ലെന്ന് വനിത ലീഗ് വൈസ് പ്രസിഡന്റ് ഷാഹിന നിയാസി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'ഫിറോസിന് ദുബായില്‍ അഞ്ചു ലക്ഷം രൂപ ശമ്പളമുണ്ടെന്ന് പറയുന്നു. ഒരു പാര്‍ട്ട്-ടൈം ജോലിക്ക് അത്രയും ശമ്പളം കിട്ടില്ലെന്ന് ജലീല്‍ സാഹിബ് തറപ്പിച്ച് പറയുന്നു. ശരി, കിട്ടുന്നുണ്ടാകില്ലായിരിക്കാം. പക്ഷെ, ഒരു വ്യക്തിയുടെ വരുമാനം മറ്റൊരാള്‍ക്ക് എങ്ങനെയാണ് പ്രശ്‌നമാകുന്നത്? അത് അയാളുടെ തൊഴിലാണ്, അതില്‍ എന്ത് അസ്വാഭാവികതയാണുള്ളത് എന്നാണ് ഷാഹിനയുടെ ചോദ്യം.ജലീല്‍ ഉയര്‍ത്തിയ ഓരോ ആരോപണവും പരസ്പര വിരുദ്ധമാണെന്നും ഷാഹിന തന്റെ കുറിപ്പില്‍ പറഞ്ഞു,

ഷാഹിന നിയാസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീ:കെ.ടി. ജലീല്‍ ഉയര്‍ത്തിയ ഓരോ ആരോപണങ്ങളും ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അവയ്ക്ക് പിന്നിലെ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്.

ഫിറോസിന് ദുബായില്‍ അഞ്ചു ലക്ഷം രൂപ ശമ്പളമുണ്ടെന്ന് പറയുന്നു. ഒരു പാര്‍ട്ട്-ടൈം ജോലിക്ക് അത്രയും ശമ്പളം കിട്ടില്ലെന്ന് ജലീല്‍ സാഹിബ് തറപ്പിച്ച് പറയുന്നു. ശരി, കിട്ടുന്നുണ്ടാകില്ലായിരിക്കാം. പക്ഷെ, ഒരു വ്യക്തിയുടെ വരുമാനം മറ്റൊരാള്‍ക്ക് എങ്ങനെയാണ് പ്രശ്‌നമാകുന്നത്? അത് അയാളുടെ തൊഴിലാണ്, അതില്‍ എന്ത് അസ്വാഭാവികതയാണുള്ളത്?

പിന്നെ പറയുന്നു, ഫിറോസിന് കേരളത്തില്‍ 'യമ്മീ' ഔട്ട്ലെറ്റുകള്‍ ഉണ്ടെന്ന്. ഉണ്ട്, അത് സത്യമാണ്. പക്ഷേ, ജലീലിന്റെ അടുത്ത വാദം അത് ഫിറോസിന്റെ പേരിലല്ല, മറ്റാരുടെയോ പേരിലാണ് നടത്തുന്നത് എന്നാണ്. അതുകൊണ്ട് അതയാളുടെ വരുമാനമല്ല എന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇത് എത്രമാത്രം വിചിത്രമാണ്! ഒരാളുടെ പേരിലല്ലെങ്കില്‍ പിന്നെ അത് ഫിറോസിന്റെ പ്രശ്‌നമായി ഉന്നയിക്കുന്നത് എന്തിനാണ്?

സ്വന്തമായി ഒരു ബിസിനസ് നടത്താന്‍ അദ്ദേഹത്തിന് നിയമപരമായി യാതൊരു തടസ്സവുമില്ല എന്നിരിക്കെ; ജലീല്‍ ഉയര്‍ത്തിയ ഓരോ ആരോപണവും പരസ്പര വിരുദ്ധമാണ്.

ഒരു ആരോപണം തള്ളുമ്പോള്‍ അടുത്തത് സ്വയം തള്ളിപ്പറയുന്ന അവസ്ഥ. ശ്രി:കെ.ടി. ജലീല്‍ താങ്കള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കും മനസ്സിലാകുന്നില്ല. സത്യത്തില്‍ താങ്കള്‍ക്ക് എന്താണ് പ്രശ്‌നം? വല്ല കാശുമില്ലാത്തതിന്റെയാണോ? ഒരു സിനിമയില്‍ ജഗതി ഓട്ടോയില്‍ വന്നിറങ്ങി പറയുന്ന ഒരു സീന്‍ ഉണ്ട്; ഇനിയൊരു സൈക്കിളും മൈക്കും എടുത്തോണ്ട് ഞാന്‍ ഇറങ്ങാന്‍ പോവുകയാണ്, നിന്നെയും നിന്റെ 'ബുഷിനെസ്സും' നാറ്റിച്ചേ ഈ നാരായണന്‍ അടങ്ങൂ എന്ന്....

ഹിക്ക ഒന്ന് നിര്‍ത്തിക്കാളീ....

'ദിസ് ഈസ് ടൂ മച്.'


Full View

ജലീലിന്റെ ആരോപണങ്ങള്‍

അഞ്ചേകാല്‍ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ഗള്‍ഫിലെ കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്തെന്ന് വ്യക്തമാക്കണമെന്നാണ് കെ.ടി. ജലീല്‍ ആവശ്യപ്പെട്ടത്. താന്‍ ഉയര്‍ത്തിയ ഒരു ആരോപണവും ഫിറോസ് തള്ളി പറഞ്ഞില്ല. കേരള രാഷ്ട്രീയത്തിലെ മായാവിയാണ് ഫിറോസ്. ഫിറോസിന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണം. മുഴുവന്‍ സമയം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായി ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ ദുബായിലെ ഒരു കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയാണ് പി.കെ. ഫിറോസ്. ഇന്ത്യന്‍ രൂപയില്‍ പ്രതിമാസം അഞ്ചേകാല്‍ ലക്ഷം രൂപയാണ് ശമ്പളമായി കൈപ്പറ്റുന്നത്. എന്ത് കയറ്റുമതിയാണ് ചെയ്യുന്നതെന്ന് പറയാന്‍ ഫിറോസ് ബാധ്യസ്ഥനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഎഇ വിസ ഫിറോസ് കുറച്ചു കാലത്തേക്ക് വേണ്ടെന്ന് വെച്ചു. അതേ വിസ വീണ്ടും പുതുക്കി. ദുബായില്‍ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. എവിടെ ആണെന്ന് കണ്ടെത്താനും ആര്‍ക്കും കഴിഞ്ഞിട്ടില്ല. കമ്പനിയുടെ ലൊക്കേഷന്‍ പുറത്തു വിടണം.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ ഫിറോസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ മറുപടി നല്‍കണമെന്നും കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷത്തെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പദവിയിലിരുന്ന് സംഘടന പിരിച്ച ലക്ഷക്കണക്കിന് രൂപമുക്കി. ദോത്തി ചലഞ്ചടക്കം തട്ടിപ്പായിരുന്നു. ദോത്തി ചലഞ്ചില്‍ സാധനം വാങ്ങിയ കമ്പനിയുടെ ബില്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മുസ്ലിം ലീഗില്‍ കള്ളപ്പണം ഹലാലാണ്. ലീഗിലെ പല നേതാക്കന്മാരും തട്ടിപ്പുകേസുകളില്‍ ജയിലിലാണ്. എആര്‍ നഗര്‍ ബാങ്ക് വിഷയത്തില്‍ കോടികള്‍ പിഴയായി നല്‍കിയിരുന്നു. താന്‍ ഇടതുപക്ഷത്തിന്റെ ഭാഗമായല്ല, യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് ജലീല്‍ പറഞ്ഞു.

മലയാളം സര്‍വകലാശാല ഭൂമി വാങ്ങലില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. താന്‍ അന്വേഷണത്തെ ഭയക്കുന്നില്ല. ഭൂമി വാങ്ങാന്‍ തീരുമാനിച്ചത് താന്‍ മന്ത്രിയായിരുന്നപ്പോഴല്ല. അതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നപ്പോഴാണ് താന്‍ മന്ത്രി സ്ഥാനത്തുണ്ടായിരുന്നത്. പരാതിയുണ്ടെങ്കില്‍ സിബിഐക്കോ മറ്റ് ഏജന്‍സികള്‍ക്കോ ഫിറോസ് പരാതി നല്‍കട്ടെയെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഫിറോസിന്റെ മറുപടിയും ആരോപണങ്ങളും

കെ.ടി. ജലീല്‍ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതി നടത്തിയെന്നും ഈ വിവരങ്ങള്‍ പുറത്തുവരുന്നതിലുള്ള വെപ്രാളമാണ് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും മുസ്ലിം യൂത്ത്ലീഗ് നേതാവ് പി.കെ. ഫിറോസ്. ജലീലിനെതിരായ ഞെട്ടിക്കുന്ന വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഈ അഴിമതിയില്‍ ജലീലിന് നേരിട്ട് പങ്കുണ്ടെന്നും ഫിറോസ് വ്യക്തമാക്കി.

ജലീലിനെതിരായ ഞെട്ടിക്കുന്ന വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഈ അഴിമതിയില്‍ ജലീലിന് നേരിട്ട് പങ്കുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ജലീല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുന്ന വലിയ അഴിമതിയാണ് പുറത്തുവരാനിരിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായും ഫിറോസ് ചൂണ്ടിക്കാട്ടി. അഴിമതിയെക്കുറിച്ച് തനിക്ക് തെളിവ് ലഭിച്ചുവെന്നറിഞ്ഞതിന്റെ പരിഭ്രാന്തിയാണ് ജലീലിന്റെ ഇപ്പോഴത്തെ പ്രസ്താവനകള്‍ക്ക് പിന്നിലെന്നും ഫിറോസ് ആരോപിച്ചു.

കെ.ടി. ജലീല്‍ തനിക്കെതിരേ ഉന്നയിച്ച വിവിധ ആരോപണങ്ങള്‍ക്കും ഫിറോസ് മറുപടി നല്‍കി. താന്‍ ഒരു ബിസിനസ്സുകാരനും തൊഴിലെടുക്കുന്ന ആളുമാണെന്നും അതില്‍ അഭിമാനംമാത്രമേ ഉള്ളൂവെന്നും അത് അഴിമതിയോ സ്വജനപക്ഷപാതമോ അല്ലെന്നും ഫിറോസ് വ്യക്തമാക്കി. പട്ടാമ്പിയിലെ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സി.പി.എം നേതാക്കളെ ക്ഷണിച്ചത് താനാണെന്നും താന്‍ ബിനാമി ആണെങ്കില്‍ അവരെ വിളിക്കുമോയെന്നും ഫിറോസ് ചോദിച്ചു. തിരുനാവായയിലെ അഷ്‌റഫ് തന്റെ പങ്കാളിയാണെന്നും ജലീല്‍ വെപ്രാളംപിടിച്ച് ബോറനാകുകയാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ഫണ്ട് എടുത്ത് ബിസിനസ് നടത്തുന്നു എന്ന ജലീലിന്റെ ആരോപണത്തെയും ഫിറോസ് തള്ളിപ്പറഞ്ഞു. പാര്‍ട്ടി ഫണ്ട് ജനറല്‍ സെക്രട്ടറി ഒറ്റയ്ക്കാണോ കൈകാര്യം ചെയ്യുക? ജലീല്‍ അങ്ങനെ സ്വയം ഫണ്ട് എടുത്ത ആളാണെങ്കില്‍ അതിന്റെ കുറ്റബോധമാണോ ഇപ്പോള്‍ തനിക്കെതിരെ ആരോപണമായി ഉന്നയിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.

കമ്പനി തട്ടിക്കൂട്ട് കമ്പനിയാണെന്ന ജലീലിന്റെ ആരോപണം ഗുരുതരമാണെന്നും റിവേഴ്സ് ഹവാല ആരോപണം ഗൗരവമുള്ളതാണെന്നും ഫിറോസ് പറഞ്ഞു. തന്റെയും കമ്പനിയുടെയും അക്കൗണ്ടുകള്‍ പരിശോധിക്കാം. അപ്പോള്‍ സത്യം ബോധ്യമാകും. താന്‍ ആ കമ്പനിയില്‍ പാര്‍ട്ട്ടൈം ജീവനക്കാരനാണ്, ആദായനികുതി കൃത്യമായി അടയ്ക്കുന്നയാളാണ്. പൊതുപ്രവര്‍ത്തനത്തിന് താന്‍ നയാപൈസ പോലും എടുക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

തനിക്ക് നിയമവിരുദ്ധമായ ഒരു ബിസിനസ്സുമില്ലെന്നും സംശയമുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നും ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ കെ.ടി. ജലീല്‍ ഒരു പണിയും എടുത്തിരുന്നില്ല. തനിക്ക് അമേരിക്കന്‍, യു.കെ. വിസകള്‍ ഉണ്ടെന്നും ഇതായിരിക്കാം ജലീലിന്റെ ആരോപണത്തിന് പിന്നിലെന്നും ഫിറോസ് പരിഹസിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തനിക്ക് ജോബ് കാര്‍ഡില്ലായിരുന്നു. കടുക് മണി തൂക്കം തെറ്റ് ചെയ്താല്‍ പോലും ദയ കാണിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. റിവേഴ്സ് ഹവാല ആരോപണത്തില്‍ കെ.ടി. ജലീലിനെതിരെ നിയമനടപടി ആലോചിക്കും. ആരോപണങ്ങളില്‍ ഉറപ്പില്ലാത്തതുകൊണ്ടാണ് ജലീല്‍ ചോദ്യചിഹ്നം ഇട്ട് സംസാരിക്കുന്നത്. കെ.ടി. ജലീലിന്റെ ബന്ധു നിയമനം യൂത്ത് ലീഗ് കയ്യോടെ പിടിച്ചതിന്റെ പകയാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് പലരും കരുതിയത്. എന്നാല്‍, അത് മാത്രമല്ല, ഈ അഴിമതി പുറത്തു വന്നാല്‍ ജലീല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News