'അനിയന്‍ ചെയ്ത കുറ്റത്തിന് എന്നെ ക്രൂശിക്കുന്നു; തെറ്റ് ചെയ്താല്‍ സഹോദരനായാലും ശിക്ഷിക്കപ്പെടണം; കേസിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകന്‍; ഞാനോ കുടുംബമോ ഇടപെടില്ല': ലഹരി കേസില്‍ പിടികൂടിയ സഹോദരനെ സംരക്ഷിക്കില്ലെന്ന് പി.കെ. ഫിറോസ്
ലഹരി കേസില്‍ പിടികൂടിയ സഹോദരനെ സംരക്ഷിക്കില്ലെന്ന് പി.കെ. ഫിറോസ്
കോഴിക്കോട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരന്‍ പി.കെ.ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. സഹോദരനായി താനോ കുടുംബമോ ഇടപെടില്ല. തന്റെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ആളാണ് സഹോദരനെന്നും ഫിറോസ് പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും മയക്കുമരുന്ന് കൈവശം വച്ചതിനുമാണ് ബുജൈറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പി.കെ.ഫിറോസിനെതിരെ വ്യാപകമായി രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്. സ്ഥാനം രാജിവെച്ച് പി കെ ഫിറോസ് മാതൃകയാകുമോയെന്ന് ബിനീഷ് കോടിയേരി ചോദിച്ചതിന് പിന്നാലെയാണ് ഫിറോസ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
'ബുജൈറിന്റെ സഹോദരന്‍ എന്ന നിലയ്ക്ക് എനിക്കെതിരെ ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നു വരുന്ന ഒരു കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്റെ സഹോദരന്‍ ഒരു വ്യക്തിയാണ്. ഞാന്‍ വേറൊരു വ്യക്തി. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി യാതൊരു തരത്തിലുള്ള യോജിപ്പുമില്ലെന്ന് മാത്രമല്ല എന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ്. ബുജൈറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അത് ബോദ്ധ്യമാകും'. പി കെ ഫിറോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.'അദ്ദേഹത്തിന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വേറെയാണ്. കുടുംബമാകുമ്പോള്‍ അങ്ങനെയൊക്കെ ആകാമല്ലോ. തെറ്റ് ചെയ്താല്‍ സഹോദരനായാലും ശിക്ഷിക്കപ്പെടണം'. അനിയന്‍ ചെയ്ത കുറ്റത്തിന് തന്നെ ക്രൂശിക്കുകയാണെന്നും ഫിറോസ് വ്യക്തമാക്കി.
ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ഇന്നലെ ബുജൈര്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൂലാംവയല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈര്‍ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തില്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിനു പരുക്കേറ്റു. ബുജൈറിന്റെ വാഹന ദേഹ പരിശോധനയില്‍ ലഹരി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ പൊലീസ് കണ്ടെത്തി.
ലഹരി പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് റിയാസ് എന്നയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ റിയാസിന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ബുജൈറിനെ പിടികൂടിയത്. പൊലീസിനെ ആക്രമിച്ചതിനുള്ള കുറ്റങ്ങളാണ് നിലവില്‍ ബുജൈറിനെതിരെ ചുമത്തിയത്.
ബുജൈര്‍ അറസ്റ്റിലായതിനു പിന്നാലെ സഹോദരന്‍ പി.കെ.ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ചിരുന്നു. 'പി.കെ ഫിറോസും സഹോദരനും തമ്മിലുള്ള സാദ്ധ്യമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം'. പി.കെ. ബുജൈറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുന്‍പ് പല കേസുകളിലും പി.കെ.ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇവിടെയും ആവര്‍ത്തിക്കുമോ എന്നും ധാര്‍മികത തന്നെയാണ് ഇവിടെയും ചര്‍ച്ചയാവുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.