ആറന്മുളയില്‍ നിന്നും തങ്ക അങ്കി ഘോഷയാത്ര തുടങ്ങി; ഘോഷയാത്രക്ക് 29 ഇടങ്ങളില്‍ സ്വീകരണം: ബുധനാഴ്ച വൈകിട്ട് സന്നിധാനത്ത് എത്തും
ആറന്മുളയില്‍ നിന്നും തങ്ക അങ്കി ഘോഷയാത്ര തുടങ്ങി
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്നും തുടങ്ങി. ഞായറാഴ്ച രാവിലെ ഏഴോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്. ഘോഷയാത്രക്ക് 29 ഇടങ്ങളില്‍ സ്വീകരണം നല്‍കും. ബുധനാഴ്ച ഉച്ചയോടെ ഘോഷയാത്ര പമ്പയിലും വൈകിട്ട് ആറ് മണിക്ക് സന്നിധാനത്തും എത്തും. തുടര്‍ന്ന് വൈകിട്ട് ആറരക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
മണ്ഡലകാല ഉത്സവത്തിലെ പ്രധാന ചടങ്ങായ മണ്ഡലപൂജ 26ന് ഉച്ചക്ക് 12നും 12.30നും മധ്യേ നടക്കും. തുടര്‍ന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ 41 ദിനങ്ങള്‍ നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും.
അതേസമയം, ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്ക് കണക്കിലെടുത്ത് മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളായ ഡിസംബര്‍ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. കൂടാതെ, സ്‌പോട്ട് ബുക്കിങ്ങും ഒഴിവാക്കി.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെര്‍ച്വല്‍ ക്യൂ 54,444 പേര്‍ക്ക് മാത്രമായാണ് കുറവ് വരുത്തിയത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരമുള്ളത്.
സാധാരണ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം 70,000 ആയിരുന്നു. ഇതിന് പുറമേ ദര്‍ശനത്തിന് വരുന്ന എല്ലാവര്‍ക്കും സ്‌പോട്ട് ബുക്കിങ്ങും അനുവദിച്ചിരുന്നു.