ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റുകള്‍; ഇതു വരെ ഭക്തര്‍ വാങ്ങിയത് 56.7 പവന്‍

ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റുകള്‍; ഇതു വരെ ഭക്തര്‍ വാങ്ങിയത് 56.7 പവന്‍

Update: 2025-05-16 01:29 GMT

ശബരിമല: ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റുകള്‍ ഇതുവരെ ഭക്തര്‍ വാങ്ങിയത് 184 എണ്ണം. ഏഴ് ദിവസത്തെ വില്പനയുടെ കണക്കാണിത്. രണ്ട് ഗ്രാമിന്റെ 155 ലോക്കറ്റുകളും, നാല് ഗ്രാമിന്റെ 22 എണ്ണവും, എട്ട് ഗ്രാമിന്റെ ഏഴെണ്ണവും ഉള്‍പ്പടെ 56.7 പവനാണ് വിറ്റത്. വിഷുദിനത്തിലാണ് ലോക്കറ്റ് വിതരണം ആരംഭിച്ചത്. മേടമാസ പൂജാസമയത്തെ ആറ് ദിവസത്തെയും എടവമാസ പൂജയ്ക്ക് നട തുറന്നദിവസത്തെയും ചേര്‍ന്നുള്ള കണക്കാണ് പുറത്തുവിട്ടത്.

ഓണ്‍ലൈന്‍ വഴിയോ (www.sabarimalaonline.org) ശബരിമല സന്നിധാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നേരിട്ടോ സ്വര്‍ണലോക്കറ്റുകള്‍ ബുക്കുചെയ്യാം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വഴിയാണ് വിതരണം. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ എത്തി കൈപ്പറ്റണം. രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ തൂക്കത്തിലുള്ള ലോക്കറ്റുകളാണുള്ളത്. രണ്ട് ഗ്രാം ലോക്കറ്റിന് 19,300 രൂപ, നാല് ഗ്രാം 38,600, എട്ട് ഗ്രാം 77,200 എന്നിങ്ങനെയാണ് വില.

Tags:    

Similar News