തുലാമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കം; മേല്‍ശാന്തി നറുക്കെടുപ്പ് ശനിയാഴ്ച രാവിലെ സന്നിധാനത്ത്
തുലാമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കം
ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് നാലിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലകശില്പങ്ങളില്‍ നവീകരിച്ച സ്വര്‍ണപ്പാളികള്‍ വെള്ളിയാഴ്ച വൈകീട്ട് നാലിന് ചേര്‍ക്കും.
സാധാരണ മാസപൂജയ്ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ശില്‍പ്പത്തിന്റെ ജോലികള്‍ ചെയ്യേണ്ടതിനാലാണ് ഇക്കുറി നാലിന് തുറക്കുന്നത്. ശില്‍പ്പത്തില്‍ പാളികള്‍ ചേര്‍ക്കുന്ന സമയത്ത് ദര്‍ശനത്തിന് നിയന്ത്രണമില്ല. സെപ്റ്റംബര്‍ ഏഴിന് സന്നിധാനത്തുനിന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണിക്കായി അഴിച്ചുകൊണ്ടുപോയ പാളികള്‍ 21-നാണ് സന്നിധാനത്ത് തിരിച്ചെത്തിച്ചത്.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ശനിയാഴ്ച രാവിലെ സന്നിധാനത്ത് നടക്കും. പന്തളം കൊട്ടാരത്തിലെ കുട്ടികളായ കശ്യപ് വര്‍മ ശബരിമല മേല്‍ശാന്തിയെയും മൈഥിലി കെ.വര്‍മ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും.