അയ്യപ്പ ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുന്നു; ഇതുവരെ എത്തിയത് ആറരലക്ഷം പേര്‍

അയ്യപ്പ ദര്‍ശനത്തിനായി ഇതുവരെ എത്തിയത് ആറരലക്ഷം പേര്‍

Update: 2025-11-24 01:35 GMT

ശബരിമല: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുന്നു. ഇതുവരെ ആറര ലക്ഷം ഭക്തര്‍ ശബരിമലയിലെത്തി. ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69,295 പേര്‍ മലചവിട്ടി. ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.

സ്പോട്ട് ബുക്കിങ് വഴി കൂടുതല്‍ പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്‌പോട്ട്ബുക്കിങ് അനുവദിക്കുന്നത്. വൈകിട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11,516 പേരാണ് സ്പോട്ട് ബുക്കിങ് വഴി ദര്‍ശനത്തിനെത്തിയത്.

ഇന്ന് രാത്രി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News