മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയത് 30.01 ലക്ഷം തീര്‍ത്ഥാടകര്‍; ഇത്തവണ ദര്‍ശനത്തിന് എത്തിയത് കഴിഞ്ഞ വര്‍ഷത്തേക്കാളും കുറച്ച് ഭക്തര്‍

മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയത് 30.01 ലക്ഷം തീര്‍ത്ഥാടകര്‍

Update: 2025-12-27 01:42 GMT

ശബരിമല: ഈ മണ്ഡലകാലത്ത് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയത് 30.01 ലക്ഷം തീര്‍ത്ഥാടകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ രണ്ട് ലക്ഷത്തിലധികം പേരുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ആയപ്പോഴേക്കും 32.49 ലക്ഷം തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനത്തിനെത്തിയത് നവംബര്‍ 19നാണ്. അന്ന് 1,02,299 പേര്‍ ദര്‍ശനം നടത്തി. ഏറ്റവും കുറവ് ഈമാസം 12നും. അന്ന് ആകെ എത്തിയത് 49,738 പേര്‍ മാത്രം.

വെര്‍ച്വല്‍ ക്യൂവിലും സ്‌പോട് ബുക്കിങ്ങിലും കൊണ്ടുവന്ന കര്‍ശന നിയന്ത്രണമാണ് ഇത്തവണ തീര്‍ഥാടകര്‍ കുറയാന്‍ പ്രധാന കാരണം. വെര്‍ച്വല്‍ ക്യു പ്രതിദിനം 70,000 മാത്രമായിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കുചെയ്യാന്‍ നോക്കുമ്പോള്‍ ജനുവരി 10 വരെ ബുക്കിങ് കഴിഞ്ഞതായാണ് കാണിക്കുന്നത്. അതിനു പുറമേ സ്‌പോട് ബുക്കിങ് 5000 മാത്രമാക്കി കുറച്ചു. കഴിഞ്ഞ വര്‍ഷം തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ ദിവസം 50,000 പേര്‍ക്കും മണ്ഡലപൂജ ദിവസം 60,000 പേര്‍ക്കും വെര്‍ച്വല്‍ ക്യൂ അനുവദിച്ചിരുന്നു.

അതേസമയം തങ്കഅങ്കി സന്നിധാനത്ത് എത്തിയ ഇന്നലെ 30,000 പേര്‍ക്കും മണ്ഡലപൂജ ദിവസമായ ഇന്ന് 35,000 പേര്‍ക്കും മാത്രമാണ് വെര്‍ച്വല്‍ ക്യൂ നല്‍കിയത്. മണ്ഡലകാല തീര്‍ഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് രാത്രി 10ന് മേല്‍ശാന്തി അയ്യപ്പ സ്വാമിയെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി നട അടയ്ക്കും. മകരവിളക്കു തീര്‍ഥാടനത്തിനായി പിന്നെ 30ന് വൈകിട്ട് 5ന് തുറക്കും. മകരവിളക്ക് ജനുവരി 14ന്.

Tags:    

Similar News