കനത്ത മഴയെ അവഗണിച്ചും ഭക്തര്‍ ശബരിമലയിലേക്ക്; തൃക്കാര്‍ത്തിക ദിവസമായ ഇന്നലെ ദര്‍ശനം നടത്തിയത് 78,483 തീര്‍ത്ഥാടകര്‍
കനത്ത മഴയെ അവഗണിച്ചും ഭക്തര്‍ ശബരിമലയിലേക്ക്; ഇന്നലെ ദര്‍ശനം നടത്തിയത് 78,483 തീര്‍ത്ഥാടകര്‍
By : സ്വന്തം ലേഖകൻ
Update: 2024-12-14 01:21 GMT
പത്തനംതിട്ട:കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. തുടര്‍ച്ചയായ മൂന്നാം ദിവസവും ശബരിമലയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 75,000 പിന്നിട്ടു. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക ദിവസമായ ഇന്നലെ 78,483 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്.
കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരുടെ സുരക്ഷ ഏകോപിപ്പിക്കാന്‍ സംയുക്ത തല യോഗം ചേര്‍ന്നു. നിലവില്‍ തീര്‍ഥാടകര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. വനമേഖലയില്‍ വഴുക്കല്‍ ഉള്ളതിനാല്‍ കാനന പാത വഴി വരുന്ന ഭക്തര്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദേശമുണ്ട്.