അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ശക്തികുളങ്ങര സ്വദേശി ആറ്റുകാല്‍ മുന്‍ മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരി

അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Update: 2024-10-17 03:07 GMT

സന്നിധാനം: ശബരിമല മേല്‍ശാന്തി ആയി അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാര്‍ നമ്പൂതിരി ആയിരിക്കും. ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയായിരുന്നു.

അതേസമയം മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലത്ത ടി വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയാണ് ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. ശബരിമല ക്ഷേത്രത്തിലേക്കുള്ള മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് ആണ് ശബരിമല മേല്‍ശാന്തിയുടെ നറുക്ക് എടുത്തത്.

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനുശേഷം പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരി വൈഷ്ണവി മാളികപ്പുറത്തെ മേല്‍ശാന്തിയുടെ നറുക്ക് എടുത്തു.15 പേരാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബര്‍ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15നാണ് പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏറ്റെടുക്കുന്നത്.

Tags:    

Similar News