കഴിഞ്ഞ തവണ വന്നവരില്‍ ചിലര്‍ ഇക്കുറി ഇല്ല; ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എത്രയും വേഗം പുനരധിവാസം നല്‍കാന്‍ സര്‍ക്കാരിന് കഴിയട്ടെ എന്ന് പ്രാര്‍ഥന; ഉരുള്‍പൊട്ടലിനെ അതിജീവിച്ച് ചൂരല്‍മലയില്‍ നിന്ന് അവരെത്തി അയ്യനെ കാണാന്‍
ശബരിമല: ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചില്‍ വേര്‍പിരിച്ച ജീവിതങ്ങള്‍ ജ്യോതി ദര്‍ശനത്തിനായി അയ്യപ്പ സന്നിധിയില്‍. ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മകരജ്യോതി ദര്‍ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്.
ഈ മൂന്ന് ഗ്രാമങ്ങളില്‍ നിന്നും 150 ലധികം ഭക്തര്‍ ഓരോ വര്‍ഷവും അയ്യപ്പസന്നിധിയിലെത്താറുണ്ട്. മുണ്ടക്കൈ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് സുബ്രഹ്‌മണ്യന്‍ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവര്‍ എത്താറുളളത്. എന്നാല്‍ മാരിയമ്മന്‍ ക്ഷേത്രവും സുബ്രഹ്‌മണ്യന്‍ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയി. ഒന്നിച്ച് കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്തര്‍ ഇപ്പോള്‍ പലയിടങ്ങളിലായി വാടക വീടുകളിലാണ് താമസം. മേപ്പാടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമന്‍കുട്ടിയുടെ നേതൃത്വത്തില്‍ 50 പേരാണ് ഇക്കുറി മല ചവിട്ടിയത്.
കഴിഞ്ഞ വര്‍ഷം വന്നുപോയ നിരവധി പേര്‍ ഇത്തവണ തങ്ങള്‍ക്കൊപ്പമില്ലെന്ന് ഡ്രൈവറായ എം. സോബിന്‍ വേദനയോടെ പറഞ്ഞു. മുണ്ടക്കൈയില്‍ നിന്ന് സോബിന്‍ മാത്രമാണ് സംഘത്തിലുള്ളത്. അട്ടമലയില്‍ നിന്നും കുറച്ച് പേര്‍ മാത്രമാണുള്ളത്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എത്രയും വേഗം പുനരധിവാസം നല്‍കാന്‍ സര്‍ക്കാരിന് കഴിയട്ടെ എന്ന് മാത്രമാണ് ഇവരുടെ പ്രാര്‍ഥനയും പ്രത്യാശയും.
കുട്ടികളും മുതിര്‍ന്നവരുടമക്കം സംഘത്തില്‍ 48 പേരാണുള്ളത്. ഇതില്‍ അഞ്ച് മാളികപ്പുറങ്ങളും അഞ്ച് കുട്ടികളും 38 പുരുഷന്മാരുമാണുള്ളത്.
സംഘത്തിലുള്ളതില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമായി. പെയിന്റിംഗ്, ടൈല്‍സ് ജോലികള്‍ തുടങ്ങി വിവിധ ജോലികള്‍ ചെയ്യുന്നവരാണിവര്‍. മേപ്പാടിയില്‍ വാടക വീട്ടിലാണ് മിക്കവരും ഇപ്പോള്‍ താമസിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച അദാലത്ത് വഴി ലഭിച്ചു. ഒരു രാത്രിയില്‍ തകര്‍ന്ന ജീവിതം രണ്ടാമതും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണിവര്‍. ഉരുള്‍പൊട്ടലിനെ അതിജീവിച്ച് അയ്യപ്പനെ തൊഴാനെത്തിയ ഇത്തവണ സുഖകരമായ ദര്‍ശനം സാധ്യമായെന്ന് കാക്കവയല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി പ്രജ്വല്‍ എസ് പ്രവീണ്‍ പറഞ്ഞു.