ഇടതുപക്ഷം വലതുപക്ഷവ്യതിയാനങ്ങളെ അതിജീവിയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്: ബിനോയ് വിശ്വം
ദമ്മാം: ഇടതുപക്ഷത്തെ ഇടതുപക്ഷമാക്കുന്ന മൂല്യങ്ങളുടെ തകര്‍ച്ച ഇല്ലാതാക്കാന്‍ ജാഗ്രത പാലിയ്‌ക്കേണ്ടത് എല്ലാ ഇടതുപക്ഷക്കാരുടെയും കടമയാണ് എന്ന് സിപിഐ സംസ്ഥാന സെക്രെട്ടറിയും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. നവയുഗം സാംസ്‌ക്കാരികവേദിയുടെ 2025 ലെ മെമ്പര്‍ഷിപ്പ് വിതരണോത്ഘാടനം നിര്‍വ്വഹിയ്ക്കുന്ന യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വലതുപക്ഷവും ഇടതുപക്ഷവും തമ്മില്‍ യാതൊരു വ്യത്യാസവും എന്ന് വരുത്തി തീര്‍ക്കാന്‍ വ്യാപകമായ നുണപ്രചാരങ്ങള്‍ മാധ്യമങ്ങളിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും നടത്തുകയാണ് ഇടതുപക്ഷവിരോധികള്‍. മാറുന്ന കാലത്തിന്റെ പുഴുക്കുത്തുകള്‍ ചില ഇടതുപക്ഷ പ്രവര്‍ത്തിയ്ക്കുന്നവരെയും ബാധിയ്ക്കാറുണ്ട് എന്നത് ബോധ്യമുണ്ട്. ഇടതുപക്ഷത്തിന് അത്തരം മൂല്യച്യുതികള്‍ സംഭവിയ്ക്കുമ്പോള്‍ എല്ലാം അത്തരം ചോര്‍ച്ചകള്‍ ചൂണ്ടിക്കാണിയ്ക്കുകയും, അതിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്യുക എന്നത് ഒരു യഥാര്‍ത്ഥ ഇടതുപക്ഷ പ്രവര്‍ത്തകന്റെ കടമയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി അധ്യക്ഷനായിരുന്നു. നവയുഗം ജനറല്‍ സെക്രെട്ടറി എം എ വാഹിദ് കാര്യറ സ്വാഗതം പറഞ്ഞു. നവയുഗത്തിന്റെ 2025ലെ മെമ്പര്‍ഷിപ്പ് വിതരണം ബിനോയ് വിശ്വം ഉത്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും, മുന്‍ എം.എല്‍.എയുമായ സത്യന്‍ മൊകേരി, നവയുഗം രക്ഷാധികാരി ഷാജി മതിലകം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിയ്ക്കും യോഗത്തില്‍ നവയുഗത്തിന്റെ വിവിധ മേഖല കമ്മിറ്റികളും ബഹുജന സംഘടനകളെയും പ്രതിനിധീകരിച്ചു ഷിബു കുമാര്‍, മഞ്ജു മണിക്കുട്ടന്‍, പ്രിജി കൊല്ലം, ഉണ്ണി മാധവം, നിസ്സാം കൊല്ലം, ബിജു വര്‍ക്കി, ശരണ്യ ഷിബു, ബിനുകുഞ്ഞു, തമ്പാന്‍ നടരാജന്‍, ഷീബ സാജന്‍, നന്ദകുമാര്‍, റിയാസ്, രാജന്‍ കായംകുളം എന്നിവര്‍ സ്വീകരണം നല്‍കി.